ADVERTISEMENT

തിരുവനന്തപുരം∙ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിവേദ്യ ഉരുളി മോഷ്ടിച്ചത് ഐശ്വര്യം കിട്ടാനെന്ന് പ്രതികളുടെ മൊഴി. മുഖ്യപ്രതി ഗണേഷ് ഝാ ഓസ്ട്രേലിയൻ പൗരനും ഡോക്ടറുമാണ്. ഇയാൾക്കൊപ്പം ഉണ്ടായിരുന്ന രണ്ടു പേർ സ്ത്രീകളാണ്. അതീവ സുരക്ഷ മേഖലയായ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിനകത്ത് കടന്ന് ഇവർ പൂജയ്ക്ക് ഉപയോഗിക്കുന്ന നിവേദ്യ ഉരുളി മോഷ്ടിച്ചത് ക്ഷേത്രത്തിലെ സുരക്ഷയെ സംബന്ധിച്ച ചോദ്യങ്ങൾക്ക് വഴിയൊരുക്കും. 

അതീവ സുരക്ഷ മേഖലയിൽ നടന്ന മോഷണം പൊലീസിന് വലിയ നാണക്കേടും ഞെട്ടലുമുണ്ടാക്കിയിരിക്കുകയാണ്.  സുരക്ഷാ വീഴ്ചയിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെയും നടപടി ഉണ്ടാകുമെന്നാണ് വിവരം. ഒരു എസ്പി, ഡിവൈഎസ്പി, നാല് സിഐമാരടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയാണ് ക്ഷേത്രത്തിൽ‌ സുരക്ഷ മേൽനോട്ടത്തിനായി വിന്യസിച്ചിരിക്കുന്നത്. ഇവരെ കൂടാതെ ഇരുന്നൂറോളം പൊലീസ് ഉദ്യോഗസ്ഥരുമുണ്ട്. ഇവരുടെയെല്ലാം കണ്ണ് വെട്ടിച്ചാണ് മെറ്റൽ ഡിറ്റക്ടർ അടക്കമുള്ള സുരക്ഷാ സംവിധാനങ്ങളെയും കബളിപ്പിച്ച് സംഘം ഉരുളി ക്ഷേത്രത്തിന് പുറത്തെത്തിച്ചത്. ഇത് എങ്ങനെയെന്ന് കേരള പൊലീസിന് എത്തും പിടിയും കിട്ടിയിട്ടില്ല. 

മൂന്നംഗ സംഘം പൂജയ്ക്കുള്ള ഉരുളി മോഷ്ടിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ വ്യാഴാഴ്ച തന്നെ പൊലീസിന് ലഭിച്ചിരുന്നു. ഹരിയാനയിലെ ഗുഡ്ഗാവ് പൊലീസിന്‍റെ സഹായത്തോടെ കേരള പൊലീസ് നടത്തിയ തിരച്ചിലിലാണ് സംഘം ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്നും അറസ്റ്റിലായത്. കഴിഞ്ഞ വ്യാഴാഴ്ച ക്ഷേത്ര ദർശനത്തിനെത്തിയ സംഘം ക്ഷേത്രത്തിനുള്ളിൽ നിന്നും പൂജയ്ക്ക് ഉപയോഗിക്കുന്ന ഉരുളി മോഷ്ടിച്ച് സ്ഥലം വിടുകയായിരുന്നു. ഉഡുപ്പിയിലെത്തിയ ഇവർ അവിടെ നിന്നും വിമാന മാർഗമാണ് ഹരിയാനയിലേക്ക് പറന്നത്.

English Summary:

Temple Theft Exposes Security Lapses at Sree Padmanabhaswamy, Action Likely

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com