ADVERTISEMENT

ലണ്ടൻ∙ രാജ്യാന്തര ക്രിമിനൽ കോടതി (ഐസിസി) ഇസ്രയേൽ പ്രധാനമന്ത്രിക്കും മുൻ പ്രതിരോധ മന്ത്രിക്കും ഹമാസ് സൈനിക കമാൻഡർക്കും അറസ്റ്റ് വാറന്റ് അയച്ചു. ഇസ്രയേലിന്റെ വാദങ്ങൾ തള്ളിക്കളഞ്ഞാണ് പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു, യോവ് ഗാലന്റ് എന്നിവർക്കു വാറണ്ട് അയച്ചത്. ഹമാസ് മിലിട്ടറി കമാൻഡർ മുഹമ്മദ് ദെയ്ഫിനും വാറണ്ട് അയച്ചു. മുഹമ്മദ് ദെയ്ഫ് ജൂലൈയിൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടെന്നാണ് ഇസ്രയേൽ സൈന്യം വ്യക്തമാക്കിയിരുന്നത്. ഇസ്രയേലും ഹമാസുമായുള്ള യുദ്ധത്തിലെ യുദ്ധകുറ്റങ്ങളുടെയും മനുഷ്യാവകാശ ലംഘനങ്ങളുടെയും പേരിലാണ് വാറണ്ട്. മൂന്നുപേർക്കും ക്രിമിനൽ പ്രവർത്തനങ്ങളുടെ ഉത്തരവാദിത്തമുണ്ടെന്നും അതു വ്യക്തമാക്കുന്ന സാഹചര്യങ്ങളുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഇസ്രയേലും ഹമാസും ആരോപണങ്ങൾ നിഷേധിച്ചു.

മേയ് മാസത്തിലാണ് ഐസിസി പ്രോസിക്യൂട്ടർ കരിം ഖാൻ നെതന്യാഹുവിനും ഗാലന്റിനും ദെയ്ഫിനും രണ്ട് ഹമാസ് നേതാക്കൾക്കുമെതിരെ വാറണ്ട് അയയ്ക്കണമെന്ന് ആവശ്യപ്പെട്ടത്. ഇതിൽ ഹമാസ് നേതാക്കളായ ഇസ്മയിൽ ഹനിയയും യഹ്യ സിൻവറും കൊല്ലപ്പെട്ടിരുന്നു. ദെയ്ഫും കൊല്ലപ്പെട്ടെന്നാണ് ഇസ്രയേൽ പറയുന്നത്. 2023 ഒക്ടോബർ ഏഴിലെ അക്രമ സംഭവങ്ങളിലാണ് കേസ് നടക്കുന്നത്. ഹമാസ് തെക്കൻ ഇസ്രയേലിൽ ആക്രമണം നടത്തി 1200 പേരെ കൊലപ്പെടുത്തിയിരുന്നു. 251പേരെ ബന്ദികളാക്കി. ഇസ്രയേലിന്റെ ആക്രമണത്തിൽ ഗാസയിൽ 44000 പേർ കൊല്ലപ്പെട്ടെന്നാണ് കണക്ക്. ജനങ്ങളെ ബന്ദികളാക്കി ഉപദ്രവിക്കുക, ബലാൽസംഗം, തടവിൽ പാർപ്പിക്കുക, കൊലപാതകം എന്നിവയാണ് ഹമാസിനെതിരെ പ്രോസിക്യൂഷൻ ആരോപിക്കുന്ന കുറ്റങ്ങൾ. ജനവാസ മേഖലകളിൽ ആക്രമണം നടത്തി നിരവധി പേരെ കൊലപ്പെടുത്തിയെന്നാണ് ഇസ്രയേലിനു നേരെ ആരോപിക്കുന്ന കുറ്റം.

English Summary:

ICC Issues Arrest Warrants For Benjamin Netanyahu - The International Criminal Court has issued arrest warrants for key figures from both Israel and Hamas, accusing them of war crimes during the recent conflict.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com