പാക്കിസ്ഥാനും വളയല്ല അണിയുന്നത്, അവരുടെ കയ്യിലും അണുബോംബുണ്ട്: ഫാറൂഖ് അബ്ദുല്ല
Mail This Article
ശ്രീനഗര്‍ ∙ കൈകളിൽ വള മാത്രമല്ല പാക്കിസ്ഥാൻ അണിയുന്നതെന്നും അവരുടെ പക്കലും അണുബോംബുണ്ടെന്നും നാഷനൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുല്ല. പാക്ക് അധിനിവേശ കശ്മീരിനെ ഇന്ത്യയോടു കൂട്ടിച്ചേര്‍ക്കുമെന്ന കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ പ്രസ്താവനയോടാണു വിവാദ പ്രതികരണവുമായി ഫാറൂഖ് അബ്ദുല്ല രംഗത്തെത്തിയത്.
‘‘അത്തരത്തിലാണു പ്രതിരോധമന്ത്രി പറയുന്നതെങ്കില്‍ അങ്ങനെതന്നെ നടക്കട്ടെ. അതു തടയാന്‍ ഞങ്ങളാരാണ്? പക്ഷേ പാക്കിസ്ഥാനും കൈകളിൽ വള മാത്രമല്ല അണിയുന്നതെന്ന് ഓര്‍മിക്കുന്നതു നല്ലതാണ്. അവരുടെ പക്കലും അണുബോംബുകളുണ്ട്, നിര്‍ഭാഗ്യവശാല്‍ അവ നമ്മുടെമേല്‍ പതിക്കും’’– എന്നായിരുന്നു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി കൂടിയായ ഫാറൂഖ് അബ്ദുല്ലയുടെ വാക്കുകൾ.
കശ്മീരിലെ വികസനം കണ്ട് ഇന്ത്യയുടെ ഭാഗമാകണമെന്നു പാക്ക് അധിനിവേശ കശ്മീരിലെ ജനങ്ങള്‍ സ്വയം ആവശ്യപ്പെടുന്നുണ്ടെന്നും പ്രദേശം ബലമായി പിടിച്ചെടുക്കേണ്ടെന്നും രാജ്‌നാഥ് സിങ് പറഞ്ഞിരുന്നു. പാക്ക് അധിനിവേശ കശ്മീര്‍ നമ്മുടേതാണെന്നും അങ്ങനെത്തന്നെ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാക്ക് അധിനിവേശ കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്നു കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയശങ്കറും കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടിരുന്നു.