ഇറാനിൽ ഖൊമൈനിയുടെ ജന്മവീട് അഗ്നിക്കിരയാക്കി പ്രക്ഷോഭകർ – വിഡിയോ

Mail This Article
ടെഹ്റാൻ∙ ഇറാനിലെ ആത്മീയ നേതാവ് ആയത്തുല്ല ഖൊമൈനിയുടെ ജന്മവീടിനു പ്രക്ഷോഭകർ തീയിട്ടതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഖൊമെയ്ൻ നഗരത്തിലെ വീടിനു തീയിട്ടതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 30 വർഷമായി ഈ വീട് മ്യൂസിയം ആയി പ്രവർത്തിക്കുകയായിരുന്നു. ഇന്നത് കരിക്കട്ടകളുടെ കൂമ്പാരമായി മാറിയെന്ന് ട്വിറ്ററിൽ ഒരാൾ കുറിച്ചു.
വ്യാഴാഴ്ചയാണ് വിഡിയോ റെക്കോർഡ് ചെയ്യപ്പെട്ടതെന്ന് രാജ്യാന്തര മാധ്യമമായ ബിബിസി റിപ്പോർട്ട് ചെയ്തു. വിഡിയോയിലെ സ്ഥലം വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് സ്ഥിരീകരിച്ചെങ്കിലും അങ്ങനൊരു സംഭവം നടന്നിട്ടില്ലെന്നാണ് ഇറാനിലെ തസ്നിം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്. വീടിനു മുന്നിൽ കുറച്ചു ആളുകൾ കൂടിനിന്നതേ ഉള്ളൂവെന്നാണ് ഇവരുടെ നിലപാട്.
പാശ്ചാത്യ അനുകൂല ഭരണാധികാരിയായിരുന്ന ഷാ മുഹമ്മദ് റെസാ പഹ്‌ലാവിയെ 1979ൽ നീക്കിയ ഇറാനിലെ ഇസ്‌ലാമിക വിപ്ലവത്തിന്റെ സൂത്രധാരൻ ഖമൈനിയായിരുന്നു. അദ്ദേഹം ജനിച്ച വീടാണ് അഗ്നിക്കിരയാക്കിയത്. ഇറാന്റെ ആദ്യ പരമോന്നത നേതാവായിരുന്നു ഖമൈനി. 1989ലായിരുന്നു അന്ത്യം.
നിലവിലെ ഭരണാധികാരി ആയത്തുല്ല അലി ഖമനയിക്കെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് ഇതും. ഇറാനിൽ മതപൊലീസിന്റെ കസ്റ്റഡിയിൽ മരിച്ച 22 വയസ്സുകാരി മഹ്സ അമിനിയുടെ മരണത്തോടുള്ള പ്രതിഷേധം ആണ് ഇറാനിൽ അലയടിക്കുന്നത്. ശിരോവസ്ത്രം ശരിയായ രീതിയിൽ ധരിക്കാതിരുന്നതിന് അറസ്റ്റിലായ അമിനി കഴിഞ്ഞ മാസം 16ന് മരിച്ചതിനെ തുടർന്ന് ഇറാനിലെങ്ങും തുടരുന്ന പ്രക്ഷോഭത്തിൽ 250ൽ അധികംപേർ കൊല്ലപ്പെട്ടു.
English Summary: Video: Protesters In Iran Set Fire To Ayatollah Khomeini's Ancestral Home