‘കുറച്ചു സിഖുകാരേ മരിച്ചുള്ളൂ, നിങ്ങൾ എന്നെ ചതിച്ചു’: ടൈറ്റ്ലർക്കെതിരെ കൊലക്കുറ്റം ചുമത്തി സിബിഐ

Mail This Article
ന്യൂഡൽഹി ∙ ഇന്ദിരാഗാന്ധിയുടെ വധത്തിനു പിന്നാലെ ഡൽഹിയിൽ നടന്ന സിഖ് കൂട്ടക്കൊലയ്ക്കിടയിൽ പുൽ ബംഗഷ് ഗുരുദ്വാരയിൽ തീയിട്ട് 3 പേരെ കൊലപ്പെടുത്തിയ സംഭവത്തിൽ, കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ജഗദീഷ് ടൈറ്റ്ലർക്ക് എതിരെ കൊലക്കുറ്റം ചുമത്തി സിബിഐ. സിഖുകാരെ കൊലപ്പെടുത്താൻ ജഗദീഷ് ടൈറ്റ്‌ലർ ജനക്കൂട്ടത്തെ പ്രേരിപ്പിച്ചതായി സിബിഐ ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് സാക്ഷികളുടെ മൊഴികൾ സഹിതമാണ് ജഗദീഷ് ടൈറ്റ്ലർക്ക് എതിരെ കൊലക്കുറ്റം ചുമത്തിയത്.
അക്രമം നടക്കുന്ന സമയത്ത് എംപിയായിരുന്ന ജഗദീഷ് ടൈറ്റ്‌ലർ, കാറിൽ സംഭവസ്ഥലത്തെത്തി സിഖുകാരെ കൊലപ്പെടുത്താനും അവരുടെ സ്ഥാപനങ്ങൾ കൊള്ളയടിക്കാനും ജനക്കൂട്ടത്തെ പ്രേരിപ്പിക്കുന്നത് കണ്ടതായി വിവിധ സാക്ഷികൾ മൊഴി നൽകി. ഇതുമായി ബന്ധപ്പെട്ട് സിബിഐ ഇക്കഴിഞ്ഞ മേയ് മാസത്തിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യങ്ങൾ സൂചിപ്പിക്കുന്നത്.
ഡൽഹിയിലെ മറ്റു പ്രദേശങ്ങളുമായി തട്ടിച്ചുനോക്കുമ്പോൾ തന്റെ മണ്ഡലത്തിൽ കൊല്ലപ്പെട്ട സിഖുകാരുടെ എണ്ണം കുറഞ്ഞുപോയെന്നും, ഇതുമൂലം േദശീയ നേതൃത്വത്തിനു മുന്നിൽ തനിക്കു ചീത്തപ്പേരുണ്ടായെന്നും ടൈറ്റ്‍ലർ പറഞ്ഞതായും സാക്ഷിമൊഴിയുണ്ട്. വൻതോതിൽ സിഖുകാരെ കൊല്ലാമെന്ന് താൻ ഉറപ്പു നൽകിയെങ്കിലും, അനുയായികൾ തന്നെ ചതിച്ചതായി അദ്ദേഹം ആരോപിച്ചെന്നും സാക്ഷികളെ ഉദ്ധരിച്ച് കുറ്റപത്രത്തിൽ പറയുന്നു.
1984 നവംബർ ഒന്നിന് നടന്ന അക്രമസംഭവത്തിൽ താക്കൂർ സിങ്, ബാദൽ സിങ്, ഗുരുചരൺ സിങ് എന്നിവരാണ് കൊല്ലപ്പെട്ടത്. അക്രമികളെ ഇതിന് പ്രേരിപ്പിച്ചത് ടൈറ്റ്ലർ ആണെന്ന് കുറ്റപത്രം വ്യക്തമാക്കുന്നു. കേസിൽ ടൈറ്റ്ലർക്ക് (79) ക്ലീൻചിറ്റ് നൽകിക്കൊണ്ട് 3 റിപ്പോർട്ടുകൾ സിബിഐ നൽകിയിരുന്നെങ്കിലും അതെല്ലാം കോടതി തള്ളിക്കളഞ്ഞു. 2015 ഡിസംബർ 4ന് ആണ് കോടതി നിർദേശപ്രകാരം അന്വേഷണം വീണ്ടും ആരംഭിച്ചത്. കോടതിയുടെ നിരീക്ഷണത്തിലാണ് അന്വേഷണം നടന്നത്.
English Summary: CBI charged Jagdish Tytler with murder