ADVERTISEMENT

വർഷം 1973. ഡൽഹി കമ്പിളി പുതച്ച തണുപ്പുകാലം. കൃത്യമായി പറഞ്ഞാൽ ഡിസംബർ 4. അന്ന് രാഷ്ട്രപതിയായിരുന്ന വി.വി.ഗിരിയുടെ പഴ്സനൽ ഐ സർജനായ നരേന്ദ്ര സിങ് ജെയ്നും ഭാര്യ വിദ്യയും കൂടി രാത്രി ഏഴേകാലോടെ ഡൽഹിയിലെ ഡിഫൻസ് കോളനിയിൽനിന്ന് കാറിലേക്ക് കയറാനായി വരുന്നു. അവിടെ അടുത്തായി താമസിക്കുന്ന നരേന്ദ്ര സിങ്ങിന്റെ സഹോദരിയെ കാണാനാണ് ഇരുവരും ഇറങ്ങിയത്. നരേന്ദ്ര കാറിന്റെ വലതു വശത്തേക്കും വിദ്യ ഇടതുവശത്തേക്കും പോയി ഡോർ തുറക്കാൻ നോക്കി. പെട്ടെന്ന് ഇടതു വശത്തേക്ക് നോക്കിയപ്പോൾ ഭാര്യയെ കാണാനില്ല. നരേന്ദ്ര പെട്ടെന്ന് ഇടതു വശത്തെ ഡോറിനരികിലേക്ക് നീങ്ങി. ആരെയും കാണുന്നില്ല, തന്റെ ഭാര്യയെയും. നരേന്ദ്ര അവിടെയെല്ലാം പരതിയപ്പോൾ തൊട്ടടുത്തുള്ള ഓടയിൽനിന്ന് ഒരാൾ ചാടിയെഴുന്നേറ്റ് നരേന്ദ്രയ്ക്കു നേരെ തോക്കു ചൂണ്ടി.

എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകുന്നതിനു മുൻപേ അയാൾ ഓടി രക്ഷപ്പെട്ടു. നരേന്ദ്ര നോക്കിയപ്പോൾ അയാൾ ഉയർന്നുവന്ന ആ ചാലിൽ ഒരു മനുഷ്യശരീരം കിടക്കുന്നു. രക്തത്തിൽ കുളിച്ചു കിടക്കുന്നത് തന്റെ ഭാര്യ വിദ്യയാണെന്ന് മനസ്സിലാക്കിയതും അയാൾ നിലവിളിച്ചു. അവിടെക്കൂടിയ ആളുകളുടെ സഹായത്താൽ അവരെ അവിടെനിന്ന് എടുത്ത് ആശുപത്രിയിലേക്ക് എത്തിച്ചു. അപ്പോഴേക്കും വിദ്യ മരിച്ചിരുന്നു. കത്തി കൊണ്ടുള്ള 14 വെട്ടുകൾ വിദ്യയുടെ ശരീരത്തിൽ ഉണ്ടായിരുന്നു. എങ്ങനെയാണ് ഇമവെട്ടുന്ന നേരം കൊണ്ട് ഡൽഹിയിലെ ഡിഫൻസ് കോളനിയിൽ പ്രമുഖ ഡോക്ടറുടെ ഭാര്യ ക്രൂരമായി കൊല്ലപ്പെട്ടത്?

രാജ്യതലസ്ഥാനത്തെ അക്ഷരാർഥത്തിൽ ഞെട്ടിച്ച ആ കൊലപാതകത്തിനു പിന്നിൽ ആരെന്നു കണ്ടെത്തിയതോടെ രാജ്യമാകെ തരിച്ചുനിന്നു. ഒരുപക്ഷേ വാടക കൊലയാളികളെ ഉപയോഗിച്ച് ഇന്ത്യയിൽ നടത്തിയ ‘ആദ്യത്തെ ഹൈ പ്രൊഫൈൽ കൊലപാതക കേസാ’കും ഇത്.

