ADVERTISEMENT

കോട്ടയം ∙ ‘‘കാർഗിലിൽ 4875 മീറ്റര്‍ ഉയരത്തിലുള്ള മല. ആ മല തുരന്ന് ബങ്കര്‍ ഉണ്ടാക്കി അതിനുള്ളിലാണ് പാക്ക് പട്ടാളക്കാര്‍ ഇരുന്നത്. അതിനു മുകളിൽ നമ്മള്‍ കൊണ്ടു പോയി ബോംബ് ഇട്ടാല്‍ പോലും അവര്‍ക്ക് ഒന്നും പറ്റില്ല. നേരെ മുന്നിലെത്തി ആക്രമിച്ചു മാത്രമേ അവരെ വകവരുത്താന്‍ കഴിയുമായിരുന്നുള്ളു. പോയിന്റ് 4875 കീഴടക്കിയത് ഏറെ പ്രയാസപ്പെട്ടാണ്. വല്ലാത്തൊരു പോരാട്ടമായിരുന്നു അത്' - കാര്‍ഗിലില്‍ ഇന്ത്യന്‍ മണ്ണില്‍ കടന്നുകയറിയ പാക്കിസ്ഥാനെ ഒരിക്കലും മറക്കാത്ത പാഠം പഠിപ്പിച്ച് രാജ്യത്തിന്റെ അഭിമാനം ആകാശത്തോളം ഉയര്‍ത്തി നെഞ്ചുറപ്പോടെ ശത്രുസൈനികരെ വകവരുത്താന്‍ 'ഫയര്‍ പ്ലാന്‍' മെനഞ്ഞ ബ്രിഗേഡിയര്‍ എന്‍.എ.സുബ്രഹ്മണ്യന്‍ മനോരമ ഓണ്‍ലൈനോട് പറഞ്ഞു. കാര്‍ഗില്‍ യുദ്ധവിജയത്തിൽ നിര്‍ണായകമായ പോയിന്റ് 4875 തിരികെപ്പിടിക്കാന്‍ ഫയര്‍ പ്ലാന്‍ തയാറാക്കിയത് സുബ്രഹ്മണ്യനാണ്. 

ഇന്ത്യയ്ക്ക് ഏറെ നിർണായകമായ പോയിന്റ് 4875

‘‘ദ്രാസ് സെക്ടറിലെ വലിയ മലയുടെ പേരാണ് പോയിന്റ് 4875. ഉയരം 4875 മീറ്റർ. ദ്രാസ് സെക്ടറിലെ ഏറ്റവും പ്രാധാന്യമുളള സ്ഥലം. ആ ഭൂപ്രദേശത്തിന്റെ ഘടനയാണ് മലയുടെ പ്രാധാന്യം വർധിപ്പിക്കുന്നത്. മലയുടെ ഉയരത്തിൽ ആയുധങ്ങളുമായി ഇരുന്നാൽ അവര്‍ക്ക് ‘നാഷനല്‍ ഹൈവേ വണ്‍ ആല്‍ഫ’ തടസ്സപ്പെടുത്താന്‍ കഴിയും. ശ്രീനഗറിനെയും ലേ ലഡാക്കിനെയും സിയാച്ചിനെയും കൂട്ടിമുട്ടിക്കുന്ന പാതയാണത്. അന്നും ഇന്നും ലേയിലേക്ക് പോകാൻ ആ ഒറ്റ റോഡ് മാത്രമേയുളളൂ. ആ വഴി ആരെങ്കിലും തടസ്സപ്പെടുത്തിയാല്‍ സിയാച്ചിനിലെയും അതിന്റെ ഇങ്ങേ ഭാഗത്തുളള ലേ ലഡാക്കിലെയും ആയിരക്കണക്കിന് സൈനികരെ നമുക്കു സംരക്ഷിക്കാന്‍ സാധിക്കില്ല. അവരുടെ ജീവനാഡിയാണ് ഈ റോഡ്. 

