‘ബിജെപിയെ തടയാൻ സിപിഎമ്മും കോൺഗ്രസും ഒരുമിക്കണം; കേരളം മാറിനിൽക്കരുത്’
Mail This Article
കോട്ടയം∙ ബിജെപി കേരളത്തിൽ വളരുന്നതു തടയാനാണ് കോൺഗ്രസും സിപിഎമ്മും ശ്രമിക്കേണ്ടതെന്നും അതിന് ഇരുപാർട്ടികളും ഒരുമിച്ചു നിൽക്കണമെന്നും നടൻ പ്രകാശ് രാജ്. അഭിപ്രായങ്ങൾ തുറന്നുപറയാൻ ഒരിക്കലും മടി കാണിക്കാത്ത പ്രകാശ് രാജ് ഇത്തവണ സംസ്ഥാനത്തെ ഇടതുകേന്ദ്രങ്ങളെ ഞെട്ടിച്ചാണ് ശശി തരൂരിന് അനുകൂലമായ നിലപാട് സ്വീകരിച്ചത്. തരൂർ രാജ്യത്തിന്റെ പ്രതീക്ഷയാണെന്നും ജനങ്ങൾക്കു വേണ്ടി സംസാരിക്കുന്നയാളാണെന്നും വ്യക്തമാക്കിയാണ് പ്രകാശ് രാജ് തരൂരിനു വേണ്ടി സംസാരിച്ചത്. തന്റെ രാഷ്ട്രീയവും നിലപാടുകളും തുറന്നു പറയുകയാണ് മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ പ്രകാശ് രാജ്.
∙ കേരളത്തിൽ എത്തിയാൽ എൽഡിഎഫിന് അനുകൂലമായി ഏറ്റവുമധികം സംസാരിച്ചിരുന്ന വ്യക്തിയായിരുന്നു താങ്കൾ. പക്ഷേ തിരുവനന്തപുരത്തു നടത്തിയ വാർത്താസമ്മേളനത്തിൽ ശശി തരൂരിനെയാണല്ലോ താങ്കൾ പിന്തുണച്ചത്?
ശശി തരൂർ ഈ രാജ്യത്തിന്റെ പ്രതീക്ഷയാണ്. ജനങ്ങൾക്കു വേണ്ടി സംസാരിക്കുന്നയാൾ. അതുകൊണ്ടാണ് ഞാൻ അദ്ദേഹത്തെ പിന്തുണച്ചത്. രാജീവ് ചന്ദ്രശേഖർ നുണയനും കള്ളനുമാണ്. മോദിയുടെ സ്തുതിപാഠകനായ രാജീവ് ജയിക്കാൻ പാടില്ല. മൂന്നു തവണ രാജ്യസഭാ എംപിയായിരുന്ന രാജീവ് ബെംഗളൂരുവിനു വേണ്ടി ഒന്നും ചെയ്തിട്ടില്ല. അവിടെ മത്സരിച്ചാൽ തോൽക്കുമെന്ന് ഉറപ്പുള്ളതു കൊണ്ടാണ് അദ്ദേഹത്തിന് അവിടെ സീറ്റ് കൊടുക്കാതിരുന്നത്. ബെംഗളൂരുവിൽനിന്ന് ഓടി രക്ഷപ്പെട്ടാണ് അദ്ദേഹം തിരുവനന്തപുരത്തെത്തി ഇവിടെയുള്ള ജനങ്ങളെ പറ്റിക്കുന്നത്.
∙ കേരളത്തിലെ ബാക്കി മണ്ഡലങ്ങളിലും ശക്തരായ ബിജെപി സ്ഥാനാർഥികളുണ്ട്. അതിനെപ്പറ്റി താങ്കളുടെ നിലപാടെന്താണ്?
ഇടതു പാർട്ടികളോട് വലിയ ബഹുമാനമുണ്ട്. പക്ഷേ രണ്ടു മതേതര പാർട്ടികൾ തമ്മിൽ മത്സരിക്കുന്നത് എന്തിനാണെന്നു മനസ്സിലാകുന്നില്ല. ബിജെപി കേരളത്തിൽ വളരുന്നതു തടയാനാണ് കോൺഗ്രസും സിപിഎമ്മും ശ്രമിക്കേണ്ടത്. അതിന് ഇരുപാർട്ടികളും ഒരുമിച്ചു നിൽക്കണം.
∙ പക്ഷേ കേരളത്തിലെ സാഹചര്യം മറ്റു സംസ്ഥാനങ്ങളിലേതു പോലെയല്ല. ഇവിടെ രാഹുൽ ഗാന്ധിയും പിണറായി വിജയനും പരസ്പരം പോർവിളിക്കുകയാണ്.