പൊലീസിന്റെ സംശയത്തിൽ തെളിഞ്ഞ അവിഹിതം

വിദ്യയുടെ കൊലപാതകികൾ ആരായാലും ഇത് ആദ്യത്തെ പദ്ധതിയല്ലെന്ന് പൊലീസിന് ഉറപ്പായിരുന്നു. നേരത്തെ നടത്തിയ പദ്ധതികളെല്ലാം പാളിയപ്പോൾ കൃത്യമായി പദ്ധതിയിട്ട് നടപ്പിലാക്കിയ കൊലപാതമായിരുന്നു ഇത്. അപ്പോഴും എന്തിനാണ് വിദ്യയെ കൊലപ്പെടുത്തിയത്? എന്തെങ്കിലും വൈരാഗ്യത്തിന്റെ പുറത്താണെങ്കിലും അത് ഡോ.നരേന്ദ്രയോടാണല്ലോ ഉണ്ടാകേണ്ടത്? എന്നാൽ നരേന്ദ്രയ്ക്ക് ഒരു പോറലുപോലും പറ്റിയിട്ടില്ല. കവർച്ചാ ശ്രമത്തിന്റെ യാതൊരു ലക്ഷണവുമില്ല. എന്തുകൊണ്ടാണ് നരേന്ദ്ര അക്രമിക്കപ്പെടാതിരുന്നത്? അദ്ദേഹം എന്തുകൊണ്ടാണ് പ്രതിരോധിക്കാൻ ശ്രമിക്കാതെ  കാഴ്ചക്കാരനായി നിന്നത്? ഈ സംശയങ്ങൾക്കെല്ലാം ഉത്തരം തേടിയ പൊലീസ് ഒടുവിൽ എത്തിയത് ഡോ.നരേന്ദ്രയിലേക്കു തന്നെയാണ്.

അന്വേഷണത്തിൽ നരേന്ദ്രയുടെ അക്കൗണ്ടിൽനിന്ന് വലിയ തുക എല്ലാ മാസവും അദ്ദേഹത്തിന്റെ വനിതാസെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുന്നതായി കണ്ടെത്തി. അത് അവരുടെ ശമ്പളത്തേക്കാൾ ഉയർന്ന തുകയായിരുന്നു. മാത്രമല്ല നരേന്ദ്ര അവർക്കായി ഒരു വീടും എടുത്തു നൽകിയിട്ടുണ്ട്. നേരത്തെ നരേന്ദ്രയുടെ വീട്ടിൽതന്നെയാണ് ഇവർ താമസിച്ചിരുന്നത്. ചന്ദ്രേഷ് ശർമ എന്ന ഈ സെക്രട്ടറിയുമായി നരേന്ദ്രയ്ക്ക് രഹസ്യബന്ധമുണ്ടായിരുന്നെന്നും ഇത് വീട്ടുകാർ അറിഞ്ഞതോടെ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ ഇവരെ പുറത്താക്കി മറ്റൊരിടത്തു  താമസിപ്പിച്ചതാണെന്നും പൊലീസ് കണ്ടെത്തി. ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചിരുന്നെന്നും അതിന് വിദ്യ തടസ്സമായതിനാൽ വാടകക്കൊലയാളികളെക്കൊണ്ട് കൊലപ്പെടുത്തിയതാണെന്നും പൊലീസ് കോടതിയെ അറിയിച്ചു.

ഡിസംബർ 4, ഡൽഹി ന്യൂ വിജ് റസ്റ്ററന്റ്

വിദ്യയെ കൊല്ലുക എന്ന ലക്ഷ്യത്തോടെ ചന്ദ്രേഷ് സമീപിച്ചത് ഇന്ത്യൻ സേനയിൽ എജ്യുക്കേഷൻ ഹവിൽദാറായി ജോലി നോക്കുന്ന രാകേഷ് കൗഷിക് എന്ന ഇരുപത്തിയഞ്ചുകാരനെയാണ്. ഡിസംബർ നാലിന് വൈകിട്ട് നാലരയോടെ റാംജി എന്നയാളുമായി രാകേഷ് ഡൽഹിയിലെ ന്യൂ വിജ് റസ്റ്ററന്റിൽ എത്തി. ‘ഇന്നു തന്നെ പണി തീർക്കണം’ എന്നു പറഞ്ഞാണ് രാകേഷ് റാംജിയുമായി എത്തിയത്. അവർ ഒരു ടാക്സിയിൽ ചാന്ദ്നി ചൗക്കിലെത്തി. ചന്ദ്രേഷ് അവിടെ നേരത്തെ എത്തിയിരുന്നു. ബഗീരഥ്, കല്യാൺ, ഉജഗർ സിങ്, കർത്താർ സിങ് എന്നിവരും ചന്ദ്രേഷിനൊപ്പം ഉണ്ടായിരുന്നു. അവർ റസ്റ്ററന്റിലേക്ക് കയറി ചായയുമായി ഇരിക്കെയാണ് ഡോ.നരേന്ദ്ര എത്തുന്നത്. ‌വളരെ സൂക്ഷിച്ചു വേണം എല്ലാം ചെയ്യാനെന്ന് ഉജഗറിനെ ഉപദേശിച്ച് ചോദിച്ച പണം നൽകുമെന്നും കേസൊക്കെ താൻ നോക്കിക്കൊള്ളാമെന്നും ഉറപ്പു നൽകി.

