ADVERTISEMENT

തിരുവനന്തപുരം∙ മാലിന്യവാഹിനിയായ ആമയിഴഞ്ചാൻ തോടിനെ വീണ്ടെടുക്കാൻ പ്രഖ്യാപിച്ച പദ്ധതികളെല്ലാം ജലരേഖ ആയതിന്റെ തെളിവാണ് ജോയിക്കായുള്ള തിരച്ചിലിൽ കഴിഞ്ഞ 2 ദിവസത്തിനിടെ മലയാളി കണ്ട ദൃശ്യങ്ങൾ. തലസ്ഥാനനഗരിയിലെ വെള്ളക്കെട്ട് പരിഹരിക്കാൻ പ്രഖ്യാപിച്ച ഓപ്പറേഷൻ അനന്തയുടെ പരാജയമാണ് ഈ ദുർഗതിക്കു കാരണം. ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യക്കൂമ്പാരങ്ങൾക്കു മുകളിലാണ് നഗരം കെട്ടിപ്പടുത്തത്. വീടുകളിൽ നിന്നുള്ള  മാലിന്യവും കടകളിൽ നിന്നുള്ള തെർമോക്കോളും കമ്പിയും മുതൽ കക്കൂസ് മാലിന്യം വരെ തോട്ടില്‍ അടിഞ്ഞു കൂടുന്നു. റെയിൽവേ തള്ളുന്ന മാലിന്യത്തിനും കയ്യും കണക്കുമില്ല.

നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റേയും സർക്കാരിന്‍റെയും ഏറ്റവും ശക്തമായ ഇടപെടലായിരുന്നു ഓപ്പറേഷൻ അനന്ത. തമ്പാനൂർ, ചാല, പഴവങ്ങാടി, മേഖലകളിൽ വെള്ളക്കെട്ട് ഉണ്ടാക്കുന്ന പല കയ്യേറ്റങ്ങളും ഓപ്പറേഷൻ അനന്തയിൽ ഒഴിപ്പിച്ചു. ഓടകൾക്ക് മുകളിലെ കെട്ടിടങ്ങളെല്ലാം ഇടിച്ചു മാറ്റി പഴയ വീതിയിൽ ഓടകൾ പുനർ നിർമിച്ചു. വെള്ളം ഒഴുകിപ്പോകാനുള്ള ചാലുകളും തോടുകളും നവീകരിച്ചു. ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം നീക്കുക, കയ്യേറ്റങ്ങൾ ഒഴിപ്പിക്കുക എന്നിവയെല്ലാം ഓപ്പറേഷൻ അനന്തയുടെ ഭാഗമായിരുന്നു. എന്നാല്‍, വൻകിട കയ്യേറ്റങ്ങളിലേക്ക് അനന്ത കടന്നതോടെ ഓപ്പറേഷൻ നിലച്ചു. തൈക്കാട്ടു നിന്നടക്കമുള്ള നീർച്ചാലുകൾ ആമയിഴഞ്ചാൻ തോട്ടിൽ ചേർത്ത് നഗരത്തിലെ വെള്ളക്കെട്ട് പൂർണമായി പരിഹരിക്കാവുന്ന രണ്ടാം ഘട്ടത്തിലേക്ക് കടക്കാൻ പോലുമായില്ല. തുടങ്ങിവച്ചതെല്ലാം അതോടെ പാഴായി. 

ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യവും മണ്ണും ചെളിയും നിറഞ്ഞു. കഴിഞ്ഞ വർഷം ഒക്ടോബറിൽ നഗരം മഴയിൽ മുങ്ങിയതോടെ വീണ്ടും ആമയിഴഞ്ചാൻ തോട് പുനരുജ്ജീവനം ചർച്ചയായി. നവീകരണത്തിനു 25 കോടി രൂപയാണ് അനുവദിച്ചത്. കോടികൾ തോട്ടിൽ ഒഴുകിയിതല്ലാതെ ഒന്നും മാറിയില്ല. ഒക്ടോബറിൽ നഗരം മുങ്ങിയപ്പോൾ പ്രഖ്യാപിച്ച പദ്ധതികളും എവിടെയും എത്തിയില്ല. 

