ADVERTISEMENT

തിരുവനന്തപുരം∙ മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയും വിവിധ സംസ്ഥാനങ്ങളിലെ ഗവർണറുമായിരുന്ന കെ.ശങ്കരനാരായണൻ (89) അന്തരിച്ചു. ഞായറാഴ്ച രാത്രി 8.55 ന് പാലക്കാട് ശേഖരീപുരം കാവ് സ്ട്രീറ്റിൽ ‘അനുരാധ’യിൽ ആയിരുന്നു അന്ത്യം. പക്ഷാഘാതത്തെത്തുടർന്ന് ഒന്നര വർഷത്തിലേറെയായി ചികിത്സയിലായിരുന്നു. സംസ്കാരം തിങ്കളാഴ്ച വൈകിട്ട് 5.30ന് അമ്മയുടെ തറവാടായ ചെറുതുരുത്തി പൈങ്കുളത്ത് കരീക്കൽ വീട്ടിൽ. ഉച്ചയ്ക്കു രണ്ടുമണിവരെ മൃതദേഹം പാലക്കാട്ടെ വസതിയിൽ പൊതുദർശനത്തിനു വയ്ക്കും. 2.30 മുതൽ 3.30 വരെ പാലക്കാട് ഡിസിസി ഓഫിസിൽ പൊതുദർശനം. 

മരണസമയത്ത് മകളും മരുമകനും പേരക്കുട്ടികളും വി.കെ.ശ്രീകണ്ഠൻ എംപിയും ഒപ്പമുണ്ടായിരുന്നു. ഉച്ചവരെ ആരോഗ്യസ്ഥിതിയിൽ കാര്യമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. ഉച്ചയ്ക്കുശേഷം ഛർദിച്ചതോടെ സ്ഥിതി വഷളായി. തുടർന്ന് ഡോക്ടർ എത്തി ചികിത്സ നൽകി. വൈകിട്ടോടെ സ്ഥിതി കൂടുതൽ വഷളാവുകയായിരുന്നു. രാത്രിയോടെ മരണം സ്ഥിരീകരിച്ചു.

k-sankaranarayanan-k-sudhakaran
കെ.ശങ്കരനാരായണനും കെ.സുധാകരനും

കോൺഗ്രസ് രാഷ്ട്രീയത്തിലെ വിവിധ തലമുറകളിലുള്ളവരുടെ ഗുരുനാഥനായ ഇദ്ദേഹം കോൺഗ്രസിലെ മികച്ച പ്രാസംഗികരിലൊരാളായിരുന്നു. നാഗാലൻഡ്, ജാർഖണ്ഡ്, മഹാരാഷ്ട്ര, അസം, അരുണാചൽപ്രദേശ്, ഗോവ സംസ്‌ഥാനങ്ങളിൽ ഗവർണറായി സേവനമനുഷ്ഠിച്ചു. ആറു സംസ്ഥാനങ്ങളില്‍ ഗവര്‍ണറായ ഏക മലയാളിയാണ്.

കേരളത്തിൽ വിവിധ മന്ത്രിസഭകളിലായി കൃഷി, ധനം, എക്‌സൈസ് തുടങ്ങിയ വകുപ്പുകളിൽ മന്ത്രിയായി. തൃത്താല, ശ്രീകൃഷ്‌ണപുരം, ഒറ്റപ്പാലം, പാലക്കാട് മണ്ഡലങ്ങളിൽ നിന്ന് നിയമസഭയിലെത്തി. 1986 മുതൽ 2001 വരെയുള്ള ദീർഘകാലയളവിൽ യുഡിഎഫ് കൺവീനറായിരുന്നു. സംഘടനാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായും പ്രവർത്തിച്ചു.