ഡോ.നരേന്ദ്രയുടെ കാറിൽ താൻ ഡിഫൻസ് കോളനിയിൽ എത്തുമെന്ന് ചന്ദ്രേഷ് സംഘാംഗങ്ങളോട് പറഞ്ഞു. തുടർന്ന് കാറിൽനിന്ന് ഇറങ്ങി ഡോക്ടറും ഭാര്യയും പുറത്തിറങ്ങുന്നതു നോക്കി നിർദേശം നൽകാനായിരുന്നു നീക്കം. വൈകിട്ട് 6.30 ഓടെ ചന്ദ്രേഷ് അവിടെ എത്തി. ഉജഗറും കർത്താറും കൃത്യം നിർവഹിക്കാൻ തയാറായി നിന്നു. നരേന്ദ്രയ്ക്ക് ഒരു പോറല്‍ പോലും എൽക്കരുതെന്നും ചന്ദ്രേഷ് അവർക്ക് നിർദേശം നൽകി. റാംജി, ബഗീരഥ്, കല്യാൺ എന്നിവർ റസ്റ്ററന്റിൽനിന്ന് 5.45 ഓടെ മറ്റൊരു ടാക്സിയിൽ ഡിഫൻസ് കോളനിയിൽ എത്തി. പിന്നീട് പദ്ധതി പ്രകാരം എല്ലാം കൃത്യമായി നടന്നു. ചന്ദ്രേഷിന്റെയും നരേന്ദ്രയുടെയും മുന്നിൽവച്ച് അവർ ഏർപ്പാടാക്കിയ വാടകക്കൊലയാളികൾ വിദ്യയെ ക്രൂരമായി കൊന്നു.

ശേഷം കോടതിയിൽ

സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ ഡോ.നരേന്ദ്ര സിങ് ജെയ്ൻ, ചന്ദ്രേഷ് ശർമ, രാകേഷ് കൗഷിക്, ബഗീരഥ്, കല്യാൺ ഗുപ്ത, ഉജഗർ സിങ്, കർത്താർ സിങ് റാംജി എന്നിവർക്കെതിരെ ഗൂഢാലോചന, കൊലപാതകം എന്നിവ ചുമത്തി കേസെടുത്തു. അതിനിടെ കൊലപാതകത്തിന് കൂട്ടുനിന്ന റാംജി പൊലീസിനു മുന്നിൽ കുറ്റസമ്മതം നടത്തിയതോടെ ഇയാളെ മാപ്പു സാക്ഷിയാക്കി. തോക്കും വെടിയുണ്ടകളും സംഭവസ്ഥലത്തുനിന്ന് കത്തിയും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ കർത്താർ, ഉജഗർ എന്നിവർക്കെതിരെ ആംസ് ആക്ട് സെക്‌ഷൻ 27 പ്രകാരവും കേസ് റജിസ്റ്റർ ചെയ്തു. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ഉജഗറിനും കർത്താറിനും വധശിക്ഷ വിധിച്ചു.

