വാക്‌സീന്‍ അടിയന്തര ഉപയോഗത്തിന് അനുമതി നിഷേധിച്ചെന്ന വാര്‍ത്ത തള്ളി ആരോഗ്യ മന്ത്രാലയം
Mail This Article
ന്യൂഡല്‍ഹി ∙ രാജ്യത്ത് കോവിഡ് വാക്‌സീന്റെ അടിയന്തര ഉപയോഗത്തിന് അനുമതി തേടിക്കൊണ്ട് സീറം ഇന്‍സ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെക്കും സമര്‍പ്പിച്ച അപേക്ഷകള്‍ തള്ളിയെന്ന വാര്‍ത്ത വ്യാജമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. മതിയായ രേഖകള്‍ സമര്‍പ്പിക്കാത്തതിനാല്‍ രണ്ടു കമ്പനികളുടെയും അപേക്ഷകള്‍ തള്ളിയെന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ വിദഗ്ധ സമിതിയാണ് അപേക്ഷകള്‍ പരിഗണിച്ചത്. സീറം ഇന്‍സ്റ്റിറ്റ്യൂട്ട്, ഫൈസര്‍, ഭാരത് ബയോടെക്് എന്നീ കമ്പനികളാണ് അപേക്ഷ നല്‍കിയിരുന്നത്.
തിങ്കളാഴ്ചയാണ് ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക്, തദ്ദേശീയമായി നിര്‍മിച്ച ആദ്യ വാക്‌സീന്റെ (കോവാക്‌സിന്‍) അംഗീകാരത്തിനായി അപേക്ഷ സമര്‍പ്പിച്ചത്. കഴിഞ്ഞയാഴ്ച അമേരിക്കന്‍ കമ്പനിയായ ഫൈസറാണ് ആദ്യമായി ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറലിന് അപേക്ഷ സമര്‍പ്പിച്ചത്. തുടര്‍ന്ന് സീറം ഇന്‍സ്റ്റിറ്റ്യൂട്ടും അപേക്ഷിച്ചു.
ലോകത്തെ ഏറ്റവും വലിയ വാക്‌സീന്‍ നിര്‍മാതാക്കളായ സീറം ഇന്‍സ്റ്റിറ്റ്യൂട്ട്, ഓക്‌സ്ഫഡ് സര്‍വകലാശാലയോടും ബ്രിട്ടിഷ് മരുന്നു നിര്‍മാതാക്കളായ അസ്ട്രസെനക്കയോടും ചേര്‍ന്നാണ് ‘കോവിഷീല്‍ഡ്’ വാക്‌സീന്‍ വികസിപ്പിക്കുന്നത്. യുകെയിലും ബ്രസീലിലും നടത്തിയ പരീക്ഷണങ്ങളില്‍ വാക്‌സീന്‍ 90 ശതമാനത്തോളം ഫലപ്രദമാണെന്നു അസ്ട്രസെനക്ക അവകാശപ്പെട്ടിരുന്നു. ഈ വാക്‌സീന്റെ പരീക്ഷണത്തിനെത്തിയ ചെന്നൈയില്‍നിന്നുള്ള സന്നദ്ധ പ്രവര്‍ത്തകന്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉന്നയിച്ചതു വിവാദമായിരുന്നു.
എന്നാല്‍ ഗുരുതരമായ പാര്‍ശ്വഫലങ്ങളൊന്നും ഓക്‌സ്ഫഡ് വാക്‌സീനു കണ്ടെത്തിയിട്ടില്ലെന്നാണ് കമ്പനി വ്യക്തമാക്കിയത്. ഫൈസറും ജര്‍മന്‍ കമ്പനിയായ ബയോണ്‍ടെക്കും വികസിപ്പിച്ച കോവിഡ് വാക്‌സീന്‍ വിതരണത്തിന് കഴിഞ്ഞയാഴ്ച ബ്രിട്ടന്‍ അനുമതി നല്‍കിയിരുന്നു. മുന്നാംഘട്ട പരീക്ഷണത്തില്‍ 95 ശതമാനം ഫലപ്രാപ്തിയാണ് കമ്പനി അവകാശപ്പെടുന്നത്.
മൈനസ് 70 ഡിഗ്രി സെൽഷ്യസില്‍ സൂക്ഷിക്കണമെന്നാണ് ഫൈസര്‍ വാക്‌സീന്റെ ഏറ്റവും വലിയ വെല്ലുവളി. ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്റെ ഒറ്റഡോസ് സ്വീകരിച്ച ഹരിയാന ആരോഗ്യമന്ത്രി അനില്‍ വിജ്ജിന് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചതും വാര്‍ത്തയായിരുന്നു. എന്നാല്‍ ഒരാള്‍ 28 ദിവസത്തിനുള്ളില്‍ രണ്ടു ഡോസ് സ്വീകരിച്ചാല്‍ മാത്രമേ പൂര്‍ണ ഫലപ്രാപ്തി ലഭിക്കുകയുള്ളുവെന്നു കമ്പനി വിശദീകരിച്ചു.
Content Highlights: Covid, Covid Vaccine, Health Ministry