സൈനികരുടെ റേഷന്‍, ആയുധങ്ങള്‍, വസ്ത്രം, മരുന്നുകള്‍ തുടങ്ങി എല്ലാം എത്തിക്കുന്നത് ആ റോഡിലൂടെയാണ്. റോഡിലൂടെയുള്ള സൈനികനീക്കം കാണാൻ കഴിയുന്ന പ്രധാന മലകളെല്ലാം പാകിസ്ഥാൻ നുഴഞ്ഞുകയറ്റക്കാർ പിടിച്ചെടുത്തു. ദ്രാസ് സെക്ടറിലെ ടോലോലിങ്, ടൈഗര്‍ ഹില്‍, പോയിന്റ് 4875 എന്നിവയെല്ലാം നുഴഞ്ഞുകയറ്റക്കാരുടെ അധീനതയിലായി. കാർഗിൽ യുദ്ധത്തിൽ പോയിന്റ് 4875 ആണ് ഇന്ത്യ  അവസാനം പിടിച്ചെടുത്തത്. ആദ്യം ടോലോലിങും പിന്നെ ടൈഗര്‍ ഹില്ലും പിടിച്ചു. പോയിന്റ് 4875 തിരികെ പിടിക്കുക എന്നത് ഏറെ പ്രാധാന്യമുള്ളതായിരുന്നു. വലിയ കുന്നായതിനാലും ദുര്‍ഘടം പിടിച്ച ഭൂപ്രകൃതിയായതിനാലും അവിടുത്തെ സൈനിക നീക്കത്തിന് ഒരുപാട് സൈനികരുടെ ആവശ്യമുണ്ടായിരുന്നു.

ദ്രാസിലെ കാർഗിൽ യുദ്ധസ്മാരകത്തിൽ 2024 ഏപ്രിൽ 10-ന് ആർട്ടിലറി റെജിമെന്റ് സംഘടിപ്പിച്ച കാർഗിൽ വിജയ് ദിവസ് രജത ജയന്തി മഹോത്സവത്തിനിടെ പകർത്തിയ ചിത്രം.
ദ്രാസിലെ കാർഗിൽ യുദ്ധസ്മാരകത്തിൽ 2024 ഏപ്രിൽ 10-ന് ആർട്ടിലറി റെജിമെന്റ് സംഘടിപ്പിച്ച കാർഗിൽ വിജയ് ദിവസ് രജത ജയന്തി മഹോത്സവത്തിനിടെ പകർത്തിയ ചിത്രം.

പോയിന്റ് 4875ൽ ആക്രമണം നടത്താനുള്ള ഉത്തരവാദിത്തം 79 മൗണ്ടന്‍ ബ്രിഗേഡിനെയാണ് 8 മൗണ്ടന്‍ ഡിവിഷന്‍ ഏല്‍പിച്ചത്. 79 മൗണ്ടന്‍ ബ്രിഗേഡിന്റെ ഡയറക്റ്റ് സപ്പോര്‍ട്ട് ആര്‍ട്ടിലറി റെജിമെന്റിന്റെ കമാന്‍ഡിങ് ഓഫിസറായിരുന്നു ഞാന്‍. പോയിന്റ് 4875 ആക്രമിച്ച് പിടിച്ചെടുക്കാനുള്ള മുഴുവന്‍ പ്ലാനും തയാറാക്കിയത് ഞാനും ടീമുമായിരുന്നു. എന്റെ നേതൃത്വത്തിൽ ഉണ്ടാക്കിയ പ്ലാന്‍ ഇന്‍ഫെന്ററി ബ്രിഗേഡ് കമാന്‍ഡറും എന്റെ സീനിയര്‍ ആര്‍ട്ടിലറി കമാന്‍ഡറും അതിനു മുകളിലുളള കമാന്‍ഡേഴ്‌സും അംഗീകരിച്ചാലേ നടപ്പിലാക്കാൻ കഴിയൂ.

