'മോദിയും നന്നായി 'വിദേശസഹകരണം' നടത്തിയിരുന്നു; കാനഡയേയും ഓസ്ട്രേലിയയേയും ഇന്ത്യ കണ്ടുപഠിക്കണം'
Mail This Article
തിരുവനന്തപുരം∙ കേരള സര്‍ക്കാര്‍ ‘വിദേശ സഹകരണ’ത്തിനായി ഡോ.കെ.വാസുകിയെ നിയമിച്ചതിനെതിരായ കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ പ്രസ്താവന തികച്ചും ദൗര്‍ഭാഗ്യകരമാണെന്ന് നെതര്‍ലന്‍ഡിലെ മുന്‍ ഇന്ത്യന്‍ അംബാസഡറും മുതിര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥനുമായിരുന്ന വേണു രാജാമണി മനോരമ ഓണ്‍ലൈനിനോടു പറഞ്ഞു. വാണിജ്യം, നിക്ഷേപം, സാംസ്‌കാരിക സഹകരണം, ജനങ്ങള്‍ തമ്മിലുള്ള പരസ്പര സഹകരണം എന്നീ മേഖലകളില്‍ രാജ്യാന്തര ബന്ധം വികസിപ്പിക്കുന്നതില്‍ സംസ്ഥാനങ്ങളെ സഹായിക്കുക എന്ന നരേന്ദ്ര മോദി സര്‍ക്കാരിന്റെ നയത്തിന് വിരുദ്ധമാണ് വിദേശകാര്യമന്ത്രാലയത്തിന്റെ നിലപാടെന്നും മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ പ്രസ് സെക്രട്ടറിയായും ദുബായ് കോണ്‍സല്‍ ജനറലായും പ്രവര്‍ത്തിച്ചിട്ടുള്ള വേണു രാജാമണി പറഞ്ഞു.
വിദേശകാര്യ വിഷയങ്ങളില്‍ സംസ്ഥാനങ്ങളെ സഹായിക്കാന്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രത്യേക 'സ്‌റ്റേറ്റ്‌സ് ഡിവിഷന്‍' തന്നെ രൂപീകരിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ നിരവധി വിദേശയാത്രകള്‍ നടത്തുകയും ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന നയതന്ത്ര പ്രതിനിധികളുമായി നിരന്തരം ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിരുന്നു. വൈബ്രന്റ് ഗുജറാത്ത് ഇന്‍വെസ്റ്റ്‌മെന്റ് പ്രമോഷന്‍ പരിപാടിയെ കേന്ദ്ര വിദേശകാര്യമന്ത്രാലയവും വിദേശത്തുള്ള ഇന്ത്യന്‍ എംബസികളും മികച്ച രീതിയില്‍ പിന്തുണച്ചിരുന്നുവെന്നും വേണു രാജാമണി പറഞ്ഞു.
മുഖ്യമന്ത്രിമാരുടെയും സംസ്ഥാന മന്ത്രിമാരുടെയും സന്ദര്‍ശന വേളയില്‍ അതത് സംസ്ഥാനങ്ങളുമായി സഹകരിച്ച് പരിപാടികള്‍ സംഘടിപ്പിക്കാന്‍ ഇന്ത്യന്‍ നയതന്ത്രകാര്യാലയങ്ങള്‍ക്കു പ്രത്യേക ഫണ്ട് അനുവദിച്ചിട്ടുണ്ട്. ചില പ്രത്യേക സംസ്ഥാനങ്ങള്‍ തിരഞ്ഞെടുത്ത് സേവന കാലാവധിയില്‍ ഉടനീളം ആ സംസ്ഥാനങ്ങളുമായി നിരന്തരബന്ധം സൂക്ഷിക്കാന്‍ വിദേശകാര്യ സര്‍വീസിലുള്ള ഉദ്യോഗസ്ഥരെ പ്രോത്സാഹിപ്പിക്കാറുണ്ട്. സംസ്ഥാനങ്ങള്‍ സന്ദശിച്ച് വിദേശ സഹകരണം എങ്ങനെ മെച്ചപ്പെടുത്താം എന്നതു സംബന്ധിച്ച് സര്‍ക്കാരുകളുമായി ചര്‍ച്ച നടത്താന്‍ വിദേശരാജ്യങ്ങളിലെ ഇന്ത്യന്‍ അംബാസഡര്‍മാരെയും പ്രോത്സാഹിപ്പിക്കാറുണ്ടെന്നും വേണു രാജാമണി പറഞ്ഞു.
