സഞ്ജു ടെക്കിക്കെതിരെ കർശന നടപടി വേണം; ചട്ടവിരുദ്ധമായി വാഹനങ്ങളിൽ മാറ്റം വരുത്തരുതെന്ന് ഹൈക്കോടതി

Mail This Article
കൊച്ചി∙ വ്ലോഗർ സഞ്ജു ടെക്കി കാറിനുള്ളിൽ സ്വിമ്മിങ് പൂൾ ഒരുക്കിയ സംഭവത്തിൽ നേരിട്ട് ഇടപെട്ട് ഹൈക്കോടതി. സംഭവത്തിൽ കർശന നടപടി വേണമെന്ന് ഹൈക്കോടതി സർക്കാരിന് നിർദേശം നൽകി. സഞ്ജു ടെക്കിയുടെ കാര്യത്തിൽ സ്വീകരിച്ച നടപടികൾ മോട്ടോർ വാഹനവകുപ്പ് അറിയിക്കണമെന്നും കോടതി പറഞ്ഞു. മോട്ടോർ വാഹന ചട്ടം ലംഘിക്കുന്ന വ്ലോഗർമാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും കോടതി സർക്കാരിനെ അറിയിച്ചു.
മോട്ടോർ വാഹനവകുപ്പിന്റെ റിപ്പോർട്ട് അടുത്ത വെള്ളിയാഴ്ച ഹൈക്കോടതി പരിഗണിക്കും. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ, പി.ബി. അജിത് കുമാർ, ഹരിശങ്കർ വി.മേനോൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
സഫാരി കാറിനുള്ളില്‍ സ്വിമ്മിങ് പൂള്‍ ഒരുക്കിയുള്ള യാത്ര സഞ്ജു യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തിരുന്നു. വാഹനത്തില്‍ സഞ്ചരിച്ചുകൊണ്ട് കുളിയ്ക്കുകയും വെള്ളം റോഡിലേക്ക് ഒഴുക്കി വിടുകയും ചെയ്തിരുന്നു. ആലപ്പുഴ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ ആണ് സഞ്ജു ടെക്കിക്കെതിരെ നടപടി എടുത്തിരിക്കുന്നത്. വാഹനം പിടിച്ചെടുത്ത അധികൃതര്‍ കാര്‍ ഉടമയുടെയും ഡ്രൈവറുടെയും ലൈസന്‍സ് റദ്ദാക്കി.