വളരെ ദുര്‍ഘടം പിടിച്ച ഒരു പ്രദേശമായിരുന്നു. കുന്നിനു മുകളിലേക്ക് കയറിയാൽ എത്തുന്നത് ശത്രുവിനു മുന്നിലേക്കാണ്. കല്ല് താഴേക്കിട്ടു പോലും ശത്രുവിന് ഇന്ത്യൻ സൈനിക നീക്കം തടയാനാകും. നേരെ മുന്നില്‍ കൂടി വേണം ശത്രുവിനെ ആക്രമിക്കാൻ. വശങ്ങളിലൂടെയോ പിന്നിലൂടെയോ ഉള്ള ആക്രമണം സാധ്യമല്ല. ഏറെ ദുഷ്‌കരമായ നീക്കമായിരുന്നു. നുഴഞ്ഞുകയറ്റക്കാർ അവരുടെ ആയുധങ്ങള്‍ ഉള്‍പ്പെടെ എല്ലാ സംവിധാനങ്ങളും മലയുടെ മുകളിൽ മുന്‍ഭാഗത്തേക്കാണ് സജ്ജമാക്കിയിരുന്നത്. ആ ഭാഗത്ത് അവര്‍ ഏത്രയോ നാളുകളായി പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കിയിരിക്കുകയായിരുന്നു. മല തുരന്ന് അതിന്റെ ഉളളില്‍ ബങ്കര്‍ ഉണ്ടാക്കി അതിനകത്താണ് അവര്‍ കഴിഞ്ഞിരുന്നത്. അതിനു മുകളിൽ ബോംബ് ഇട്ടാല്‍ പോലും നുഴഞ്ഞുകയറ്റക്കാർക്ക് ഒന്നും പറ്റില്ല. ഈ ബങ്കറുകളിൽ ഇരുന്നാണ് നുഴഞ്ഞുകയറ്റക്കാർ താഴേക്ക് ആക്രമണം നടത്തി നാഷനൽ ഹൈവേ വൺ ആൽഫയിലൂടെയുള്ള വാഹനനീക്കം തടസ്സപ്പെടുത്താൻ ശ്രമിച്ചുകൊണ്ടിരുന്നത്. മൈന്‍ ഫീല്‍ഡുകളും സെറ്റ് ചെയ്തിരുന്നു. അവരെ താഴെനിന്ന് കയറുപയോഗിച്ച് മലയിലേക്ക് കയറി മുന്നില്‍നിന്ന് ആക്രമിച്ചു പരാജയപ്പെടുത്തുക എളുപ്പമായിരുന്നില്ല.

കാർഗിലിലെ യുദ്ധ സ്മാരകത്തിൽ ബ്രിഗേഡിയര്‍ എന്‍.എ.സുബ്രഹ്മണ്യന്‍.
കാർഗിലിലെ യുദ്ധ സ്മാരകത്തിൽ ബ്രിഗേഡിയര്‍ എന്‍.എ.സുബ്രഹ്മണ്യന്‍.

നിരപ്പായ ഒരു സ്ഥലത്തോ മരുഭൂമിയിലോ ആക്രമണം നടത്താൻ സൈനിക അനുപാതം 1:4 ആണ്. അതായത് ഒരു ശത്രുവിന് 4 സൈനികർ വേണം. കാർഗിൽ മേഖലയിൽ ഒരു ശത്രുവിന് 8 മുതല്‍ 20 വരെ സൈനികരെ വേണം. അത്രയേറെ ദുര്‍ഘടം പിടിച്ച സൈനിക നീക്കമാണ്. ആയുധങ്ങളും മറ്റു സാധനങ്ങളുമടക്കം 24 കിലോ ഭാരവും എടുത്ത് മലയിലൂടെ ഓരോ അടിയും ശ്രദ്ധിച്ച് ഒറ്റ വരിയായി വേണം മുന്നോട്ടു പോകാന്‍. ഈ സമയത്ത് അവര്‍ക്ക് നമ്മളെ ആക്രമിക്കാന്‍ ആയുധംപോലും വേണ്ട. ഉയരത്തിൽനിന്ന് ഒരു കല്ല് എടുത്ത് താഴേക്കിട്ടാൽ മതി. കാർഗിൽ മേഖലയിൽ നൂറു മീറ്റര്‍ നടക്കാന്‍ 15 മിനിറ്റ് എടുക്കും. ഇവിടെ പരമാവധി രണ്ടു മിനിറ്റു കൊണ്ട് നമുക്ക് നൂറു മീറ്റര്‍ നടക്കാനാകുമെന്ന് ഓർക്കണം.

