പീച്ചി ഡാം റിസർവോയർ അപകടം: മരണത്തിന് കീഴടങ്ങി ആൻ ഗ്രേസും; മരണം രണ്ടായി

Mail This Article
തൃശൂർ∙ പീച്ചി ഡാമിന്റെ റിസർവോയറിൽ വീണ പെൺകുട്ടികളിൽ ഒരാൾക്കൂടി മരിച്ചു. ചികിത്സയിലായിരുന്ന ആൻ ഗ്രേസ് (16) ആണു മരിച്ചത്. പട്ടിക്കാട് പാറാശേരി സജി–സെറീന ദമ്പതികളുടെ മകളായ ആൻ, തൃശൂർ സെന്റ് ക്ലയേഴ്സ് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ്. അപകടത്തിൽ ഇതോടെ മരണം രണ്ടായി.
അപകടത്തിൽപ്പെട്ട മറ്റൊരു പെൺകുട്ടിയായ അലീന ഇന്നു പുലർച്ചെ മരിച്ചിരുന്നു. കൂട്ടുകാരിയുടെ വീട്ടിൽ തിരുനാളാഘോഷിക്കാനെത്തിയ 3 പേരുൾപ്പെടെ 4 പേരാണ് ഞായറാഴ്ച അപകടത്തിൽപ്പെട്ടത്. നാട്ടുകാർ 4 പേരെയും രക്ഷിച്ച് ആശുപത്രിയിലെത്തിച്ചുവെങ്കിലും തിങ്കളാഴ്ച പുലർച്ചെ 12.30ന് അലീന മരിച്ചു. അപകടത്തിൽപ്പെട്ട, പട്ടിക്കാട് പുളയിൻമാക്കൽ ജോണി–സാലി ദമ്പതികളുടെ മകൾ നിമ (12), മുരിങ്ങത്തു പറമ്പിൽ ബിനോജ്–ജൂലി ദമ്പതികളുടെ മകൾ എറിൻ (16) എന്നിവർ ചികിത്സയിൽ തുടരുകയാണ്.
പീച്ചി ഡാം ജലസംഭരണിയുടെ കൈവഴിയിൽ തെക്കേക്കുളം ഭാഗത്ത് ഇന്നലെ ഉച്ചയ്ക്കു 2.30നാണു അപകടമുണ്ടായത്. പീച്ചി ലൂർദ് മാതാ പള്ളിയിലെ തിരുനാൾ ആഘോഷത്തിനു ഹിമയുടെ വീട്ടിലെത്തിയതായിരുന്നു മൂവരും. അപകടത്തിൽപ്പെട്ട നിമയുടെ സഹോദരി ഹിമയുടെ സഹപാഠികളാണ് ഇവർ. ഡാമിലെ ജലസംഭരണി കാണാൻ 5 പേർ ചേർന്നാണു പുറപ്പെട്ടത്. പാറപ്പുറത്തിരിക്കുന്നതിനിടെ 2 പേർ കാൽവഴുതി വെള്ളത്തിലേക്കു വീണു. ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മറ്റു 2 പേരും വീണു. വെള്ളത്തിൽ വീഴാതെ രക്ഷപ്പെട്ട ഹിമയുടെ നിലവിളി കേട്ടു നാട്ടുകാർ ഓടിയെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.