കരിപ്പൂര്‍ വിമാനാപകടത്തിന്റെ കാരണമെന്ത്; റിപ്പോര്‍ട്ട് സമർപ്പിക്കാതെ വിദഗ്ധ സമിതി

Mail This Article
മലപ്പുറം ∙ കരിപ്പൂര്‍ വിമാനാപകടത്തിന്റെ കാരണം കണ്ടെത്താന്‍ വ്യോമയാന മന്ത്രാലയം നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് അനിശ്ചിതമായി നീളുന്നു. കഴിഞ്ഞ ഓഗസ്റ്റ് ഏഴിനുണ്ടായ വിമാനാപകടത്തിന്റെ കാരണം കണ്ടെത്താനും നിര്‍ദേശങ്ങള്‍ നല്‍കാനുമാണു വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയത്. മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് കൈമാറാനായിരുന്നു ആദ്യ നിര്‍ദേശം. പിന്നീട് രണ്ടു മാസം കൂടി അധികമായി അനുവദിച്ചെങ്കിലും അനിശ്ചിതത്വം തുടരുകയാണ്. എയര്‍ക്രാഫ്റ്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയും അപകടത്തിനു പിന്നാലെ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.
ഡിജിസിഎ പരസ്യമായി അഭിപ്രായം പറയുന്നില്ലെങ്കില്‍ പോലും കരിപ്പൂരില്‍നിന്നു വലിയ വിമാനങ്ങള്‍ക്ക് അനുമതി നല്കുന്നതിനടക്കമുള്ള പ്രധാന തീരുമാനങ്ങള്‍ എടുക്കുന്നതിനു തടസ്സമാകുന്നത് റിപ്പോര്‍ട്ട് ലഭിക്കാത്തതു കൊണ്ടാണെന്നാണു സൂചന. വിമാനാപകടത്തിനു പിന്നാലെ ഒൗദ്യോഗിക ഉത്തരവുകള്‍ ഒന്നുമിറക്കാതെ കരിപ്പൂരില്‍നിന്നുള്ള വലിയ വിമാനങ്ങളുടെ സര്‍വീസ് നിര്‍ത്തി വയ്ക്കുകയായിരുന്നു. ഇതു കരിപ്പൂരില്‍ നിന്നുള്ള കാര്‍ഗോ കയറ്റുമതിയെയും ദോഷകരമായി ബാധിച്ചു. 2015ല്‍ റണ്‍വേ നവീകരണത്തിനു പിന്നാലെ നിര്‍ത്തിയ വലിയ വിമാനങ്ങളുടെ സര്‍വീസ് വര്‍ഷങ്ങള്‍ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവിലാണ് അന്നു പുനഃരാരംഭിക്കാനായത്.
English Summary: Expert committee report on Karipur plane crash delayed