തൊപ്പിയും ഗൗണും വേണ്ട; കോവിഡിൽ ‘കസവിൽ’ തിളങ്ങി വിദ്യാർഥികൾ

Mail This Article
തൃശൂർ ∙ ആരോഗ്യ സർവകലാശാലയിലെ വിദ്യാർഥികൾ ബിരുദം സ്വീകരിച്ചത് കേരളീയ ശൈലിയിൽ വസ്ത്രങ്ങളണിഞ്ഞ്. അതിനു നന്ദി പറയേണ്ടത് കോവിഡിന്!! പരമ്പരാഗതമായി ഉപയോഗിച്ച് വരുന്ന കറുത്ത തൊപ്പിയും ഗൗണും ഉപേക്ഷിച്ച് ഇന്നലെ കേരളത്തിന്റെ തനത് ശൈലിയിലുള്ള വസ്ത്രധാരണത്തിലായിരുന്നു വിദ്യാർഥികൾ എത്തിയത്. കാലങ്ങളായി ചെന്നൈയിൽ നിന്നോ ബെംഗളൂരുവിൽ നിന്നോ കരാരുകാർ എത്തിക്കുന്ന തൊപ്പിയും ഗൗണും ധരിച്ചാണ് വിദ്യാർഥികൾ ബിരുദം സ്വീകരിക്കാൻ എത്തിയിരുന്നത്. ഈ വസ്ത്രത്തിന് 250 രൂപയാണ് കമ്പനികൾ വാടക ഈടാക്കിയിരുന്നത്. കോവിഡ് പശ്ചാത്തലത്തിൽ ഇത്തരം വസ്ത്രങ്ങളുടെ ശുചിത്വം ഉറപ്പാക്കുന്നതിന് കഴിയില്ല എന്നു വന്നതോടെയാണ് കേരളീയ വസ്ത്രം തന്നെ മതി എന്ന തീരുമാനത്തിലേക്കെത്തുന്നത്.
പെൺകുട്ടികൾ കസവു സാരിയും ബ്ലൗസും ആൺകുട്ടികൾ കസവ് മുണ്ടും വെളുത്ത ജുബ്ബയും. സർവകലാശാല ജീവനക്കാരും സമാന വേഷത്തിൽ ആയിരുന്നു. മുഖ്യാതിഥിയായ ഗവർണറും കേരളീയ വസ്ത്രമാണു ധരിച്ചത്. ബിരുദം സ്വീകരിക്കാനെത്തുന്ന എല്ലാ വിദ്യാർഥികൾക്കും ഓരോ കുത്താമ്പുള്ളി കസവ് വേഷ്ടിയും സർവകലാശാല സമ്മാനിച്ചു. ആരോഗ്യ ഭീഷണി ഇല്ലാതെ വസ്ത്രം എന്ന തീരുമാനത്തിന് കഴിഞ്ഞ ദിവസം തന്നെ ഗവർണറുടെ അംഗീകാരം വാങ്ങുകയായിരുന്നു. വരും കാലങ്ങളിൽ ഇതേ ശൈലി തന്നെ പിന്തുടരാനാണ് തീരുമാനമെന്നും വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ അറിയിച്ചു.
ബിരുദദാനത്തിന് കറുത്ത ഗൗണും തൊപ്പിയും പത്താം നൂറ്റാണ്ടിൽ അറേബ്യയിലെ ബാഗ്ദാദിലാണ് ആദ്യം ഉപയോഗിച്ചു തുടങ്ങിയത്. അവിടുത്തെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ വസ്ത്രം എന്ന പ്രത്യേകത മാത്രമാണ് ഇതിനുള്ളത്. തുടർന്ന് 12ാം നൂറ്റാണ്ടിൽ യൂറോപ്യൻ രാജ്യങ്ങൾ ഇൗ വേഷം കടമെടുത്തു. ആദ്യം വെളുത്ത നിറമാണ് അവിടെ ഉപയോഗിച്ചിരുന്നത്. പിന്നീട് കറുപ്പിലേക്കു മാറി. ഇംഗ്ലിഷുകാർ ഇന്ത്യയിലെത്തിയപ്പോൾ ഇൗ വേഷവും ഒപ്പം കൂട്ടി. ഇംഗ്ലീഷുകാരനിൽനിന്ന് കടം കൊണ്ട് വർഷങ്ങളായി ശീലിച്ചു പോന്ന ഒരു വസ്ത്രധാരണ രീതിയിൽ നിന്നാണ് ഇന്നലെ ആരോഗ്യ സർവകലാശാല മലയാളിയുടെ സ്വന്തം വേഷത്തിലേക്ക് ചുവട് മാറിയത്.

കേരളീയ വസ്ത്രത്തിൽ ബിദുദദാന ചടങ്ങിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ വിദ്യാർഥികൾക്ക് ചെറുതല്ല ആവേശം. സർവകലാശാലയുടെ തീരുമാനത്തെ സന്തോഷത്തോടെയാണ് കുട്ടികൾ വരവേറ്റത്. വരും കാലങ്ങളിലും കേരളീയ വസ്ത്രം ആയിരിക്കും ഉപയോഗിക്കുക എന്നതിലും കുട്ടികൾ സന്തോഷം രേഖപ്പെടുത്തി.
English Summary : Kerala University of Health Science graduates wear Kerala style attire on convocation day