രാകേഷ് കൗഷിക്, കല്യാൺ എന്നിവർ ഗൂഢാലോചനയിൽ മാത്രം പങ്കാളികളായതിനാൽ അവർ ഒഴികെയുള്ള മറ്റുള്ളവർക്ക് (നരേന്ദ്ര, ചന്ദ്രേഷ് ഉൾപ്പെടെ) എന്നിവർക്ക് ജീവപര്യന്തം ശിക്ഷയും വിധിച്ചു. എന്നാൽ സാഹചര്യ തെളിവുകളുടെ മാത്രം അടിസ്ഥാനത്തിൽ വിധിച്ച ശിക്ഷ പ്രോസിക്യൂഷന് തലവേദനയായി. ദൃക്സാക്ഷികളോ മറ്റു തെളിവുകളോ ഇല്ല എന്നത് പ്രതികൾ മേൽക്കോടതിയിൽ അപ്പീലിന് പോയപ്പോൾ പ്രോസിക്യൂഷനെ കുഴക്കി.

ചന്ദ്രേഷിനും ഡോ. നരേന്ദ്രയ്ക്കുമായി ഹാജരായ അഭിഭാഷകൻ, ഇരുവരും തമ്മിലുള്ള ബന്ധം കോടതിയിൽ നിഷേധിച്ചില്ല. ചന്ദ്രേഷ് ഭർത്താവിൽനിന്ന് വിവാഹമോചനം നേടിയതിന്റെയും നരേന്ദ്രയുടെ അക്കൗണ്ടിൽനിന്ന് ചന്ദ്രേഷിന്റെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണത്തിന്റെ കണക്കും കോടതിയിൽ ഹാജരാക്കിയപ്പോൾ അത് നിഷേധിക്കുന്നതിൽ കാര്യമില്ല എന്ന് മനസ്സിലാക്കിയിട്ടാണിത്. എന്നാൽ കൊലപാതകത്തിനുള്ള കാരണം ഇരുവരും തമ്മിലുള്ള ബന്ധമാണെന്നത് നിഷേധിച്ചു. ‘‘രഹസ്യബന്ധത്തിൽ വർഷങ്ങളായി തൃപ്തനായതിനാൽ ഭാര്യയെ കൊലപ്പെടുത്തി ചന്ദ്രേഷിനെ വിവാഹം കഴിക്കാനുള്ള ആഗ്രഹമോ കടുത്ത ആവശ്യമോ നരേന്ദ്രയ്ക്ക് ഇല്ലായിരുന്നു’’ എന്നാണ് നരേന്ദ്രയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്. താനും നരേന്ദ്രയുമായുള്ള ബന്ധത്തിൽ വിദ്യ 1967 മുതൽ തന്നെ എതിർപ്പ് പ്രകടമാക്കിയതാണെന്നും എന്നാൽ അതിന്റെ പേരിൽ അവർക്ക് ദേഷമുണ്ടാകുന്നതൊന്നും ചെയ്യാൻ ചന്ദ്രേഷ് ശ്രമിച്ചിട്ടില്ലെന്നുമാണ് ചന്ദ്രേഷിന്റെ അഭിഭാഷകൻ അറിയിച്ചത്. വിദ്യയെ കൊലപ്പെടുത്താൻ മാത്രം പുതിയതായി പ്രശ്നങ്ങളൊന്നും നരേന്ദ്രയുമായുള്ള ബന്ധത്തിൽ സംഭവിച്ചിട്ടില്ലെന്നും അഭിഭാഷകൻ വാദിച്ചു.