അതൊക്കെ ദൗർഭാഗ്യകരമാണ്. കേന്ദ്രത്തിൽ ബിജെപിക്കു ബദലായി നിലവിൽ നമ്മുടെ മുന്നിലുള്ള വലിയ പാർട്ടി കോൺഗ്രസാണ്. ഇന്ത്യാ സഖ്യത്തെ ശക്തിപ്പെടുത്തേണ്ട സമയമാണിത്. അതിൽനിന്നു കേരളം മാറിനിൽക്കേണ്ട സമയമല്ലിത്.
∙ തിരുവനന്തപുരത്ത് സിപിഎമ്മുകാർ അവസാനനിമിഷം തരൂരിന് ക്രോസ് വോട്ട് ചെയ്യുമെന്ന് ബിജെപി സ്ഥാനാർഥി തന്നെ പറയുന്നുണ്ട്?
അത് രാജ്യത്തെ സംരക്ഷിക്കാനുള്ള വോട്ടുകളാണ്. മറിച്ചുള്ള ആരോപണങ്ങളുടെ കെണിയിൽ ഇടതു മനസ്സുള്ളവർ വീണുപോകരുത്. തിരുവനന്തപുരത്തു വോട്ട് ചെയ്യേണ്ടത് പാർട്ടിക്കല്ല, വ്യക്തിക്കാണ്.
∙ താങ്കൾ മോദിയെ രാജാവ് എന്നാണല്ലോ വിശേഷിപ്പിക്കുന്നത്?
ജനാധിപത്യമല്ലല്ലോ മോദിയുടെ കീഴിൽ നടക്കുന്നത്. എതിർ ശബ്ദങ്ങൾ ഇഷ്ടപ്പെടാത്ത രാജാവാണ് മോദി.
∙ ഒരു ജനാധിപത്യ രാജ്യത്തു ജീവിക്കുന്നവർക്ക് ഒരു അഭിപ്രായം ഉണ്ടായിരിക്കേണ്ടത് എത്ര പ്രധാനമാണ്? അവിടെ ഒരു അഭിപ്രായവുമില്ലാതിരിക്കുക എന്നതു ശരിയാണോ?
ഒരു അഭിപ്രായം ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ്. നിങ്ങൾ ഏത് പക്ഷത്താണെങ്കിലും– അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാം– പക്ഷേ ഒരു അഭിപ്രായം ഉണ്ടായിരിക്കണം. അല്ലെങ്കിൽ ചോദ്യം ചെയ്യാനും നിങ്ങളുടെ മനസ്സിലുള്ളത് തുറന്നുപറയാനും കഴിയാതെവരും. അത് ഭാരമാകുകയും നിങ്ങൾ ഉത്തരവാദിത്തമില്ലാത്ത ആളാവുകയും ചെയ്യും. നിങ്ങൾക്കെന്താണു വേണ്ടതെന്ന് തിരിച്ചറിയണം, സംസാരിക്കുമ്പോൾ മാത്രമേ അതു ശരിയാണോ തെറ്റാണോ എന്നറിയാനാവൂ. ഇത് നിങ്ങളുടെ രാജ്യമാണ്. തിരഞ്ഞെടുപ്പിൽ ശരിയായി തിരഞ്ഞെടുത്താൽ നിങ്ങൾ വിജയിക്കും; അല്ലെങ്കിൽ നിങ്ങൾക്കു തന്നെയാവും നഷ്ടം. എല്ലാവർക്കും അഭിപ്രായമുണ്ടാകണം, എല്ലാവരുടെയും അഭിപ്രായങ്ങൾ ശ്രദ്ധിക്കണം. ഒരു കാര്യത്തിൽ നിങ്ങൾക്കു തർക്കമോ അഭിപ്രായവ്യത്യാസമോ ഉണ്ടാകാം, പക്ഷേ നിഷ്പക്ഷത പാലിക്കുന്നതിൽ അർഥമില്ല.
∙ ഇങ്ങനെ ഭയമില്ലാതെ സംസാരിക്കാൻ പ്രകാശ് രാജിനെ പ്രേരിപ്പിക്കുന്നതെന്താണ്?
ഞാൻ നികുതി അടയ്ക്കുന്ന പൗരനാണ്. ഭരണകൂടത്തിന്റെ ദുഷ്ചെയ്തികളെ ചോദ്യം ചെയ്യണം. അതിനോടു സമരസപ്പെട്ടു പോകുന്നത് നല്ല കലാകാരനു ചേർന്ന നിലപാടല്ലെന്നാണ് ഞാൻ വിശ്വസിക്കുന്നത്. നമ്മുടെ ശബ്ദങ്ങൾ കൂടുതൽ ശക്തമാകേണ്ട സമയമാണിത്.