അപ്പോള്‍ അവിടെയുളള പാക്കിസ്ഥാന്‍കാരെ മാനസികമായും ശാരീരികമായും തകര്‍ക്കുകയാണ് വേണ്ടത്. അതാണ് ആര്‍ട്ടിലറിയുടെ പ്രധാന റോള്‍. ബോഫോഴ്‌സ് തോക്കും റോക്കറ്റ് ആര്‍ട്ടിലറിയും വച്ച് നേരിട്ട് വെടിവയ്പ് നടത്തി ആള്‍നാശം ഉണ്ടാക്കി അവരെ മാനസികമായി തകര്‍ത്തു. അതിനു ശേഷമായിരുന്നു ആര്‍ട്ടിലറിയുടെയും കരസേനയുടെയും പ്രധാന ആക്രമണം. സാധാരണ ഒരു കമാന്‍ഡിങ് ഓഫിസറെ നേരിട്ടുള്ള ആക്രമണത്തിനു നിയോഗിക്കില്ല. ക്യാപ്റ്റനെയോ മേജറെയോ ആണ് ചുമതല എല്‍പ്പിക്കുക. ഞാന്‍ പോകാമെന്ന് എന്റെ മുതിര്‍ന്ന കമാന്‍ഡര്‍മാരോടു പറഞ്ഞെങ്കിലും അവര്‍ സമ്മതിച്ചില്ല. എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ആ ഓപ്പറേഷന്‍ തടസപ്പെടും.

kargil-4

ഈ ആക്രമണം നടക്കുന്നതിന്റെ തലേദിവസം ഷെല്ലിങ്ങില്‍ എന്റെ സെക്കന്‍ഡ് ഇന്‍ കമാൻഡ് മേജർ സി.ബി.ദ്വിവേദി വീരമൃത്യു വരിച്ചിരുന്നു. എന്റെ തൊട്ടടുത്തിരുന്ന് ഫയര്‍ പ്ലാന്‍ തയാറാക്കുകയായിരുന്നു അദ്ദേഹം. ശത്രുവിന്റെ കൗണ്ടർ ബൊംബാഡ്മെന്റിൽ (നമ്മുടെ ആയുധങ്ങൾക്കുമേൽ ശത്രു നേരിട്ട് ആക്രമണം നടത്തുന്ന രീതി) മേജർ സി.വി.ദ്വിവേദിയെ കൂടാതെ എന്റെ 5 ജവാന്‍മാരും വീരമൃത്യു വരിച്ചു. ഒരു പീരങ്കി ഉപയോഗശൂന്യമായി. എന്റെ മനസ്സാകെ കലങ്ങി മറിയുകയായിരുന്നു. ഇതിനു പ്രതികാരം ചോദിക്കണമല്ലോ. എന്നെ വിടാന്‍ മുതിര്‍ന്ന കമാന്‍ഡര്‍മാര്‍ സമ്മതിക്കാത്തതിനാൽ അവരുടെ സീനിയറായ 8 മൗണ്ടൻ ഡിവിഷന്റെ ജനറൽ ഓഫിസർ കമാൻഡിങ് ആയിരുന്ന മേജര്‍ ജനറൽ മഹിന്ദർപുരിയോട് അനുവാദം ചോദിച്ചു. ഞാന്‍ ഈ സുരക്ഷയില്‍ ഇരുന്നിട്ട് കാര്യമില്ല. നേരിട്ടിറങ്ങിയാലേ കാര്യം നടക്കൂ എന്നു പറഞ്ഞു. സാറും എന്നെ നിരുത്സാഹപ്പെടുത്തി. എനിക്ക് ഒന്നും സംഭവിക്കില്ല, സംഭവിക്കുന്നെങ്കില്‍ സംഭവിക്കട്ടെയെന്നു ഞാന്‍ പറഞ്ഞു.