കെ.ശങ്കരനാരായണൻ
കെ.ശങ്കരനാരായണൻ

ഷൊർണൂർ അണിയത്ത് ശങ്കരൻ നായരുടേയും ലക്ഷമിയമ്മയുടേയും മകനായി 1932 ഒക്ടോബർ 15–നാണ് ജനനം. വിദ്യാഭ്യാസ കാലത്ത് തന്നെ രാഷ്ട്രീയത്തിലെത്തി. കോൺഗ്രസിൽ പടിപടിയായി ഉയർന്നു. ഷൊർണൂരിൽ കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിയായി തുടക്കം. പട്ടാമ്പി നിയോജകമണ്ഡലം സെക്രട്ടറിയും തുടർന്ന് പാലക്കാട് ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ അദ്ദേഹം 1964–ൽ പാലക്കാട് ഡിസിസി പ്രസിഡന്റായി. കമ്യൂണിസ്റ്റ് പാർട്ടിക്ക് ശക്തമായ അടിത്തറയുള്ള ജില്ലയിൽ കോൺഗ്രസ് വേരോട്ടത്തിനായി ശങ്കരനാരായണൻ അക്ഷീണം യത്നിച്ചു.

1968ൽ 36–ാം വയസ്സിൽ കെപിസിസി ജനറൽ സെക്രട്ടറി പദത്തിലെത്തി. കോൺഗ്രസ് പിളർന്നപ്പോൾ സംഘടനാ കോൺഗ്രസിനൊപ്പം നിലകൊണ്ടു. അശോക് മേത്ത പ്രസിഡന്റായിരിക്കുമ്പോൾ അതുല്യഘോഷ്, എസ്.കെ.പാട്ടീൽ, കാമരാജ് എന്നിവരോടൊപ്പംസംഘടനാ കോൺഗ്രസിന്റെ പ്രവർത്തകസമിതിയംഗമായി. അടിയന്തരാവസ്ഥയ്ക്കെതിരെ ശക്തമായ നിലപാടെടുത്തു. അടിയന്തരാവസ്ഥക്കാലത്തു സംഘടനാ കോൺഗ്രസിന്റെ സംസ്ഥാനപ്രസിഡന്റായിരുന്ന (1971– 76) ശങ്കരനാരായണൻ അറസ്റ്റിലായി. പൂജപ്പുര ജയിലിൽ തടവുശിക്ഷ അനുഭവിച്ചു. മാപ്പെഴുതി കൊടുക്കാൻ അദ്ദേഹം തയ്യാറായില്ല. അന്ന് കെ.കരുണാകരനായിരുന്നു ആഭ്യന്തരമന്ത്രി. തന്റെ മാനസഗുരു കൂടിയായിരുന്ന കാമരാജിന്റെ സംസ്കാരചടങ്ങിന് ജയിലിൽ നിന്നാണ് ശങ്കരനാരായണൻ പോയത്.

1976-ൽ ശങ്കരനാരായണന്റെ നേതൃത്വത്തിലുള്ള സംഘടനാ കോൺഗ്രസ്, കോൺഗ്രസിൽ ലയിച്ചു. 1977–ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃത്താലയിൽ നിന്ന് വിജയിച്ചു. കരുണാകരൻ മന്ത്രിസഭയിൽ കൃഷി വകുപ്പു മന്ത്രിയായി. 16ദിവസം മാത്രമേ സ്ഥാനത്ത് തുടർന്നുള്ളു (11.4.77 മുതൽ 27.4.77 വരെ) രാജൻകേസിനെത്തുടർന്ന് കരുണാകരൻ മന്ത്രിസഭ രാജിവെച്ചു. തുടർന്ന് എ.കെ. ആന്റണി മന്ത്രിസഭയിലും കൃഷിമന്ത്രിയായി (27.4.77 മുതൽ 29.10.78 വരെ). 2001–ൽ പാലക്കാട് മണ്ഡലത്തിൽ നിന്ന് വിജയിച്ച് എ.കെ. ആന്റണി മന്ത്രിസഭയിൽ ധനകാര്യം, എക്സൈസ് വകുപ്പുകൾ കൈകാര്യം ചെയ്തു.

k-sankaranarayanan-pinarayi-vijayan
തൃശൂർ തേക്കിൻകാട് മൈതാനിയിൽ സി.കെ.മേനോൻ അനുസ്മരണ സമിതി സംഘടിപ്പിച്ച സി.കെ മേനോൻ അനുസ്മരണ സമ്മേളന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയനും മുൻ മഹാരാഷ്‍ട്ര ഗവർണർ കെ.ശങ്കരനാരായണനും.

