ദേശീയതലത്തിൽ ഇന്ത്യ മുന്നണിക്കൊപ്പം; തമിഴ്നാട്ടിൽ അണ്ണാഡിഎംകെ സഖ്യത്തിൽ ഫോർവേഡ് ബ്ലോക്ക്

Mail This Article
ചെന്നൈ∙ ഡിഎംകെ സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് തമിഴ്നാട്ടിൽ ഇന്ത്യാ മുന്നണി സഖ്യം ഉപേക്ഷിച്ച് ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക്, അണ്ണാ ഡിഎംകെയിൽ ചേർന്നു. എന്നാൽ കേന്ദ്രഘടകം ഇന്ത്യ മുന്നണിയിൽ തുടരുമെന്ന് എഐഎഫ്ബി നേതാവ് പി.വി.കതിരവൻ പറഞ്ഞു.
ഇന്നു രാവിലെ പാർട്ടി ഓഫിസിൽവച്ച് അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമിയെ കതിരവൻ സ്വീകരിച്ചു. എഐഎഫ്ബി കേന്ദ്രഘടകം ഇന്ത്യാ സഖ്യത്തിൽ തന്നെ തുടരുമ്പോൾ തമിഴ്നാട് ഘടകം അണ്ണാ ഡിഎംകെയ്ക്കു പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നു എന്നത് ശ്രദ്ധേയമാണ്.
അതേസമയം, സമത്വ മക്കൾ കക്ഷി നേതാവും ഡിഎംകെയുടെ മുൻ രാജ്യസഭാംഗവുമായ നടൻ ശരത്കുമാർ എൻഡിഎ സഖ്യത്തിലേക്കെന്നതിൽ വ്യക്തത വന്നിരിക്കുകയാണ്. ബിജെപിയുമായുള്ള സമത്വ മക്കൾ കക്ഷിയുടെ സഖ്യചർച്ചകൾ പൂർത്തിയായതായി ശരത് കുമാർ എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു. ബിജെപി നേതൃത്വവുമായി ശരത് കുമാർ ആദ്യഘട്ട ചർച്ചകൾ പൂർത്തിയാക്കിയെന്നും തിരുനെൽവേലി സീറ്റ് ആവശ്യപ്പെട്ടതായും നേരത്തേ വാർത്തകൾ പുറത്തുവന്നിരുന്നു. 1998 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഡിഎംകെ ടിക്കറ്റിൽ ശരത് കുമാർ തിരുനെൽവേലിയിൽ മത്സരിച്ചു പരാജയപ്പെട്ടിരുന്നു. 2001ൽ രാജ്യസഭാംഗമായി.
2006 ൽ ഡിഎംകെ വിട്ട് ഭാര്യ രാധികയ്ക്കൊപ്പം അണ്ണാഡിഎംകെയിൽ ചേരുകയായിരുന്നു ശരത് കുമാർ. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾക്കു രാധിക പുറത്തായതോടെ 2007 ൽ സമത്വ മക്കൾ കക്ഷി എന്ന പാർട്ടി ആരംഭിച്ചു. 2011 ൽ തെങ്കാശിയിൽനിന്ന് നിയമസഭാംഗമായി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കമൽഹാസന്റെ മക്കൾ നീതി മയ്യം പാർട്ടിക്കൊപ്പം മത്സരിച്ചെങ്കിലും വിജയിച്ചില്ല.