1999 ജൂലൈ 3, 4 ദിവസങ്ങളിലാണ് എന്റെ നേതൃത്വത്തിൽ ഓപ്പറേഷൻ നടന്നത്. ഫയറിങ്ങില്‍ 10 റെജിമെന്റുകള്‍ പങ്കെടുത്തു. ഏകദേശം 3000 പേർ. പോയിന്റ് 4875 ന് സമീപത്തുള്ള പന്ത്രാസ് റിഡ്ജിൽ ഞങ്ങളെത്തി മലയുടെ ഒരു ഭാഗത്ത് സ്ഥലം സജ്ജമാക്കി. അവിടെയിരുന്നാണ് യുദ്ധം മുഴുവന്‍ നിയന്ത്രിച്ചത്. ഞാനും മേജറും നാല് സൈനികരുമാണ് സംഘത്തിലുണ്ടായിരുന്നത്. ഞാനും സംഘവും ഇരുന്നതിന്റെ 1100 മീറ്റര്‍ അകലെയാണ് പോയിന്റ് 4875. പന്ത്രാസ് റിഡ്ജിലിരുന്ന് ഞാന്‍ ആര്‍ട്ടിലറി പ്ലാന്‍ നടപ്പാക്കി. 100 വിവിധ ശ്രേണിയിലുള്ള തോക്കുകളും റോക്കറ്റുകളും കൂടി ചേര്‍ന്ന് ഒരു മണിക്കൂര്‍ 20 മിനിറ്റ് എല്ലാ ദിശകളിലൂടെയും നിര്‍ത്താതെ പോയിന്റ് 4875 ലെ പാക്ക് പട്ടാളക്കാരെ ആക്രമിച്ചു. ഈ സമയം നമ്മുടെ സൈനികര്‍ മലയുടെ വിവിധ ഭാഗങ്ങളിൽ സ്ഥാനം പിടിച്ചു. വൈകിട്ട് 6.40 നാണ് ഷെല്ലാക്രമണം തുടങ്ങിയത്. 8 മണി വരെ തുടര്‍ന്നു. 8 മണിക്കാണ് സൈനികർ മലയുടെ മുകളിലേക്ക് കയറുന്നത്. 80 മിനിറ്റ് ബോംബ് വര്‍ഷിച്ചപ്പോള്‍ മല കുലുങ്ങുകയായിരുന്നു. 

ഇതിനു ശേഷം കവറിങ് ഫയര്‍ നടത്തി. നമ്മുടെ സൈനികരുടെ മലമുകളിലേക്കുള്ള നീക്കം കവര്‍ ചെയ്യാനായിട്ടായിരുന്നു ഇത്. ആ സമയം പാക്ക് സൈനികര്‍ തലയുയര്‍ത്താതിരിക്കാനായിട്ടാണ് ഇങ്ങനെ ചെയ്തത്. സൈനികര്‍ നുഴഞ്ഞുകയറ്റക്കാരുടെ 300 മീറ്റര്‍ അടുത്ത് എത്തുന്നതിനു മുൻപ് കവറിങ് ഫയര്‍ നിര്‍ത്തും. നമ്മള്‍ ഫയര്‍ പ്ലാന്‍ നടപ്പാക്കിയപ്പോള്‍ത്തന്നെ പാക്ക് സൈന്യത്തിന് കാര്യം മനസ്സിലായി. എവിടെനിന്നാണ് നമ്മള്‍ വെടിവയ്ക്കുന്നതെന്നു മനസ്സിലാക്കി അവര്‍ തിരിച്ചു വെടിവയ്ക്കാന്‍ തുടങ്ങി. ഞാനിരുന്ന സ്ഥലത്തിനടുത്തേക്ക് 15 മിനിറ്റിലേറെ ആര്‍ട്ടിലറിയും മോര്‍ട്ടാറും ഉപയോഗിച്ച് നുഴഞ്ഞുകയറ്റക്കാർ രൂക്ഷമായ വെടിവയ്പ്പ് നടത്തി. ആ സമയത്ത് നമ്മള്‍ വെടിവച്ചില്ല. ഞാന്‍ എന്റെ ഒപ്പമുണ്ടായിരുന്ന ഒരു സൈനികനെ 150 മീറ്റര്‍ അകലേക്കു പറഞ്ഞു വിട്ടു. അവിടെ പോയി റേഡിയോ സെറ്റില്‍ വിളിക്കാന്‍ പറഞ്ഞു. അവന്‍ നിരങ്ങിയാണ് പോയത്.

