‘പി.ടി 7’ വീണ്ടും ജനവാസ മേഖലയില്‍; മയക്കുവെടിവയ്ക്കുന്നത് വൈകിയേക്കും
Mail This Article
പാലക്കാട്∙ ധോണിയിൽ ആശങ്ക വിതയ്ക്കുന്ന കൊമ്പൻ പി.ടി. 7 (പാലക്കാട് ടസ്കർ 7) വീണ്ടും ജനവാസമേഖലയിൽ. ധോണി ക്ഷേത്രത്തിനു സമീപവും സ്വകാര്യ കോളജിനു പിന്നിലുള്ള കൃഷിയിടത്തിലും ഇന്നലെ രാത്രിയും ഇന്നു പുലര്‍ച്ചെയുമാണ് മറ്റു ആനകൾക്കൊപ്പം കൊമ്പനെത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥർ പടക്കം പൊട്ടിച്ചെങ്കിലും ഏറെ നേരം വനാതിർത്തിയിൽ ആനക്കൂട്ടം നിലയുറപ്പിച്ചു.
ജനവാസമേഖലയില്‍നിന്ന് വനാതിര്‍ത്തിയിലേക്കു പിന്‍വാങ്ങിയ പി.ടി. ഏഴാമനെ ഇന്നലെ രാത്രി എട്ട് മണിയോടെയാണ് ധോണി ചേറ്റില്‍ വെട്ടിയ ഭഗവതി ക്ഷേത്ര പരിസരത്തെ നെല്‍പ്പാടത്ത് കണ്ടത്. കഴിഞ്ഞ ദിവസം രാവിലെ ധോണിയിലിറങ്ങിയ കാട്ടാനക്കൂട്ടവും പി.ടി.ഏഴാമനൊപ്പമുണ്ടായിരുന്നു. വനംവകുപ്പ് പടക്കം പൊട്ടിച്ച് തുരത്താന്‍ ശ്രമിച്ചെങ്കിലും പിൻവാങ്ങിയില്ല. ഏറെ നേരം കഴിഞ്ഞ് വനത്തിലേക്കു മാറിയ പി.ടി.7, ഇന്നു പുലര്‍ച്ചെ വീണ്ടും ജനവാസമേഖലയില്‍ ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു.
പി.ടി.ഏഴാമനെ മയക്കുവെടിവച്ച് പിടികൂടാന്‍ തീരുമാനിച്ചിരുന്നെങ്കിലും ആനക്കൂട്ടത്തിനൊപ്പമുള്ള യാത്ര തുടര്‍ന്നാല്‍ ദൗത്യം പൂര്‍ത്തിയാക്കാന്‍ വൈകുമെന്നാണു വനംവകുപ്പിന്റെ നിഗമനം. അതേസമയം, പി.ടി.ഏഴാമനെ മെരുക്കാനുള്ള കൂടിന്റെ നിര്‍മാണം ധോണിയില്‍ പൂര്‍ത്തിയായി. കുങ്കിയാനകളെ കയറ്റി കൂടിന്റെ ബലം കൂടി പരിശോധിച്ചാല്‍ മയക്കുവെടി ദൗത്യത്തിലേക്കു നീങ്ങാന്‍ കഴിയും.
ഇതിനായി വയനാട്ടില്‍നിന്നുള്ള പ്രത്യേക ദൗത്യസംഘം അടുത്തദിവസം ധോണിയിലെത്തും. സുല്‍ത്താന്‍ ബത്തേരിയിലെ പി.എം. 2 എന്ന ആനയെ കൂട്ടിലാക്കുന്നതിനിടെ കാലിനു പരുക്കേറ്റ ഫോറസ്റ്റ് ചീഫ് വെറ്ററിനറി സര്‍ജന്‍ അരുണ്‍ സക്കറിയ ആരോഗ്യം വീണ്ടെടുത്തതോടെ ദൗത്യ സംഘത്തിന് നേതൃത്വം നല്‍കും.
English Summary: PT 7 Elephant Threats in Palakkad Dhoni