ഛത്തീസ്ഗഡിൽ വീണ്ടും ഏറ്റുമുട്ടൽ; 2 ജവാന്മാർക്ക് വീരമൃത്യു, 31 മാവോയിസ്റ്റുകളെ വധിച്ചു

Mail This Article
റായ്പൂർ ∙ ഛത്തീസ്ഗഡിലെ ബീജാപൂർ ജില്ലയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ജവാന്മാർക്ക് വീരമൃത്യു. ഏറ്റുമുട്ടലിൽ 31 മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു. ഇന്ന് പുലർച്ചെ ഇന്ദ്രാവതി നാഷനൽ പാർക്കിന് സമീപമുള്ള വനമേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. ബീജാപൂർ ജില്ലയിൽ സുരക്ഷാ സേന നടത്തിയ ഓപ്പറേഷനിൽ എട്ടു മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട് ഒരാഴ്ചയ്ക്ക് ശേഷമാണ് പുതിയ സംഭവം. ജനുവരി 12ന് ബീജാപൂരിൽ പൊലീസും മാവോയിസ്റ്റുകളും തമ്മിൽ നടന്ന ഏറ്റുമുട്ടലിലും രണ്ട് സ്ത്രീകൾ അടക്കം 5 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടിരുന്നു.
ആർകെ എന്ന കമലേഷ്, മാവോയിസ്റ്റ് ഗ്രൂപ്പിന്റെ വക്താവ് നിതി എന്ന ഊർമിള എന്നിവരുൾപ്പെടെയുള്ളവരെയാണ് സുരക്ഷാ സേന വധിച്ചതെന്നാണ് പുറത്തുവന്ന വിവരം. ആന്ധ്രാപ്രദേശിലെ വിജയവാഡ സ്വദേശിയായ കമലേഷ് ഐടിഐ വിദ്യാർഥിയായിരുന്നു. തെലങ്കാനയിലെ നൽഗൊണ്ട, ബിഹാറിലെ മാൻപൂർ, ഒഡീഷ അതിർത്തി പ്രദേശങ്ങൾ എന്നിവിടങ്ങളിൽ സജീവമായിരുന്നു ഇയാൾ. ഛത്തീസ്ഗഡ്, ആന്ധ്രാപ്രദേശ്, തെലങ്കാന, ഒഡീഷ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം. ബീജാപൂരിലെ ഗംഗളൂർ സ്വദേശിയായ ഊർമിള പ്രത്യേക സോണൽ കമ്മിറ്റി അംഗമായിരുന്നു.