2007ൽ നാഗലാൻഡ് ഗവർണറായി നിയമിതനായി. 2009ൽ ജാർഖണ്ഡിലും 2010ൽ മഹാരാഷ്ട്രയിലും മാറ്റി നിയമിക്കപ്പെട്ടു. കാലാവധി തികച്ച ശേഷം 2012ൽ മഹാരാഷ്ട്രയിൽ രണ്ടാമതും നിയമിക്കപ്പെട്ടു. 2014–ൽ മിസോറമിലേക്ക് മാറ്റപ്പെട്ടതിന് പിന്നാലെ സ്ഥാനം രാജിവച്ചു. പരേതയായ രാധയാണ് ഭാര്യ. മകൾ: അനുപമ. മരുമകൻ: അജിത് ഭാസ്കർ (ബിസിനസ്, കൊച്ചി). പേരക്കുട്ടികൾ: താര അജിത്, പാർവതി അജിത്.

∙ ഗവര്‍ണറുടെ അനുശോചനം

കെ ശങ്കരനാരായണന്റെ നിര്യാണത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുശോചിച്ചു.  ജനനേതാവ്, മന്ത്രി, മൂന്നു സംസ്ഥാനങ്ങളിലെ  ഗവര്‍ണര്‍ എന്നീ നിലകളിലെ അദ്ദേഹത്തിന്റെ സേവനത്തില്‍ ഭരണമികവും ദൃഢമായ സാമൂഹിക പ്രതിബദ്ധതയും എന്നും പ്രതിഫലിച്ചിരുന്നു. ഈ വിയോഗം രാജ്യത്തിനും സംസ്ഥാനത്തിനും നഷ്ടമാണെന്ന് ഗവര്‍ണര്‍ ട്വിറ്ററിൽ കുറിച്ചു.

മുഖ്യമന്ത്രിയുടെ അനുശോചനം

കോൺഗ്രസിലെ മൂല്യാധിഷ്ഠിത രാഷ്ട്രീയ പ്രവർത്തനത്തിന്റെ മുഖമായിരുന്നു കെ.ശങ്കരനാരായണനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. വിദ്വേഷത്തിന്റെയോ മറ്റ് ഏതെങ്കിലും വിഭാഗീയ പരിഗണനയുടെയോ അകമ്പടിയില്ലാതെ പൊതുപ്രശ്നങ്ങളെ നോക്കിക്കാണുകയും നെഹ്‌റൂവിയൻ കാഴ്ചപ്പാട് മതനിരപേക്ഷതയിലടക്കം ഉയർത്തിപിടിക്കുകയും ചെയ്ത പാരമ്പര്യമാണ് അദ്ദേഹത്തിന്റേത്.

ദീർഘകാലം യുഡിഎഫ് കൺവീനർ എന്ന നിലയിൽ പ്രവർത്തിക്കുമ്പോഴും ജനകീയ പ്രശ്നങ്ങളിലും നാടിന്റെ വികസന പ്രശ്നങ്ങളിലും നിഷേധാത്മകമായ നിലപാട് സ്വീകരിക്കാൻ അദ്ദേഹം തയാറായിരുന്നില്ല. അന്ധമായ രാഷ്ട്രീയ ശത്രുതയുടെ സമീപനമല്ല, പൊതുപ്രവർത്തകരും രാഷ്ട്രീയ പ്രസ്ഥാനങ്ങളും ജനങ്ങൾക്കു വേണ്ടി നിൽക്കണം എന്ന വിശാലമായ കാഴ്ചപ്പാടാണ് അദ്ദേഹം എന്നും  മുറുകെപ്പിടിച്ചത്.  

