ഗവർണറെ കണ്ട് ഹേമന്ത് സോറൻ, മന്ത്രിസഭാ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ചു; സത്യപ്രതിജ്ഞ ചൊവ്വാഴ്ച
| Jharkhand Assembly Election Results 2024
Mail This Article
റാഞ്ചി∙ ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) നേതാവ് ഹേമന്ത് സോറൻ രാജ്ഭവനിലെത്തി മന്ത്രിസഭാ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ചു. ഇന്ത്യാ സഖ്യ നേതാക്കളുടെ യോഗത്തിനുശേഷമാണ് സോറൻ രാജ്ഭവനിലെത്തി ഗവർണറെ കണ്ടത്. ജാർഖണ്ഡിൽ ഇന്ത്യാ സഖ്യത്തിന് ഭരണത്തുടർച്ച ലഭിച്ചിരുന്നു. ഇന്ത്യാ സഖ്യം അംഗബലം 47ല്‍നിന്ന് 56 ആക്കി. ബിജെപിക്ക് 21 സീറ്റാണ് ലഭിച്ചത്. കഴിഞ്ഞ തവണത്തേതിലും 4 സീറ്റ് കുറഞ്ഞു.
സോറൻ ചൊവ്വാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. നാലാം തവണയാണ് അദ്ദേഹം മുഖ്യമന്ത്രിയായി അധികാരമേൽക്കുന്നത്. സത്യപ്രതിജ്ഞാ ചടങ്ങിൽ രാഹുൽ ഗാന്ധിയും അരവിന്ദ് കേജ്‌രിവാളും ഉൾപ്പെടെയുള്ള ഇന്ത്യാ സഖ്യത്തിലെ മുതിർന്ന നേതാക്കൾ പങ്കെടുക്കും. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് എന്നിവരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. കോൺഗ്രസിൽ നിന്ന് ആറ് എംഎൽഎമാരും ആർജെഡിയിൽ നിന്ന് നാല് എംഎൽഎമാരും സോറൻ മന്ത്രിസഭയിൽ അംഗങ്ങളാകും.
81 സീറ്റുകളുള്ള സംസ്ഥാന നിയമസഭയിൽ 56 സീറ്റുകളാണ് ഇന്ത്യാ സഖ്യം നേടിയത്. 24 സീറ്റുകൾ നേടാൻ മാത്രമേ എൻഡിഎയ്ക്ക് സാധിച്ചുള്ളൂ. സഖ്യകക്ഷികളുടെ വകുപ്പ് സംബന്ധിച്ച് ഇന്ന് റാഞ്ചിയിൽ ചർച്ച നടക്കുമെന്നും വിവരമുണ്ട്. 16 സീറ്റുകളാണ് കോൺഗ്രസ് നേടിയത്. മന്ത്രിസഭ രൂപീകരണത്തിനു മുൻപ് ഹേമന്ത് സോറൻ ഡൽഹിയിലെത്തി ഇന്ത്യ സഖ്യ നേതാക്കളെ കാണുമെന്നും സൂചനയുണ്ട്.