അനധികൃത സ്വത്ത് സമ്പാദനം: സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എ.പി.ജയനെ മാറ്റി

Mail This Article
തിരുവനന്തപുരം∙ സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എ.പി.ജയനെ മാറ്റി. അനധികൃത സ്വത്ത് സമ്പാദന പരാതിയിലാണ് നടപടി. മുല്ലക്കര രത്നാകരനു പകരം ചുമതല നൽകി. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിലാണ് തീരുമാനം.
വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു എന്ന ആക്ഷേപത്തിൽ എ.പി.ജയനോട് പാർട്ടി വിശദീകരണം തേടിയിരുന്നു. സിപിഐ വനിതാ നേതാവായ ശ്രീനാദേവി കുഞ്ഞമ്മയാണ് പാർട്ടിക്ക് പരാതി നൽകിയത്. ജില്ലാ പഞ്ചായത്തിൽ സീറ്റ് നൽകുന്നതിനു 3 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നായിരുന്നു പരാതി.
സിപിഐ എക്സിക്യൂട്ടീവ് അംഗം കെ.കെ.അഷ്റഫിന്റെ നേതൃത്വത്തിലുള്ള കമ്മിഷനാണ് പരാതി അന്വേഷിച്ചത്. ആർ. രാജേന്ദ്രൻ, സി.കെ.ശശിധരൻ, പി.വസന്തം എന്നിവരായിരുന്നു അംഗങ്ങൾ. അന്വേഷണ സമിതി റിപ്പോർട്ട് സമർപിച്ചതിന്റെ അടിസ്ഥാനത്തിലാണ് പാർട്ടി വിശദീകരണം തേടിയശേഷം നടപടിയെടുത്തത്.