സ്പ്രിൻക്ലർ: പുതിയ സമിതി അധ്യക്ഷൻ ആവശ്യപ്പെട്ടത് പ്രതിമാസം 75,000 രൂപ

Mail This Article
തിരുവനന്തപുരം∙ സ്പ്രിൻക്ലർ കരാർ പരിശോധിച്ച മാധവൻ നമ്പ്യാർ കമ്മിറ്റിയുടെ റിപ്പോർട്ട് അട്ടിമറിക്കാൻ നിയോഗിക്കപ്പെട്ട പുതിയ മൂന്നംഗ സമിതിയുടെ അധ്യക്ഷൻ ആവശ്യപ്പെട്ടത് പ്രതിമാസം 75,000 രൂപയുടെ ഓണറേറിയം. ആദ്യ കമ്മിറ്റിയിലെ അംഗങ്ങളായ മുൻ വ്യോമയാന സെക്രട്ടറി എം. മാധവൻ നമ്പ്യാർ, സൈബർ സുരക്ഷാ വിദഗ്ധൻ ഡോ.ഗുൽഷൻ റായി എന്നിവർക്ക് ഒരു പ്രതിഫലവും നൽകാതിരിക്കെയാണ് പുതിയ സമിതിയുടെ ആവശ്യങ്ങൾ.
മുൻ നിയമസെക്രട്ടറിയും റിട്ടയഡ് ജില്ലാ ജഡ്ജിയുമായ കെ.ശശിധരൻ നായരാണ് സമിതിയുടെ ആദ്യ യോഗത്തിനു ശേഷം ഡിസംബർ 12ന് പൊതുഭരണവകുപ്പിന് കത്തയച്ചത്. സമിതി അംഗങ്ങൾക്കു പുറമേ കൺസൽറ്റന്റ് ആയി നിയമവകുപ്പിൽ നിന്ന് വിരമിച്ച ഒരു അഡീഷനൽ സെക്രട്ടറിയുടെ സേവനം കൂടി വേണമെന്ന് ശശിധരൻ നായർ ആവശ്യപ്പെട്ടിട്ടുണ്ട്.
നിയമ പരിഷ്ക്കരണ കമ്മിഷൻ വൈസ് ചെയർമാൻ എന്ന നിലയ്ക്കുള്ള വേതനം മാത്രമേ തനിക്കുള്ളുവെന്നും അതിനാൽ കമ്മിറ്റി അധ്യക്ഷനാകാൻ 75,000 രൂപ അനുവദിക്കണമെന്നുമാണ് ആവശ്യം. ഇതിനു പുറമേ മറ്റൊരു അംഗവും കോളജ് ഓഫ് എൻജിനീയറിങ് (സിഇടി) പ്രഫസറുമായ ഡോ.സുമേഷ് ദിവാകരന് ഓരോ സിറ്റിങ്ങിനും 3,000 രൂപ വീതം അനുവദിക്കണം. മൂന്നാമത്തെ അംഗവും ജെഎൻടിയുഎച്ച് കോളജ് ഓഫ് എൻജിനീയറിങ് റിട്ട. പ്രഫസർ ഡോ.എ. വിനയബാബു ജോലിയുടെ വ്യാപ്തി മനസ്സാക്കിയ ശേഷം ഓണറേറിയം തീരുമാനിക്കൂ എന്നും കത്തിൽ പറയുന്നു.

റിപ്പോർട്ട് തയാറാക്കുന്നതിനായി നിയമപരിഷ്കാര കമ്മിഷൻ ഓഫിസിലെ ഡേറ്റ എൻട്രി ഓപ്പറേറ്റർ, ഓഫിസ് അറ്റൻഡന്റ് എന്നിവരെ ആവശ്യമാണെന്നും ഇതിനായി യഥാക്രമം 7,500 രൂപ, 6,000 രൂപ എന്നിങ്ങനെ നൽകണമെന്നാണ് മറ്റൊരു ആവശ്യം. മുൻ സമിതിയുടെ ഓണറേറിയം പ്രധാനമന്ത്രിയുടെ ഓഫിസിന്റെ ചീഫ് ഇൻഫർമേഷൻ സെക്യൂരിറ്റി ഓഫിസറായിരുന്ന ഡോ. ഗുൽഷൻ റായ് രാജ്യത്തെ സൈബർ നിയമങ്ങൾ രൂപീകരിച്ചതിൽ മുഖ്യ പങ്കു വഹിച്ചയാളാണ്. അദ്ദേഹം ഉൾപ്പെടെ തയാറാക്കിയ ആദ്യ റിപ്പോർട്ട് പരിശോധിക്കാനാണ് നവംബറിൽ റിട്ട. ജഡ്ജിയും 2 കോളജ് അധ്യാപകരും ഉൾപ്പെട്ട സമിതിയെ സർക്കാർ നിയോഗിച്ചത്.
മാധവൻ നമ്പ്യാർ സമിതിയുടെ ശുപാർശകൾ
സ്പ്രിൻക്ലർ കരാർ സംബന്ധിച്ച് ആദ്യ സമിതി മുന്നോട്ട് വച്ച നിർദേശങ്ങൾ ഇവ
∙ സ്പ്രിൻക്ലർ ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ടിരിക്കുന്നതുപോലെ അതത് വകുപ്പുകളായിരിക്കണം പദ്ധതികൾ നടപ്പാക്കേണ്ടത്. ഐടി വകുപ്പും സി–ഡിറ്റും അവരെ സഹായിച്ചാൽ മതിയാകും.
∙ സ്പ്രിൻക്ലറിനു സമാനമായ കമ്പനികളിൽ നിന്നു പദ്ധതിനിർദേശം വന്നാൽ വിലയിരുത്താനുള്ള സാങ്കേതികവൈദഗ്ധ്യം ഐടി വകുപ്പിനുണ്ടാക്കിയെടുക്കണം.
∙ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ എടുക്കണം.
∙ സൈബർ സുരക്ഷ ഉറപ്പാക്കാനായി കമ്പനികളെ എംപാനൽ ചെയ്യണം
∙ സാങ്കേതികസഹായത്തിനു കേന്ദ്ര സർക്കാരിനു കീഴിലുള്ള എസ്ടിക്യുസി, സെർട്ട്–ഇൻ, നാഷനൽ ഇൻഫർമേഷൻ ഇൻഫ്രാസ്ട്രക്ച്ചർ പ്രൊട്ടക്ഷൻ സെന്റർ (എൻസിഐഐപിസി) എന്നീ ഏജൻസികളുമായി ധാരണാപത്രം ഒപ്പിടണം.
English Summary : New panel to probe Sprinklr case demand Rs 75,000 as honorarium