നടി ഹുമൈറയുടെ മരണത്തിൽ ദുരൂഹത: ആശുപത്രിയിൽ എത്തിച്ചതിനു പിന്നാലെ കടന്നുകളഞ്ഞ് സുഹൃത്ത്; യുവാവ് അറസ്റ്റിൽ
Mail This Article
ധാക്ക∙ ബംഗ്ലദേശി നടി ഹുമൈറ ഹിമുവിന്റെ മരണം സംബന്ധിച്ച് ദുരൂഹത തുടരുന്നതിനിടെ കേസിൽ ഒരാൾ അറസ്റ്റിൽ. സിയാവുദ്ദീൻ എന്ന റൂമിയെയാണ് വെള്ളിയാഴ്ച ധാക്കയിൽവച്ച് റാപ്പിഡ് ആക്ഷൻ ബറ്റാലിയൻ (ആർഎബി) പിടികൂടിയത്. ആത്മഹത്യാപ്രേരണ കുറ്റത്തിനാണ് ഇയാളെ അറസ്റ്റു ചെയ്തതെന്ന് കേസ് അന്വേഷിക്കുന്ന ഉത്തര വെസ്റ്റ് പൊലീസ് അറിയിച്ചു. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
വ്യാഴാഴ്ചയാണ് മുപ്പത്തിയേഴുകാരിയായ നടി ഹുമൈറ ഹിമുവിനെ ഉത്തരയിലുള്ള ഫ്ലാറ്റിൽ ഫാനിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. ഉടൻ ധാക്കയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. ഹുമൈറയുടെ കഴുത്തിൽ ചില പാടുകൾ കണ്ടതോടെ ഡോക്ടർമാർ പൊലീസിൽ വിവരമറിയിച്ചു.
എന്നാൽ പൊലീസ് എത്തുന്നതിനു മുൻപ് ആശുപത്രിയിലുണ്ടായിരുന്നു ഹുമൈറയുടെ ആൺസുഹൃത്ത് കടന്നകളഞ്ഞതായാണ് ആരോപണം. ഇതു സംബന്ധിച്ച് പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് സിയാവുദ്ദീനെ അറസ്റ്റ് ചെയ്തത്. ഇയാൾ തന്നെയാണോ ആശുപത്രിയിലുണ്ടായിരുന്നത് എന്നു പൊലീസ് വ്യക്തമാക്കിയിട്ടില്ല. ഡോക്ടർമാർ മരണം സ്ഥിരീകരിക്കുന്നതിനു മുൻപു തന്നെ യുവാവ് സ്ഥലംവിട്ടതായാണ് പറയുന്നത്.
ബംഗ്ലദേശിലെ പ്രമുഖ സിനിമ–സീരിയൽ നടിയായിരുന്ന ഹുമൈറ ഹിമു, ഒരു യുവാവുമായി പ്രണയത്തിലായിരുന്നെന്നും ഇയാളുമായുണ്ടായ തർക്കത്തെ തുടർന്ന് ഹുമൈറ ജീവനൊടുക്കിയതാണെന്നുമാണ് പൊലീസ് പറയുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയെങ്കിൽ മാത്രമേ മരണകാരണം വ്യക്തമാകൂ. ഹുമൈറയുടെ മരണവിവരം പുറത്തുവന്നതിനു പിന്നാലെ സമൂഹമാധ്യമങ്ങളിലാകെ ഞെട്ടൽ രേഖപ്പെടുത്തിക്കൊണ്ടുള്ള പോസ്റ്റുകൾ നിറഞ്ഞിരുന്നു.
2011ൽ പുറത്തിറങ്ങിയ ‘അമർ ബോന്ദു റാഷെഡ്’ എന്ന ചിത്രത്തിലൂടെയാണ് ഹുമൈറ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. 12 വർഷത്തിലേറെയായി അഭിനയത്തിൽ സജീവാണ്. 'ബാരി ബാരി സാരി സാരി’, ‘ഹൗസ്‌ഫുൾ’ ‘ഗുൽഷൻ അവന്യൂ’ തുടങ്ങിയ ടിവി സീരിയലുകളിലും അവർ പ്രത്യക്ഷപ്പെട്ടു.