∙ പൊതുജനാഭിപ്രായം രൂപപ്പെടുത്തുന്നതിൽ സെലിബ്രിറ്റികൾ വഹിക്കുന്ന പങ്ക് എന്താണ്?
ഒരു സെലിബ്രിറ്റി ഭീരുവാണെങ്കിൽ സമൂഹം ഭീരുവാകും. ഒരു സെലിബ്രിറ്റിക്കു സംസാരിക്കാൻ വേദിയുണ്ട്. അവന്റെ ശബ്ദം ശക്തമാകുന്നത് ആളുകൾ കാരണമാണ്. ശബ്ദമുയർത്താൻ ബോധപൂർവമായ തീരുമാനം എടുക്കണം.
∙മോദി സർക്കാരിന് ബദൽ രാഹുൽ സർക്കാരാണോ?
മതേതര ജനാധിപത്യ സർക്കാരാണ് മോദി സർക്കാരിനു ബദൽ. ഞാൻ ബദലുകളിൽ വിശ്വസിക്കുന്നു. ഇവിടെ ആരും സ്ഥിരമല്ല. ലോകത്തിലെ എല്ലാ ഏകാധിപതികൾക്കും ഒരു അവസാനമുണ്ട്. മനുഷ്യാത്മാവും മനുഷ്യരും ഉയരും.
∙ താങ്കളുടെ രാഷ്ട്രീയ കാഴ്ചപ്പാടുകൾ കാരണം അഭിനേതാവെന്ന നിലയിൽ അഭിനന്ദനം ലഭിക്കാതെ വരുന്നതിൽ പരിഭവമുണ്ടോ?
ഞാൻ അതിൽ നിരാശനാകില്ല. ഗാലറിയിൽ ഇരുന്നു കളി കാണാനല്ല ഞാൻ ആഗ്രഹിക്കുന്നത്. എന്റെ അഭിപ്രായങ്ങളോടു വിയോജിക്കാം. പക്ഷേ ഞാൻ എന്തിനു വേണ്ടിയാണു നിലകൊള്ളുന്നതെന്ന് അവർ അറിഞ്ഞിരിക്കണം. ഞാൻ ഒരു മോശം നടനാണെന്നു ചിലർ പറയുന്നു. ഞാൻ ഒരു നടനല്ലെന്നുതന്നെ ചിലർ പറയുന്നു. അവർ എവിടെ നിന്നാണു വരുന്നതെന്ന് എനിക്കറിയാവുന്നതിനാൽ കുഴപ്പമില്ല. ഞാൻ ആഗ്രഹിക്കുന്ന രീതിയിൽ ജീവിക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്.
∙ രാഷ്ട്രീയം സിനിമാജീവിതത്തെ ബാധിക്കുന്നുണ്ടെന്ന് താങ്കൾ തന്നെ മുൻപ് പറഞ്ഞിട്ടുണ്ട്?
സിനിമാജീവിതത്തെ മാത്രമല്ല, പലതിനെയും ബാധിക്കും. രാഷ്ട്രീയ തിരിച്ചടി ഭയന്ന് ബോളിവുഡിലെ സിനിമാ പ്രവർത്തകർ എനിക്കൊപ്പംപ്രവർത്തിക്കാൻ ഭയപ്പെടുന്നുണ്ട്.
∙ ഭാവിയിൽ അത് കൂടുതൽ പ്രശ്നങ്ങളുണ്ടാക്കില്ലേ?
ദക്ഷിണേന്ത്യയിൽ അതുണ്ടാകില്ലെന്നാണ് ഞാൻ കരുതുന്നത്. പ്രത്യേകിച്ച് കേരളത്തിലും തമിഴ്നാട്ടിലുമെല്ലാം. ബിജെപിക്ക് എതിരായ ഒരു ബദൽ മനസ്സ് ഇവിടങ്ങളിലെ ജനങ്ങൾക്കുണ്ട്.
∙ശശി തരൂരിനെ അടക്കം വിജയിപ്പിക്കണമെന്നു പറഞ്ഞത് താങ്കളുടെ ഇടതു സുഹൃത്തുക്കൾക്കു വിഷമമുണ്ടാക്കിക്കാണുമല്ലോ?
ഞാൻ എന്റെ നിലപാടാണു പറയുന്നത്. അതു ശരിയാണെന്ന് വിശ്വസിക്കുന്നു. പറഞ്ഞതിലൊന്നും മാറ്റമില്ല. ഞാൻ പറഞ്ഞ നിലപാടാണ് ദേശീയതലത്തിൽ സിപിഎം സ്വീകരിക്കുന്നത്.