അനന്ത വന്ന വഴി

മൂന്നാറിനു ശേഷമുള്ള ഏറ്റവും വലിയ ആസൂത്രിത ഒഴിപ്പിക്കൽ എന്നാണ് ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തു നടന്ന ഓപ്പറേഷൻ അനന്ത വിശേഷിപ്പിക്കപ്പെട്ടത്. വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നടപടികൾക്കു ഭരണനേതൃത്വം ചീഫ് സെക്രട്ടറി ജിജി തോംസണു പൂർണ സ്വാതന്ത്യ്രം നൽകുകയും ചീഫ് സെക്രട്ടറിയുടെ ടീം അതു ഫലപ്രദമായി നടപ്പാക്കിത്തുടങ്ങുകയും ചെയ്‌തതോടെ ഇവിടെയും എന്തെങ്കിലുമൊക്കെ നടക്കുമെന്നു ജനത്തിനു ബോധ്യമായിത്തുടങ്ങി. പ്രതീക്ഷിച്ചതിലേറെ ജനകീയ പിന്തുണ ലഭിച്ചതോടെ പദ്ധതി വ്യാപകമാക്കാന്‍ ജിജി തോംസൺ തയാറായി.

കനത്ത വേനൽ മഴയിൽ ജനങ്ങൾ അനുഭവിച്ച ദുരിതമാണു സർക്കാരിനെ യുദ്ധകാലാടിസ്‌ഥാനത്തിലുള്ള നടപടികൾക്കു പ്രേരിപ്പിച്ചത്. സാധാരണക്കാർ ചീഫ് സെക്രട്ടറിയെ വരെ ഫോണിൽ വിളിച്ചു സങ്കടം പറഞ്ഞു.  വെള്ളപ്പൊക്കമുണ്ടായ പ്രദേശങ്ങളിൽ ചീഫ് സെക്രട്ടറി നേരിട്ടു പരിശോധന നടത്തി. വെള്ളം ഒഴിഞ്ഞുപോകാനുള്ള തോടുകളും ഓടകളും കയ്യേറിയതിന്റെയും വഴിമുടക്കിയതിന്റെയും ദൃശ്യങ്ങൾ ചീഫ് സെക്രട്ടറിയുടെ ടീം വിഡിയോയിൽ‌ പകർത്തി. മന്ത്രിസഭായോഗത്തിൽ ഇതു മുഖ്യമന്ത്രിയെയും മറ്റു മന്ത്രിമാരെയും കാണിച്ചു. തലസ്‌ഥാനനഗരത്തിന്റെ ശാപത്തിന്റെ യഥാർഥ ചിത്രങ്ങൾ കണ്ടതോടെ മന്ത്രിമാർ ഒന്നടങ്കം പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ടു. ചീഫ് സെക്രട്ടറിക്കു പൂർണ ചുമതലയും നൽകി. എന്നാൽ വൻകിട കയ്യേറ്റങ്ങൾ ഒഴിപ്പിക്കാനുള്ള നീക്കം നടക്കുന്നുവെന്ന് കണ്ടതോടെ വ്യവസായ ലോബി സർക്കാരിനെതിരെ തിരിഞ്ഞു. പതിയെ ഓപ്പറേഷൻ അനന്ത നിലച്ചു.

വലിയ അട്ടിമറി

ആമയിഴഞ്ചാൻ തോട് റെയിൽവെ ട്രാക്കിനടിയിൽ കൂടി കടന്നുപോകുന്ന ഭാഗം വീതികൂട്ടുന്നതിന് ഓപ്പറേഷൻ അനന്തയുടെ ഭാഗമായി തയാറാക്കിയ രൂപരേഖയിലും വലിയ അട്ടിമറിയാണ് നടന്നത്. പ്രീ ഫാബ്രിക് ടെക്നോളജി ഉപയോഗിച്ച് ഓവുചാലിന്‍റെ വീതികൂട്ടാനുള്ള വിശദമായ പദ്ധതി രേഖ മുന്നിലുണ്ടായിട്ടും സര്‍ക്കാര്‍ തലത്തിൽ തുടര്‍ നടപടികളൊന്നും ഉണ്ടായില്ല. മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടാൻ സ്ഥാപിച്ച ക്യാമറകളെക്കുറിച്ചുപോലും ഒരു വിവരവുമില്ല.