ഗവർണർ എന്ന നിലയിലും സംസ്ഥാനത്തെ മന്ത്രി എന്ന നിലയിലും നിയമസഭാ സാമാജികൻ എന്ന നിലയിലും ജനോപകാരപ്രദമായതും അധികാരപ്രമത്തത ബാധിക്കാത്തതുമായ നിലപാടുകളാണ് അദ്ദേഹം എന്നും സ്വീകരിച്ചത്. ശങ്കരനാരായണന്റെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. സന്തപ്ത കുടുംബാംഗങ്ങളെയും സഹപ്രവർത്തകരെയും അനുശോചനം അറിയിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

കെപിസിസി പ്രസിഡന്റിന്റെ അനുശോചനം

കേരള രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്‍റെ നിറസാന്നിധ്യമായിരുന്നു അദ്ദേഹം. ദീര്‍ഘനാളത്തെ വ്യക്തിബന്ധമാണ് എനിക്ക് അദ്ദേഹവുമായി ഉണ്ടായിരുന്നത്. വിദ്യാര്‍ഥി പ്രസ്ഥാനകാലം മുതല്‍  തുടങ്ങിയ ആത്മബന്ധമാണത്.അസുഖബാധിതനായിരുന്ന കാലത്ത് അദ്ദേഹത്തെ ഞാന്‍  രണ്ടുതവണ സന്ദര്‍ശിച്ചിരുന്നു. നിഷ്കളങ്കമായ മനസിനുടമയായിരുന്നു അദ്ദേഹം. അവശതകളിലും നര്‍മ്മരസത്തോടെ  തമാശപ്പറഞ്ഞ് ‍‍‍അദ്ദേഹം ഞങ്ങളെ ചിരിപ്പിച്ചത് വേദനയോടെ ഇൗ അവസരത്തില്‍ ഓര്‍മ്മിക്കുന്നു.

യുവജനപ്രസ്ഥാനത്തിന്‍റെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്ന കാലത്ത് എനിക്ക് അദ്ദേഹത്തോടൊപ്പം കേരളത്തില്‍ അങ്ങോളമിങ്ങോളം ഒരുമിച്ചു സഞ്ചരിക്കാന്‍ ഭാഗ്യം ലഭിച്ചിട്ടുണ്ട്. മികച്ച ഭരണാധികാരിയായിരുന്നു അദ്ദേഹം. ഭരണനിര്‍വഹണ രംഗത്ത് അദ്ദേഹം തന്‍റെ കഴിവു തെളിയിച്ചു. അതിനു ലഭിച്ച അംഗീകാരം ആയിരുന്നു അദ്ദേഹത്തിനു ലഭിച്ച ഗവര്‍ണര്‍ പദവി. മന്ത്രി എന്നനിലയിലും ജനപ്രതിനിധിയെന്ന നിലയിലും മാതൃകാപരമായ പ്രവര്‍ത്തനമാണ് ശങ്കരനാരായണന്‍ കാഴ്ചവച്ചത്.

ധാര്‍മിക മൂല്യങ്ങള്‍ ഉയര്‍ത്തിപിടിച്ച നേതാവായിരുന്നു അദ്ദേഹം. അഭിപ്രായങ്ങള്‍ തന്‍റേടത്തോടെ ആരുടെ മുന്നിലും തുറന്നു പറയുന്ന വ്യക്തിത്വത്തിന് ഉടമ. സംഘടനാ ചട്ടക്കൂടില്‍നിന്ന് പ്രവര്‍ത്തിച്ച നേതാവാണ് അദ്ദേഹം. എല്ലാവരെയും  ഒരുപോലെ സ്നേഹിച്ച നേതാവ്. വെറുപ്പിന്‍റെയും വിദ്വേഷത്തിന്‍റെയും രാഷ്ട്രീയ ശെെലിയായിരുന്നില്ല അദ്ദേഹത്തിന്‍റെത്. കാപട്യത്തിന്‍റെയും കളങ്കത്തിന്‍റെയും ചെറിയ കണികപോലും അദ്ദേഹത്തിന്‍റെ രാഷ്ട്രീയ ജീവിതത്തില്‍ ദര്‍ശിക്കാന്‍ കഴിയില്ല. കെ.ശങ്കരനാരായണന്‍റെ വിയോഗം കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് നികത്താന്‍ കഴിയാത്ത നഷ്ടമാണെന്നും സുധാകരന്‍ പറഞ്ഞു.

Englsih Summary: Veteran Congress Leader K. Sankaranarayanan passed away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com