ADVERTISEMENT

തിരുവനന്തപുരം ∙ എസ്എഫ്ഐ നേതാവ് പി.എം.ആർഷോയ്ക്കു ചട്ടപ്രകാരമുള്ള ഹാജരുണ്ടെന്ന് റിപ്പോർട്ട്‌ നൽകിയ എറണാകുളം മഹാരാജാസ് കോളജ് പ്രിൻസിപ്പലിനെ പദവിയിൽനിന്നും നീക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്കും എംജി സർവകലാശാല വൈസ് ചാൻസിലർക്കും നിവേദനം നൽകി സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി. ആർഷോ ദീർഘനാളായി കോളജിൽ ഹാജരാകാത്തതുകൊണ്ട് കോളജിൽനിന്നു പുറത്താക്കുന്നതായി പിതാവിന് നോട്ടിസ് അയച്ച മഹാരാജാസ് കോളജ് പ്രിൻസിപ്പൽ തന്നെ ആർഷോയ്ക്ക് പരീക്ഷ എഴുതാൻ മതിയായ ഹാജരുണ്ടെന്ന റിപ്പോർട്ട്‌ എംജി സർവകലാശാലയ്ക്കു നൽകി. അഞ്ചും ആറും സെമസ്റ്ററിൽ ആർഷോയ്ക്ക് മിനിമം ഹാജരില്ലെന്നതിന്റെയും രേഖകൾ ഉണ്ടെന്നു സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി ആരോപിച്ചു. 

അഞ്ചു വർഷ ഇന്റഗ്രേറ്റഡ് കോഴ്സിൽ പഠിക്കുന്നവർക്ക് ആറാം സെമസ്റ്ററിൽ ബിഎ പാസ്സാകാതെ ഏഴാം സെമസ്റ്റർ എംഎ ക്ലാസ്സിൽ തുടർപഠനം നടത്താമെന്നും ആറാം സെമസ്റ്റർ പരീക്ഷയ്ക്ക് റജിസ്റ്റർ ചെയ്താൽ മാത്രം മതിയാവുമെന്നും ആർഷോയെ ന്യായീകരിച്ചുള്ള വിശദീകരണമാണ് പ്രിൻസിപ്പൽ എംജി റജിസ്ട്രാർക്ക്‌ നൽകിയത്. എന്നാൽ പരീക്ഷയ്ക്ക് റജിസ്റ്റർ ചെയ്യാനുള്ള മിനിമം ഹാജർ ആർഷോയ്ക്കില്ലെന്ന കാര്യം പ്രിൻസിപ്പൽ മറച്ചുവച്ചു. യൂണിവേഴ്സിറ്റി റെഗുലേഷൻ പ്രകാരം ഓരോ സെമസ്റ്ററിലും 75% ഹാജർ വേണമെന്നിരിക്കെ അഞ്ചും ആറും സെമെസ്റ്ററിൽ 10% മാത്രം ഹാജറുള്ള അർഷോയെ ഏഴാം സെമസ്റ്റർ പിജി ക്ലാസ്സിൽ പ്രവേശിപ്പിച്ചത് ചട്ടവിരുദ്ധമായാണ്.

ഏഴാം സെമസ്റ്ററിൽ പൂജ്യം ഹാജരാണുള്ളത്. അഞ്ചും ആറും സെമസ്റ്ററുകളിൽ മിനിമം ഹാജറില്ലാതെ, ആറും എഴും സെമസ്റ്ററുകളിൽ തുടർ പഠനം പാടില്ലെന്നിരിക്കെ ആറാം സെമസ്റ്ററിൽ ബിരുദ കോഴ്സ് പൂർത്തിയാക്കിയതായി കണക്കാക്കി വിടുതൽ സർട്ടിഫിക്കറ്റ് നൽകാനാണ് ആർഷോ ആവശ്യപ്പെട്ടിരിക്കുന്നത്. ആറാം സെമസ്റ്റർ പൂർത്തിയാക്കിയതായി രേഖയുണ്ടാക്കിയാൽ രണ്ടാം സെമസ്റ്റർ മുതലുള്ള എല്ലാ പരീക്ഷകളും ഒന്നിച്ചെഴുതി ബിഎ ബിരുദം നേടാനുള്ള അവസരം ആർഷോയ്ക്ക് കോളജിൽനിന്നു ലഭിക്കും.

എംജി സർവകലാശാലയ്ക്ക് ആർഷോയുടെ വ്യാജ ഹാജർ റിപ്പോർട്ട് നൽകി കബളിപ്പിച്ച പ്രിൻസിപ്പലിനെ പദവിയിൽനിന്നു നീക്കണം. കോളജിൽ ഹാജരാകാത്ത ആർഷോയെ നാലാം സെമസ്റ്റർ മുതൽ കോളജിൽനിന്ന് റോൾ ഔട്ട്‌ ചെയ്യാൻ നിർദേശം നൽകണമെന്നും ആവശ്യപ്പെട്ടാണ് നിവേദനം നൽകിയിരിക്കുന്നത്.

English Summary:

Petition Filed against Maharaja's College Principal Accused of giving Falsifying Attendance for SFI Leader PM Arsho

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com