ശാഖയെ അരുൺ കൊന്നത് കൈകൊണ്ട് മുഖം അമർത്തി; മുറിയിലും പുതപ്പിലും ചോരപ്പാട്

Mail This Article
തിരുവനന്തപുരം ∙ കാരക്കോണം സ്വദേശി ശാഖാകുമാരിയെ (51) ഭർത്താവ് അരുൺ (28) കിടപ്പു മുറിയിൽ വച്ച് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയശേഷം ഹാളിലേക്കു കൊണ്ടുവന്നു ഷോക്കേൽപ്പിച്ചതായി പൊലീസ് നിഗമനം. ശാഖയുടെ സ്വത്ത് തട്ടിയെടുക്കാനാണ് കൈ കൊണ്ട് മുഖം അമർത്തി കൊലപ്പെടുത്തിയതെന്നാണ് ചോദ്യം ചെയ്യലിൽ പൊലിസിനു വ്യക്തമായത്. അരുൺ കുറ്റസമ്മതം നടത്തിയെന്നു പറയുന്ന പൊലീസ് അറസ്റ്റു രേഖപ്പെടുത്തിയിട്ടില്ല.
പോസ്റ്റുമോർട്ടം റിപ്പോർട്ടും ഫൊറൻസിക് റിപ്പോർട്ടുകളും ലഭിച്ചശേഷം മറ്റു വിവരങ്ങൾ വെളിപ്പെടുത്താമെന്നു പൊലീസ് പറയുന്നു. കിടപ്പുമുറിയിലും ബെഡ്ഷീറ്റിലും രക്തത്തിന്റെ പാടുകൾ ഉണ്ടായിരുന്നതായി ഫൊറൻസിക് പരിശോധനയിൽ കണ്ടെത്തി. ശനിയാഴ്ച പുലർച്ചെയാണ് ശാഖാകുമാരിയെ ഷോക്കേറ്റ നിലയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ക്രിസ്മസ് വിളക്കിൽനിന്ന് ഷോക്കേറ്റെന്നാണു ഭർത്താവ് അരുൺ വ്യക്തമാക്കിയത്. ഡോക്ടർമാർ സംശയം പ്രകടിപ്പിച്ചതോടെ പൊലീസ് അരുണിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. നെയ്യാറ്റിൻകരയിൽ ബ്യൂട്ടിപാർലർ നടത്തിയിരുന്ന ശാഖ രണ്ടു വർഷം മുൻപാണ് അരുണുമായി പരിചയത്തിലാകുന്നത്. രണ്ടു മാസം മുൻപായിരുന്നു വിവാഹം. പ്രായക്കൂടുതലുള്ള ശാഖയുമായുള്ള വിവാഹ ഫോട്ടോകൾ പുറത്തുവന്നത് അരുണിനെ പ്രകോപിപ്പിച്ചിരുന്നു.
വിവാഹത്തിന്റെ കാര്യം അരുണിന്റെ വീട്ടുകാർക്ക് അറിയില്ലായിരുന്നു. വിവാഹചടങ്ങിൽ അധികം ആളുകൾ അരുണിന്റെ ഭാഗത്ത് ഉണ്ടായിരുന്നില്ല. പ്രായക്കൂടുതലുള്ള സ്ത്രീയെ വിവാഹം കഴിച്ചതിന്റെ പേരിൽ കൂട്ടുകാർ കളിയാക്കിയതും സ്വത്തിനു വേണ്ടിയുള്ള തർക്കവുമെല്ലാം ബന്ധം വഷളാക്കി. ഭർത്താവിന്റെ സ്വഭാവം നന്നാവാൻ ശാഖ എടുത്ത വ്രതം അവസാനിക്കുന്ന ദിവസമായിരുന്നു കൊലപാതകം.
ക്രിസ്മസ് ലൈറ്റുകൾക്കെന്ന പേരിലാണ് മീറ്റർ ബോർഡിൽനിന്ന് അരുൺ നേരിട്ട് വൈദ്യുതി എടുത്തത്. കൂടുതൽ ഷോക്കേൽക്കാനാണ് മീറ്റർ ബോർഡിൽനിന്ന് വൈദ്യുതി എടുത്തതെന്നു ശാഖയുടെ ബന്ധുക്കൾ ആരോപിക്കുന്നു. നേരത്തെ ഒരുവട്ടം അരുൺ ശാഖയെ ഷോക്കേൽപ്പിക്കാൻ ശ്രമിച്ചത് അയൽക്കാർക്ക് അറിയാമായിരുന്നു. അതിനാലാണ് മരണത്തിൽ ദുരൂഹതയുണ്ടെന്നു നാട്ടുകാർ പൊലീസിനെ അറിയിച്ചത്.
Content Highlight: Shakha Kumari Murder, Arun, Kerala Police