ADVERTISEMENT

കൊല്ലം ∙ പെരുമൺ ട്രെയിൻ ദുരന്തത്തിന്റെ നടുക്കുന്ന ഓർമകളുടെ ചൂളംവിളിക്ക് ഇന്ന് 36 വയസ്സ്. 1988 ജൂലൈ എട്ടിനായിരുന്നു ഐലൻഡ് എക്സ്പ്രസ് പെരുമൺ പാലത്തിൽനിന്ന് അഷ്ടമുടിക്കായലിലേക്കു മറിഞ്ഞത്. യാത്രക്കാരും രക്ഷാപ്രവർത്തകരുമടക്കം 105 പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്. നൂറുകണക്കിനാളുകൾ ദുരന്തത്തിന്റെ ജീവിക്കുന്ന രക്തസാക്ഷികളായി.

ദുരന്തത്തിനു കാരണം ചുഴലിക്കാറ്റെന്ന് (ടൊർണാഡോ) റെയിൽവേ അടിവരയിട്ട് ഉറപ്പിച്ചു. എങ്കിലും അത്തൊരുമൊരു കാറ്റിന് ഒരു ട്രെയിനിനെ മറിച്ചിടാൻ കഴിയുമോയെന്ന ചോദ്യം ജനമനസ്സുകളിൽ ബാക്കിയായി. ദുരന്ത കാരണം കണ്ടെത്താൻ ഒട്ടേറെപ്പേർ അന്വേഷണം നടത്തി. കാരണങ്ങൾ പലതും കണ്ടെത്തിയെങ്കിലും അതിനെല്ലാം ‘ടൊർണാഡോ’യെ കൂട്ടുപിടിച്ചായിരുന്നു റെയിൽവേയുടെ മറുപടി.

2013 ൽ, ദുരന്ത കാരണം വിശദമായി അന്വേഷിക്കണം എന്നാവശ്യപ്പെട്ട് തേവള്ളി സ്വദേശിയായ അഭിഭാഷകൻ കോടതിയെ സമീപിച്ചിരുന്നു. കോടതി അന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും ആ അന്വേഷണവും എങ്ങും എത്തിയില്ല. അപകട കാരണം കണ്ടെത്താൻ കഴിയുന്നില്ലെന്നു കാണിച്ച് പൊലീസും 2019 ൽ അന്വേഷണം അവസാനിപ്പിച്ചു. ദുരന്തത്തിന്റെ യഥാർഥ കാരണം എന്നെങ്കിലും കണ്ടെത്തുമെന്ന പ്രതീക്ഷ മനസ്സിൽ പേറിയാണ് അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കളും പരുക്കേറ്റവരും ഓരോ വാർഷികാചരണ ദിനത്തിലും എത്തുന്നത്.

അനുസ്മരണ സമ്മേളനം
അഞ്ചാലുംമൂട് ∙ പെരുമൺ ട്രെയിൻ ദുരന്ത ദിനാചരണത്തിന്റെ ഭാഗമായി പെരുമൺ ട്രെയിൻ ദുരന്ത അനുസ്മരണ കമ്മിറ്റി സ്മൃതി ദിനാചരണവും പകർച്ചപ്പനി പ്രതിരോധ ഹോമിയോ മെഡിക്കൽ ക്യാംപും സംഘടിപ്പിക്കും. പെരുമൺ സ്മൃതി മണ്ഡപത്തിൽ രാവിലെ എട്ടിന് നടക്കുന്ന അനുസ്മരണ സമ്മേളനം എൻ.കെ.പ്രേമചന്ദ്രൻ എംപി ഉദ്ഘാടനം ചെയ്യും. ഡോ.കെ.വി.ഷാജി അധ്യക്ഷത വഹിക്കും. പനയം പഞ്ചായത്ത് ഇന്ന് 9 ന് പെരുമൺ പാലത്തിന് സമീപം അഷ്ടമുടിക്കായലിൽ പുഷ്പാർച്ചന നടത്തും. തുടർന്ന് ചേരുന്ന അനുസ്മരണ സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് ഡോ.കെ.രാജശേഖരൻ ഉദ്ഘാടനം ചെയ്യും.

English Summary:

36 Years of Heartache: The Unresolved Mysteries of the Peruman Train Disaster

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com