ഹരിയാന സര്‍ക്കാരും സമാനമായി ഉദ്യോഗസ്ഥനെ നിയമിച്ചിട്ടുണ്ട്. ഗുജറാത്തിലെും ഹരിയാനയിലെയും കാര്യങ്ങള്‍ വരുമ്പോള്‍ എന്തുകൊണ്ടാണ് വിദേശകാര്യമന്ത്രാലയം ആക്ഷേപമൊന്നും ഉന്നയിക്കാത്തത്. കേരളത്തിന്റെ കാര്യത്തില്‍ പെട്ടെന്ന് എന്താണ് തര്‍ക്കമുന്നയിക്കുന്നത്? പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളോട് വിദേശകാര്യ മന്ത്രാലയം ഇരട്ടത്താപ്പും വിവേചനവും കാട്ടുന്നുവെന്ന ആരോപണം ഉയരാന്‍ മാത്രമേ ഇത്തരം നടപടികള്‍ ഉപകരിക്കൂ. കേരളം 'വിദേശകാര്യ സെക്രട്ടറി'യെ നിയമിച്ചുവെന്ന തെറ്റായ വാര്‍ത്ത കണ്ടും കേന്ദ്ര അധികാരത്തില്‍ സംസ്ഥാനം കടന്നുകയറുന്നുവെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്റെ വിമര്‍ശനവും കണക്കിലെടുത്തും അമിതാവേശത്തോടെയുള്ള പ്രതികരണമാണ് വിദേശകാര്യമന്ത്രാലയം നടത്തിയിരിക്കുന്നത്.
വാസുകിയെ നിയമിച്ചുള്ള ഉത്തരവ് പുറത്തിറക്കുന്നതിനു മുന്‍പ് കേന്ദ്രവിദേശകാര്യമന്ത്രാലയവുമായി ബന്ധപ്പെട്ട് അവരുടെ ഉത്തരവാദിത്തങ്ങള്‍ എന്താണെന്നു വിശദീകരിച്ചില്ലെന്നത് സംസ്ഥാന സര്‍ക്കാര്‍ വരുത്തിയ പിഴവാണ്. എന്നാല്‍ അത് കേന്ദ്രഅധികാരത്തിലുളള കടന്നുകയറ്റമാണെന്ന നിലപാട് വിശേകാര്യമന്ത്രാലയവും സ്വീകരിക്കേണ്ടതില്ല. കെ.വാസുകിക്ക് നല്‍കിയിരിക്കുന്ന ചുമതലകള്‍ 2021-23 കാലയളവില്‍ 'വിദേശ സഹകരണ' ചുമതലയുള്ള ചീഫ് സെക്രട്ടറി പദവിയില്‍ ഓഫിസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടിയെന്ന നിലയില്‍ ഡല്‍ഹിയില്‍ കേരളാ ഹൗസ് കേന്ദ്രീകരിച്ച് ഞാന്‍ നിര്‍വഹിച്ചിരുന്നു.
ഓഫിസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടിയായുള്ള എന്റെ നിയമനത്തിന്റെ പിന്തുടര്‍ച്ച മാത്രമാണ് ഇപ്പോഴത്തെ നിയമനം. 2021ല്‍ എന്റെ നിയമനത്തിനു മുന്‍പ് അന്നത്തെ ചീഫ് സെക്രട്ടറി ഡോ.വി.പി.ജോയിയുമായി ചര്‍ച്ചകള്‍ നടത്തി സംസ്ഥാന സര്‍ക്കാരിന്റെ നടപടി വിദേശകാര്യമന്ത്രാലയത്തിനു വിരുദ്ധമാകില്ലെന്ന് ഉറപ്പു വരുത്തിയിരുന്നു. വിദേശകാര്യമന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി അനൗദ്യോഗിക ആശയവിനിമയം നടത്തി അന്തിമ ഉത്തരവ് ഇറക്കുന്നതിനു മുന്‍പ് അനുവാദം വാങ്ങുകയും ചെയ്തു. 'വിദേശ ബന്ധം', 'വിദേശകാര്യം' തുടങ്ങിയ വാക്കുകള്‍ മനപൂര്‍വം ഒഴിവാക്കിയാണ് 'വിദേശ സഹകരണം' എന്ന വാക്ക് തിരഞ്ഞെടുത്തത്. തെറ്റിദ്ധാരണ ഒഴിവാക്കുക എന്നതായിരുന്നു ലക്ഷ്യം.
ചുമതലയേറ്റ ശേഷം ആദ്യം ചെയ്തത് വിദേശകാര്യ മന്ത്രാലയത്തില്‍ എത്തി സ്‌റ്റേറ്റ് ഡിവിഷന്‍ ആന്‍ഡ് ഇക്കണോമിക് അഫയേഴ്‌സിന്റെ ചുമതലയുള്ള സെക്രട്ടറിയെ കാണുകയായിരുന്നു. ഗള്‍ഫ് രാജ്യങ്ങള്‍, ഓവര്‍സീസ് ഇന്ത്യന്‍ അഫയേഴ്‌സ് ആന്‍ഡ് കോണ്‍സുലാര്‍, പാസ്‌പോര്‍ട്ട് , വീസ എന്നിവയുടെ ചുമതലയുള്ള സെക്രട്ടറിയെയും സന്ദര്‍ശിച്ചു. വിദേശകാര്യമന്ത്രി ആയിരുന്ന വി.മുരളീധരനെ കണ്ട് മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശം ആവശ്യപ്പെട്ടു. വിദേശകാര്യമന്ത്രാലയവുമായി ചര്‍ച്ച നടത്താതെ ഒരു കാര്യവും ചെയ്യാന്‍ കേരളസര്‍ക്കാരിന് ഉദ്ദേശ്യമില്ലെന്ന് അദ്ദേഹത്തിന് ഉറപ്പു നല്‍കിയെന്നും വേണു രാജാമണി പറഞ്ഞു.