kargil-2

റേഡിയോ സിഗ്നൽ കിട്ടിയതോടെ പാക്ക് സൈന്യം അവിടേക്കു വെടിവച്ചു തുടങ്ങി. ഞാന്‍ നിന്നിടത്തുനിന്നു മാറാതെ തന്നെ നടപടികള്‍ നിയന്ത്രിച്ചു. പിന്നെ നടന്നത് ഇന്‍ഫെന്ററിക്കാരുടെ പോരാട്ടമാണ്. നമ്മള്‍ എത്ര വെടിവയ്പ് നടത്തിയാലും നുഴഞ്ഞുകയറ്റക്കാരെ ബങ്കറിനുളളില്‍ ചെന്ന് നശിപ്പിക്കേണ്ടത് ഇന്‍ഫെന്ററി സൈനികരാണ്. അവരാണ് ഈ യുദ്ധത്തില്‍ ഏറ്റവും പ്രധാനപ്പെട്ട റോള്‍ ചെയ്തതും ജീവന്‍ ബലിയര്‍പ്പിച്ചതും. അവരുടെ ധീരതയും കഷ്ടപ്പാടുമാണ് യുദ്ധം ജയിപ്പിച്ചത്. നമ്മള്‍ എത്ര വെടിവച്ചാലും അവർക്കു മാത്രമേ അവിടെ ചെന്ന് ശത്രുക്കളെ നേരിട്ടു നശിപ്പിക്കാന്‍ സാധിക്കൂ. ഒടുവിൽ സാഹസികമായി കുന്നിനു മുകളിലെത്തിയ സൈന്യം നുഴഞ്ഞു കയറ്റക്കാരെ വധിച്ച് കുന്ന് തിരിച്ചുപിടിച്ചു. നിരവധി സൈനികർക്ക് ജീവൻ നഷ്ടമായെങ്കിലും നുഴഞ്ഞു കയറ്റക്കാരെ ഇന്ത്യൻ ഭൂമിയിൽനിന്ന് തുരത്തി. ഇനി ഒരിക്കലും തിരിച്ചുവരാൻ മാനസിക, സൈനിക ശക്തിയുണ്ടാകാത്ത തരത്തിലാണ് അവരെ പരാജയപ്പെടുത്തിയത്’’– സുബ്രഹ്മണ്യൻ പറഞ്ഞു.

ഇന്ത്യന്‍ ആര്‍ട്ടിലറിയില്‍ സുബ്രഹ്മണ്യനടക്കം മൂന്ന് പേരാണ് യുദ്ധ സേവാമെഡലിന് അര്‍ഹരായത്. സുബ്രഹ്മണ്യന്റെ റജിമെന്റിന് 'ബാറ്റില്‍ ഓണര്‍ കാര്‍ഗില്‍' എന്ന പുരസ്‌കാരവും ലഭിച്ചു. 30200 റൗണ്ടാണ് സുബ്രഹ്മണ്യന്റെ റജിമെന്റ് ഫയർ ചെയ്തത്. അതൊരു റെക്കോർഡാണ്. ഒരു യുദ്ധത്തിൽ ഇത്രയും റൗണ്ട് വെടിവയ്ക്കുന്നത് അസാധാരണമാണ്. ആർട്ടിലറിയിൽ 15 അവാർഡുകൾ ഉണ്ടായിരുന്നതിൽ ആറെണ്ണം സുബ്രഹ്മണ്യന്റെ റജിമെന്റിന് ലഭിച്ചു. മേജർ സി.ബി.ദ്വിവേദിക്ക് മരണാനന്തരം സേനാമെഡൽ ലഭിച്ചു.

kargil-1
English Summary:

Battle for Point 4875 in Kargil war

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com