നഡ്ഡ ബിഹാറിലെത്തിയത് 5 വലിയ ബാഗുകളുമായി: ഗുരുതര ആരോപണം ഉന്നയിച്ച് തേജസ്വി യാദവ്
Mail This Article
പട്ന∙ ബിജെപി ദേശീയ പ്രസിഡന്റ് ജെ.പി. നഡ്ഡയ്ക്കെതിരെ ഗുരുതര ആരോപണവുമായി തേജസ്വി യാദവ്. നഡ്ഡ ബിഹാറിലെത്തിയത് അഞ്ച് വലിയ ബാഗുകളുമായാണെന്നു തേജസ്വി യാദവ് ആരോപിച്ചു. വോട്ടെടുപ്പ് നടക്കുന്നിടത്ത് ബാഗുകൾ എത്തിച്ചു. ബാഗുകൾ പരിശോധിക്കണമെന്നും തേജസ്വി യാദവ് ആവശ്യപ്പെട്ടു. ബിഹാറിൽ തിരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു തേജസ്വി യാദവ്.
‘‘വിലക്കയറ്റം മൂലം ജനം പൊറുതിമുട്ടി. മോദി കാരണം സ്ത്രീകൾക്കു താലി വാങ്ങാൻ പോലും സാധിക്കുന്നില്ല. ഭർത്താവിന്റെ ദീർഘായുസ്സിനായാണു സ്ത്രീകൾ താലി അണിയുന്നത്. നോട്ട് നിരോധനകാലത്ത് സ്ത്രീകളുടെ താലിപോലും മോദി സർക്കാർ അപഹരിച്ചു. അന്നു ക്യൂവിൽനിന്നു നിരവധിപേർ മരിച്ചു. കർഷക സമരത്തിൽ നിരവധിപേർ രക്തസാക്ഷികളായി. കോവിഡ് ബാധിച്ച് നിരവധിപേർ മരിച്ചു. ആരോപണ പ്രത്യാരോപണങ്ങൾ ഉന്നയിക്കുന്നതിനു പകരം മോദി പത്തുവർഷത്തെ പ്രവർത്തനങ്ങളുടെ കണക്കുപറയണം.’’– തേജസ്വി യാദവ് പറഞ്ഞു.