പാരാ ഡിപ്ലോമസി ഇപ്പോള്‍ ഇന്റര്‍നാഷനല്‍ റിലേഷന്‍സിലെ ഒരു പ്രധാന പാഠ്യവിഷയമാണ്. ഇതിന്റെ വിജയകരമായ ഉദാഹരണമാണ് കേരള സര്‍ക്കാരിന്റെ ഓഫിസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടി ആയി ഞാന്‍ പ്രവര്‍ത്തിച്ച രണ്ടു വര്‍ഷം. കേരളത്തിനായി നിരവധി നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ ഈ കാലയളവില്‍ കഴിഞ്ഞിരുന്നു. അതേക്കുറിച്ച് സംസാരിക്കാനും എഴുതാനും പലരും ക്ഷണിച്ചിരുന്നു. സഹകരണ ഫെഡറലിസത്തിന്റെ ആവശ്യകതയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നിരവധി തവണ ആവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ട്. കാനഡ, ഓസ്‌ട്രേലിയ, യുഎസ് എന്നീ രാജ്യങ്ങള്‍ സ്വന്തം പ്രവിശ്യകള്‍ക്ക് വിദേശവിഷയങ്ങളില്‍ പിന്തുണയും സ്ഥാനവും എങ്ങനെയാണ് നല്‍കുന്നതെന്ന് ഇന്ത്യ കണ്ടു പഠിക്കണം. ഓസ്‌ട്രേലിയ, കാനഡ എന്നീ രാജ്യങ്ങളുടെ പ്രവിശ്യകള്‍ക്ക് ഇന്ത്യയില്‍ ഓഫിസ് തുറക്കാന്‍ വിദേശകാര്യമന്ത്രാലയം അനുമതി നല്‍കിയിരുന്നു. അവയൊക്കെ നന്നായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിനുള്ള കാരണമായല്ല അതിനെ കാണുന്നത്. സംസ്ഥാനങ്ങളെ സഹായിക്കുക വഴി രാജ്യത്തിന്റെ പൊതുനന്മയെ പ്രോത്സാഹിപ്പിക്കാനുള്ള ഒത്തൊരുമിച്ചുള്ള നീക്കമാണത്. കാനഡയില്‍ വിദേശയാത്രകളില്‍ പ്രാദേശിക നേതാക്കള്‍ ദേശീയ നേതാക്കളെ അനുഗമിക്കുന്ന 'ടീം കാനഡ' എന്ന സംവിധാനം പോലുമുണ്ടെന്ന് വേണു രാജാമണി പറഞ്ഞു.
അയല്‍ രാജ്യങ്ങളുമായുള്ള ബന്ധത്തില്‍ പല സംസ്ഥാനങ്ങള്‍ക്കും താല്‍പര്യങ്ങളും ആശങ്കകളുമുണ്ട്. ബംഗാള്‍-ബംഗ്ലദേശ്, യുപി-നേപ്പാള്‍, പഞ്ചാബ്-പാക്കിസ്ഥാൻ, തമിഴ്‌നാട്- ശ്രീലങ്ക, കേരളം-ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവ ഉദാഹരണങ്ങളാണ്. സംസ്ഥാനങ്ങളെ സംബന്ധിച്ച് പ്രധാന്യമുള്ള വിഷയങ്ങളില്‍ നിര്‍ണായക തീരുമാനമെടുക്കും മുന്‍പ് കേന്ദ്രസര്‍ക്കാര്‍ അതത് സംസ്ഥാനങ്ങളുമായി ആശയവിനിമയം നടത്തണം.
ഇപ്പോഴത്തെ വിഷയത്തില്‍, 'വിദേശ സഹകരണ'വുമായി ബന്ധപ്പെട്ട് എല്ലാ വിവരങ്ങളും ഫയലുകളും രേഖകളും ഉള്‍ക്കൊളളുന്ന ഒരു ചെറിയ സംവിധാനം മാതമാണ് കേരള സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. ഞാന്‍ ഓഫിസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടിയായി പ്രവര്‍ത്തിച്ചപ്പോള്‍ ചീഫ് സെക്രട്ടറിയുടെ ഓഫിസിലായിരുന്നു ഈ ഫയലുകള്‍ എല്ലാം. നൂറുകണക്കിന് ദൈനംദിന കാര്യങ്ങള്‍ക്കിടെ വിദേശസഹകരണ വിഷയങ്ങള്‍ ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ പ്രയോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. അതിനായി പ്രത്യേക ചുമതല നല്‍കി ഒരു ഓഫിസറെ നിയോഗിക്കുന്നത് ശരിയായ തീരുമാനമാണ്. അതിനെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം തള്ളിപ്പറയുന്നതിനു പകരം സ്വാഗതം ചെയ്യുകയാണ് വേണ്ടത്. ആ തസ്തിക വിദേശകാര്യമന്ത്രാലയത്തിനു ഗുണകരമാകുകയേ ഉള്ളൂവെന്നും വേണു രാജാമണി പറഞ്ഞു.