നടിയുടെ ലൈംഗികാതിക്രമ പരാതി: മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ച് മണിയൻപിള്ള രാജു
Mail This Article
കൊച്ചി∙ ലൈംഗികാതിക്രമ കേസിൽ നടൻ മണിയൻപിള്ള രാജു കോടതിയെ സമീപിച്ചു. ഫോർട്ട് കൊച്ചി പൊലീസ് റജിസ്റ്റർ ചെയ്ത കേസിലാണ് നടൻ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണു മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. കേസ് സെപ്റ്റംബർ 6ന് പരിഗണിക്കാനായി മാറ്റി.
നടി നൽകിയ പരാതിയിൽ മണിയൻ പിള്ള രാജുവിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കുറ്റം ചുമത്തിയിരുന്നു. വാതിലിൽ മുട്ടി എന്നായിരുന്നു മണിയൻപിള്ള രാജുവിനെതിരായ നടിയുടെ ആരോപണം. ആരോപണമുന്നയിക്കുന്നത് അവസരവും പണവും കിട്ടാത്തവരാണെന്ന അധിക്ഷേപ പരാമർശവുമായി മണിയൻപിള്ള രാജു രംഗത്തെത്തിയിരുന്നു.
വെളിപ്പെടുത്തലുകൾ ഇനിയും ഉണ്ടാകുമെന്നും ഇതിന്റെയൊക്കെ പിന്നിൽ പണമാണെന്നുമായിരുന്നു മണിയൻപിള്ള രാജുവിന്റെ വാദം. ചിലർ അവസരങ്ങൾ ലഭിക്കാത്തവരായിരിക്കും. ചിലർക്ക് പൈസ ആവശ്യമുണ്ടാകും. ഇതിൽ കൃത്യമായ അന്വേഷണം ആവശ്യമുണ്ട്. തെറ്റ് ചെയ്യാത്ത ആളുകളെയും ചതിയിൽപ്പെടുത്താൻ സാധ്യതയുണ്ട്. കള്ളപ്പരാതികൾ നൽകിയവർക്കെതിരെ നടപടിയെടുക്കണമെന്നും മണിയൻപിള്ള രാജു പറഞ്ഞിരുന്നു.