ശക്തമായ സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ കോടതി ശിക്ഷ വിധിക്കുകയായിരുന്നു. സാധാരണയായി തെളിവുകളും ദൃക്സാക്ഷികളും കേസിന്റെ ഗതി നിർണയിക്കുമ്പോൾ കൃത്യം നടത്തുന്നതിനുള്ള പ്രേരണ എന്നത് അവസാനമായേ പരിഗണിക്കൂ. ഇവിടെയും സാഹചര്യ തെളിവുകൾ ശക്തമായതിനാൽ കുറ്റം ചെയ്യാനുള്ള പ്രേരണയെ അത്ര പ്രാധാന്യത്തോടെ കണക്കാക്കേണ്ടതില്ലെന്ന നിഗമനത്തിൽ ഡൽഹി കോടതി എത്തി. ഈ കേസിൽ വിദ്യ ഇല്ലാതായാലെ തങ്ങളുടെ ബന്ധം തുടരാനാകൂ എന്ന സാഹചര്യത്തിലായിരുന്നില്ല ഡോ.നരേന്ദ്രയും ചന്ദ്രേഷും. കാരണം അവർ തമ്മിലുള്ള ബന്ധം അത്രത്തോളം വ്യാപ്തിയുള്ളതാണെന്നാണ് മനസ്സിലാകുന്നത്. ‘വീട്ടിലെ ഗൃഹനാഥയെ പോലെയാണ് ചന്ദ്രേഷ് പെരുമാറുന്നത്’ എന്ന് വിദ്യ അയൽവാസിയോടു  (പബ്ലിക് വിറ്റ്നസ് 4) പറഞ്ഞിട്ടുണ്ട്. ഇതു കഴിഞ്ഞ് ഒരു മാസമാകുമ്പോൾ ഡോ.നരേന്ദ്ര, ചന്ദ്രേഷിനെ സെക്രട്ടറി സ്ഥാനത്തുനിന്നു മാറ്റി വീട്ടിൽനിന്ന് ഇറക്കി വിട്ടത് വീട്ടിൽ പ്രശ്നം ഉണ്ടാകേണ്ടെന്ന കാരണത്താലാണെന്നും അല്ലാതെ ബന്ധം ഇല്ലാതായതല്ലെന്നും കോടതി നിരീക്ഷിച്ചു.

വീട്ടിൽനിന്ന് മാറ്റിയെങ്കിലും എല്ലാ മാസവും ശമ്പളത്തേക്കാൾ ഇരട്ടി പണം അവരുടെ അക്കൗണ്ടിലേക്ക് നരേന്ദ്ര അയച്ചു. 300 രൂപയായിരുന്നു ചന്ദ്രേഷിന്റെ ശമ്പളം. എന്നാൽ 1968 നവംബർ 26ന് ചന്ദ്രേഷിന് നരേന്ദ്ര കൈമാറിയത് 8,400 രൂപയുടെ ചെക്കാണെന്നും കോടതി പറഞ്ഞു.

ശിക്ഷാവിധി

കുറ്റകൃത്യത്തിൽ നേരിട്ട് പങ്കാളികളായ ഉജഗർ, കർത്താർ എന്നിവരെ വധശിക്ഷയ്ക്കു വിധിച്ച ഡൽഹി ഹൈക്കോടതി ഡോ.നരേന്ദ്രയുടെയും ചന്ദ്രേഷിന്റെയും ശിക്ഷ ശരിവച്ചു. തുടർന്ന് ഇവർ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയെങ്കിലും കേസ് തള്ളിപ്പോയി. 1980 ഏപ്രിലിൽ സുപ്രീം കോടതി പ്രസ്താവിച്ച വിധിയിൽ, ഇരുവർക്കുമെതിരായ ജീവപര്യന്തം ശരിവയ്ക്കുകയും വാടകക്കൊലയാളികളുടെ വധശിക്ഷയെ അംഗീകരിക്കുകയും ചെയ്തു. വർഷങ്ങൾ നീണ്ട വിചാരണയാണ് കേസിലുണ്ടായത്.

ഇന്ത്യയിൽ കുപ്രസിദ്ധിയാർജിച്ച ക്രിമിനിൽ കേസുകളുടെ പട്ടികയിൽ വിദ്യ ജെയ്നിന്റെ കൊലപാതകം മുന്നിൽതന്നെയുണ്ട്. കാരണം ഇത് രാജ്യതലസ്ഥാനത്തെ നടുക്കിയ, വിദഗ്ധനായ ഒരു ഡോക്ടർ തന്റെ അവിഹിതബന്ധം സംരക്ഷിക്കുന്നതിനായി വാടകക്കൊലിയാളികളെ ഉപയോഗിച്ച് നടത്തിയ ക്രൂരമായ കൊലപാതമാണ്. എന്നാൽ ആ ‘ഹൈ പ്രൊഫൈൽ’ സ്ഥാനമാനങ്ങൾക്കും വർഷങ്ങൾ നീണ്ടുനിന്ന നിയമയുദ്ധത്തിനും കൊലയാളികളെ അഴിക്കുള്ളിലാക്കുന്നതിൽനിന്ന് തടയാനായില്ല.

English Summary:

How Murder Of Vidya Jain Shook India

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com