ഓപ്പറേഷൻ അനന്തയ്ക്ക് രൂപരേഖ ആയതിനു പിന്നാലെ ഊറ്റുകുഴി മുതൽ കയ്യേറ്റം ഒഴിപ്പിച്ച് ആദ്യഘട്ടം പൂർത്തിയാക്കിയിരുന്നു. ടണൽ വൃത്തിയാക്കാനുള്ള നീക്കം ആദ്യം റെയിൽവെയുടെ ഭാഗത്തുനിന്ന് ഉണ്ടായെങ്കിലും ഉന്നത തലത്തിൽ ഇടപെടൽ നടത്തിയാണ് പ്രശ്നം പരിഹരിച്ചത്. ടണലിന്‍റെ വീതികൂട്ടൽ ആയിരുന്നു രണ്ടാംഘട്ടത്തിലെ പ്രധാന ശുപാര്‍ശ. പക്ഷേ തുടര്‍ നടപടികൾ സര്‍ക്കാരിന്‍റെയോ ഉദ്യോഗസ്ഥരുടേയോ ഭാഗത്തുനിന്നും ഉണ്ടായില്ല.

വൻകിട കയ്യേറ്റക്കാര്‍ക്കെതിരെ നിയമപരമായ ചെറുത്തുനിൽപിനു പോലും മുതിരാതെ ഭരണ നേതൃത്വം പിൻവാങ്ങി. 

അനന്ത മാത്രമല്ല...

ആമയിഴ‌ഞ്ചാൻ തോടിന്റെ തമ്പാനൂർ ഭാഗം ഉൾപ്പെടെ വൃത്തിയാക്കി കോൺക്രീറ്റ് ബോക്സ് ഉപയോഗിച്ച് ഉപരിതലം പാതയായി ഉപയോഗിക്കുന്ന വിധത്തിൽ നിർമിക്കുന്ന പദ്ധതി തിരുവനന്തപുരം റോ‌ഡ് ഡെവലപ്പ്മെന്റ് കമ്പനി ലിമിറ്റഡ് (ടിആർഡിസിഎൽ) 2007ലും 2012ലും സർക്കാരിനു സമർപ്പിച്ചിരുന്നു. പദ്ധതിക്ക് പൊതുമരാമത്ത് വകുപ്പ് അനുവാദം നൽകിയില്ല. 10 കൊല്ലം മാലിന്യമില്ലാതെ സംരക്ഷിക്കാനാകുമെന്നും ഇതിനുവേണ്ടിയുള്ള തുടർ പ്രവർത്തനങ്ങൾ നടത്താനാകുമെന്നും വിശദീകരിച്ചിട്ടും പദ്ധതിക്ക് അനുമതി നിഷേധിക്കുകയായിരുന്നു. പഴവങ്ങാടി ഭാഗത്തെ വ്യാപാരികളുടെ പുനരധിവാസത്തിനുള്ള പദ്ധതിയുടെ രൂപരേഖ ഉൾപ്പെടെയാണ് അന്ന് ടിആർഡിസിഎൽ കൈമാറിയിരുന്നത്. ഈ പദ്ധതിയാണ് വഞ്ചിയൂർ‌ കോടതിക്കു മുന്നിൽ നടപ്പാക്കിയത്.

എവിടെ പുതിയ പദ്ധതി?

‘‘ഓപ്പറേഷൻ അനന്ത, അതൊക്കെ തീർന്നല്ലോ’’ എന്നാണ് കഴിഞ്ഞ വര്‍ഷം മന്ത്രി ശിവന്‍കുട്ടി മാധ്യമങ്ങളോട് നടത്തിയ പ്രതികരണം. ‘അതൊക്കെ അന്നത്തെ പ്രോജക്ട്, അതൊക്കെ തീർന്നല്ലോ ഇനി പുതിയ പ്രോജക്ടല്ലേ’ എന്നാണ് മന്ത്രി പറഞ്ഞത്. എന്നാൽ പുതിയ പ്രോജക്ടിനെപ്പറ്റി മാത്രം മിണ്ടാട്ടമില്ല. അനന്ത നിലച്ചതിന് ഉത്തരവുമില്ല.

English Summary:

Garbage Accumulation Leads to Waterlogging in Capital City

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com