‘25 കോടി വാഗ്ദാനം കാര്യമായി എടുത്തില്ല; അതുകൊണ്ടാണ് പാർട്ടിയെ അറിയിക്കാതിരുന്നത്’
Mail This Article
കൊച്ചി∙ 2008ൽ ഒന്നാം യുപിഎ സർക്കാരിന്റെ കാലത്തെ വിശ്വാസ വോട്ടെടുപ്പിൽ തനിക്ക് 25 കോടി രൂപ വാഗ്ദാനം ലഭിച്ചത് കാര്യമായി എടുക്കാത്തിനാൽ പാർട്ടിയെയോ മുന്നണിയെയോ അറിയിച്ചില്ലെന്നു മുൻ എംപി സെബാസ്റ്റ്യൻ പോൾ.
യുപിഎ സര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്യാൻ തനിക്ക് 25 കോടി രൂപ വാഗ്ദാനം ചെയ്യപ്പെട്ടിരുന്നു എന്ന് സെബാസ്റ്റ്യൻ പോൾ നേരത്തെ വെളിപ്പെടുത്തിയിരുന്നു. 2004ൽ എറണാകുളത്തുനിന്ന് ഇടത് സ്വതന്ത്ര എംപിയായാണ് സെബാസ്റ്റ്യൻ പോൾ ലോക്സഭയിലെത്തിയത്.
‘‘അതൊരു വലിയ സംഭവമായി എടുക്കാതിരുന്നതു കൊണ്ടാണ് പാർട്ടിയോടു പറയാതിരുന്നത്. എന്നാൽ സുഹൃത്തുക്കളായ എംപിമാരോടു പറഞ്ഞിരുന്നു. പിന്നെ വയലാർ രവി ഇടപെട്ട് അത് അവസാനിപ്പിക്കുകയും ചെയ്തതാണല്ലോ. അന്ന് അതൊരു തമാശയായി തോന്നി. ആളുകളെ പിടിക്കുന്ന കൂട്ടത്തിൽ എന്റെ അടുത്തും വന്നതാണ്.
പിന്നെ സിപിഎമ്മിന്റെ ഭാഗത്തുനിന്ന് ഒരു വോട്ടു കിട്ടുകയാണെങ്കിൽ കോൺഗ്രസിനു രാഷ്ട്രീയമായും നേട്ടമാണല്ലോ. അതായിരിക്കാം എന്റെ അടുത്ത് വന്നത്. പക്ഷേ, നമ്മൾ അതു ചെയ്യാൻ പാടില്ലല്ലോ. അന്നു പണം വാങ്ങിയവർക്കൊന്നും ഒന്നും സംഭവിച്ചിട്ടില്ല എന്നതു വേറെ കാര്യം’’ – സെബാസ്റ്റ്യൻ പോൾ മനോരമ ഓൺലൈനോടു പറഞ്ഞു.
യുഎസുമായുള്ള സിവിൽ ആണവകരാറിൽ ഒപ്പുവയ്ക്കാനുള്ള മൻമോഹൻ സിങ് സർക്കാരിന്റെ തീരുമാനത്തിനു പിന്നാലെയാണ് അന്ന് 64 എംപിമാരുണ്ടായിരുന്ന ഇടതുപക്ഷം സർക്കാരിനുള്ള പിന്തുണ പിൻവലിക്കുന്നത്. തുടർന്നു നടന്ന വിശ്വാസ വോട്ടെടുപ്പിൽ യുപിഎ സർക്കാർ വിജയിച്ചു. അന്നു കൂറുമാറി വോട്ടു ചെയ്തവരും വോട്ടെടുപ്പിൽനിന്നു വിട്ടുനിന്നവരുമൊക്കെയാണ് സർക്കാരിനു രക്ഷയായത്. ഈ എംപിമാരെ ‘പിടിക്കുന്ന’ കൂട്ടത്തിലാണ് കോൺഗ്രസിന്റെ ‘ട്രബിൾ ഷൂട്ടറാ’യിരുന്ന പ്രണബ് മുഖർജിയുടെ ദൂതരായി രണ്ടു പേർ തന്റെ അടുക്കലും എത്തിയിരുന്നതായി സെബാസ്റ്റ്യൻ പോൾ വെളിപ്പെടുത്തിയത്. തോമസ് കെ.തോമസുമായി ബന്ധപ്പെട്ട് എൻസിപിയിലെ 100 കോടി വിവാദത്തിന്റെ പശ്ചാത്തലത്തിൽ അദ്ദേഹം പഴയ സംഭവം ഓർത്തെടുക്കുകയായിരുന്നു.