സ്കൂട്ടറിൽ സഞ്ചരിച്ച യുവാക്കൾക്കു നേരേ വെടിവയ്പ്, ഒരാൾ കൊല്ലപ്പെട്ടു; പ്രായപൂർത്തിയാകാത്ത 3 പേർ പിടിയിൽ

Mail This Article
ന്യൂഡൽഹി∙ ഡൽഹിയിൽ സ്‌കൂട്ടറിൽ സഞ്ചരിച്ച മൂന്നു യുവാക്കൾക്കു നേരെയുണ്ടായ വെടിവയ്‌പ്പിൽ ഒരാൾ കൊല്ലപ്പെട്ടു. രണ്ടു പേർക്ക് പരുക്ക്. നോർത്ത് ഈസ്റ്റ് ഡൽഹിയിലെ കബീർ നഗറിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. നദീം എന്നയാളാണ് കൊല്ലപ്പെട്ടത്. മൂന്നു പേരും സുഹൃത്തുക്കളാണ്. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത മൂന്നുപേരെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.
അറസ്റ്റിലായവരിൽ ഒരാൾ നദീമിൽനിന്ന് പണം കടം വാങ്ങിയിട്ടുണ്ടെന്നും നദീം ഇത് തിരിച്ചു ചോദിച്ചിരുന്നെന്നും പൊലീസ് പറഞ്ഞു. പരുക്കേറ്റ നദീമിന്റെ സുഹൃത്തുക്കളിൽ ഒരാളുടെ നില ഗുരുതരമാണ്. നദീമിനും സുഹൃത്തുക്കൾക്കും നേരെ പ്രതികൾ 7 റൗണ്ടാണ് വെടിയുതിർത്തത്.
നാട്ടുകാർ ഓടിയെത്തിയതോടെ പ്രതികൾ സ്വന്തം സ്കൂട്ടർ ഉപേക്ഷിച്ച് നദീമിന്റെ സ്കൂട്ടറിൽ രക്ഷപ്പെട്ടു. നദീമിന്റെ മൊബൈൽ ഫോണും പ്രതികൾ കവർന്നു. ഇവരെ പിന്നീട് പൊലീസ് പിടികൂടുകയായിരുന്നു. ജ്യോതി നഗറിലുണ്ടായ മറ്റൊരു വെടിവയ്‌പ്പിലും അറസ്റ്റിലായവർ പ്രതികളാണ്.