അടിവസ്ത്രം അഴിച്ച് പരിശോധന അനുവദനീയമല്ല; പരാതി ലഭിച്ചിട്ടില്ല: വിവാദത്തിൽ എൻടിഎ
![1248-neet-kollam 1248-neet-kollam](https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2022/7/19/1248-neet-kollam.jpg?w=1120&h=583)
Mail This Article
ന്യൂഡൽഹി∙ കൊല്ലം ആയൂരിൽ നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാർഥിനിയുടെ അടിവസ്ത്രം ഹുക്ക് ഉണ്ടെന്ന പേരിൽ അഴിപ്പിച്ചു മാറ്റിയശേഷം പരീക്ഷ എഴുതിപ്പിച്ച സംഭവത്തിൽ രേഖാമൂലം പരാതി ലഭിച്ചിട്ടില്ലെന്നു നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി(എന്‍ടിഎ). പരീക്ഷ സമയത്തോ ശേഷമോ പരാതി ലഭിച്ചില്ലെന്നാണ് എന്‍ടിഎയുടെ വിശദീകരണം. അടിവസ്ത്രം അഴിച്ചുള്ള പരിശോധന അനുവദനീയമല്ല. എന്‍ടിഎ ഡ്രസ് കോഡ് ഇത്തരം നടപടി അനുവദിക്കുന്നില്ലെന്നും എൻടിഎ വ്യക്തമാക്കി. അതേസമയം ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നു പരീക്ഷാകേന്ദ്രം സൂപ്രണ്ട് രേഖാമൂലം എൻടിഎയെ അറിയിച്ചു. ഇക്കാര്യം വ്യക്തമാക്കി എന്‍ടിഎ നിരീക്ഷകനും സിറ്റി കോഓർഡിനേറ്ററും രേഖാമൂലം എന്‍ടിഎക്ക് കത്തുനല്‍കി. സംഭവത്തിൽ റിപ്പോര്‍ട്ട് നല്‍കുമെന്നു പരീക്ഷ ജില്ലാ കോഓർഡിറ്റർ എന്‍.ജെ. ബാബുവും അറിയിച്ചു.
വിദ്യാർഥികളെ പരിശോധിച്ചത് പരിശീലനം കിട്ടാത്തവരാണെന്നും ഇവരെയും കോളജ് ജീവനക്കാരെയും ചോദ്യം ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി. പരീക്ഷാ കേന്ദ്രത്തിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. മാനസികമായി ബുദ്ധിമുട്ട് ഉണ്ടായതായി മറ്റൊരു വിദ്യാർഥിനിയും പ്രതികരിച്ചു. സ്ത്രീകളാണ് പരിശോധന നടത്തിയതെന്നും മെറ്റൽ അനുവദിക്കില്ലെന്നു പറഞ്ഞതായി ചടയമംഗലം സ്വദേശിനി മനോരമ ന്യൂസിനോട് പ്രതികരിച്ചു.
നീറ്റ് പരീക്ഷയ്ക്ക് മുന്‍പ് വിദ്യാര്‍ഥിനിയെ അടിവസ്ത്രം അഴിപ്പിച്ച് പരിശോധിച്ചത് ഗുരുതരവീഴ്ചയെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി പ്രതികരിച്ചു. വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കും. പരീക്ഷാനടത്തിപ്പുകാരായ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ ഭാഗത്താണ് വീഴ്ച. പരാതി ലഭിച്ചില്ലെന്ന എന്‍ടിഎയുടെ വാദം അംഗീകരിക്കാനാവില്ല. പരാതി ഇല്ലാതെയാണോ പൊലീസ് കേസെടുത്തതെന്നു പ്രേമചന്ദ്രന്‍ ചോദിച്ചു. പരീക്ഷാ മാനദണ്ഡങ്ങള്‍ പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രശ്നം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അംഗങ്ങളായ ഹൈബി ഈഡനും കെ.മുരളീധരനും ലോക്സഭയില്‍ അടിയന്തരപ്രമേയ നോട്ടിസ് നല്‍കി.
ഞായറാഴ്ച ആയൂർ മാർത്തോമ്മാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ആൻഡ് ടെക്നോളജിയിൽ പരീക്ഷയെഴുതിയ ശാസ്താംകോട്ട ശൂരനാട് സ്വദേശിയായ പെൺകുട്ടിക്കായിരുന്നു ദുരനുഭവം. മെറ്റൽ ഡിറ്റക്ടർ വഴി സ്കാൻ ചെയ്തപ്പോൾ ബീപ് ശബ്ദം കേട്ടെന്നും അടിവസ്ത്രത്തിലെ ലോഹ ക്ലിപ്പാണു കാരണമെന്നു മനസ്സിലാക്കിയതോടെ അത് ഒഴിവാക്കാൻ പറഞ്ഞുവെന്നും വിദ്യാർഥിനി പ്രതികരിച്ചു. ഒരു ജീവനക്കാരിയാണ് വാശിയോടെ ഇടപെട്ടതെന്നും അമ്മയെ വിളിച്ചു ഷാൾ എത്തിച്ചശേഷം അതിന്റെ മറയിലാണ് വസ്ത്രം മാറിയതെന്നും പെൺകുട്ടി പറഞ്ഞു. ഇതിനു ശേഷം ഷാളും ഉപേക്ഷിക്കാൻ പറഞ്ഞതായും പെൺകുട്ടി ആരോപിച്ചു.
English Summary: Kollam girl asked to remove inner-wear to write NEET exam: NTA responds