ADVERTISEMENT

കൊച്ചി ∙ നിർമാതാക്കളുടെ സംഘടന പ്രഖ്യാപിച്ച സിനിമാ സമരത്തെ തള്ളി താരസംഘടനയായ അമ്മ രംഗത്തെത്തി. നിർമാതാവ് ആന്റണി പെരുമ്പാവൂരിനെതിരെ കടുത്ത നടപടി വേണമെന്ന് ആവശ്യമുയർന്നതായി ഫിലിം ചേംബർ ഭാരവാഹികൾ വ്യക്തമാക്കി. ആന്റണിയുമായി ഒരു വിധത്തിലുള്ള ആശയവിനിമയത്തിന്റെയും ആവശ്യമില്ലെന്നു നിർമാതാവും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റുമായ ജി.സുരേഷ് കുമാർ പറഞ്ഞു.

ഫിലിം ചേംബർ, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, അമ്മ എന്നീ സംഘടനകളാണ് ഇന്നു യോഗം ചേർന്നത്. ചെലവ് കുത്തനെ ഉയർന്നതോടെ സിനിമകൾ നിർമിക്കാനാകുന്നില്ലെന്നു പറഞ്ഞു പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ രംഗത്തുവന്നിരുന്നു. താരങ്ങൾ പ്രതിഫലം കുറയ്ക്കുക, നിർമാണച്ചെലവ് കുറയ്ക്കുക തുടങ്ങിയ കാര്യങ്ങളാണ് ആവശ്യപ്പെട്ടത്. ഇക്കാര്യങ്ങൾ നടപ്പായില്ലെങ്കിൽ സിനിമാമേഖല ജൂണിൽ അനിശ്ചിതകാല സമരത്തിലേക്ക് പോകുമെന്നും അസോസിയേഷൻ വ്യക്തമാക്കി. ഇതിനു മുന്നോടിയായി സൂചന പണിമുടക്ക് നടത്തുമെന്നും അറിയിച്ചു.

അമ്മ യോഗത്തിൽ പങ്കെടുക്കുന്ന താരങ്ങൾ. Photo: Arranged
അമ്മ യോഗത്തിൽ പങ്കെടുക്കുന്ന താരങ്ങൾ. Photo: Arranged

നിര്‍മാതാവ് ആന്റണി പെരുമ്പാവൂർ ഇതിനെതിരെ രൂക്ഷമായി സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചു. സംഘടനാ തീരുമാനങ്ങൾ‍ വെളിപ്പെടുത്തിയ സുരേഷ് കുമാറിനെതിരെയും ആന്റണി സംസാരിച്ചു. ആന്റണിക്ക് പിന്തുണയുമായി മോഹൻലാൽ, പൃഥ്വിരാജ്, ടൊവീനോ തോമസ്, ഉണ്ണി മുകുന്ദൻ അടക്കമുള്ളവർ രംഗത്തുവന്നു. അമ്മ ‘നാഥനില്ലാ കളരി’യാണെന്നു പ്രസ്താവിച്ച സുരേഷ് കുമാറിനെതിരെ അഡ്ഹോക് ഭരണസമിതി അംഗം ജയൻ ചേർത്തല പ്രതികരിച്ചു. നിർമാതാക്കളുടെ സംഘടന അമ്മയ്ക്കു കോടികൾ മടക്കി നല്‍കാനുണ്ട് എന്നതടക്കമുള്ള ജയന്റെ വിമർശനത്തിന് വക്കീൽ നോട്ടിസിലൂടെയാണ് അസോസിയേഷൻ പ്രതികരിച്ചത്.

ഇന്നുചേർന്ന അമ്മ യോഗം ജയൻ ചേർത്തലയ്ക്ക് എല്ലാ നിയമസഹായവും നൽകുമെന്നു വ്യക്തമാക്കി. ‘‘കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സിനിമാവ്യവസായം ചിലരുടെ പിടിവാശിമൂലം അനാവശ്യ സമരത്തിലേക്കു വലിച്ചിഴയ്ക്കപ്പെടുന്നു. ഇതുവഴി സാമ്പത്തികരംഗത്തെ മാത്രമല്ല സിനിമയെ ആശ്രയിച്ചു കഴിയുന്ന നിരവധി തൊഴിലാളികളെയും മോശമായി ബാധിക്കും’’– അമ്മ യോഗം വിലയിരുത്തി. താരങ്ങളുടെ പ്രതിഫലം കുറയ്ക്കുന്നതു സംബന്ധിച്ച കാര്യങ്ങളി‍ൽ അടുത്ത ജനറൽ ബോഡി യോഗത്തിനു ശേഷമേ തീരുമാനമെടുക്കൂ. 

മലയാള സിനിമയുടെ ഉന്നമനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഏത് സംഘടനകളുമായും ചർച്ചയ്ക്ക് തയാറാണെന്നും യോഗം വ്യക്തമാക്കി. അപ്രതീക്ഷിതമായാണ് ഇന്ന് അമ്മ അംഗങ്ങളുടെ യോഗം വിളിച്ചത്. കൊച്ചിയിൽ ഉള്ളവരും എത്തിച്ചേരാൻ സാധിക്കുന്നവരും എത്തണമെന്നായിരുന്നു അറിയിപ്പ്. മമ്മൂട്ടി, മോഹൻലാല്‍, സുരേഷ് ഗോപി, ടൊവീനോ തോമസ്, ബേസിൽ ജോസഫ്, സിദ്ദിഖ്, ജോജു ജോർജ്, ബിജു മേനോൻ, വിജയരാഘവൻ, സായികുമാർ, മഞ്ജു പിള്ള, ബിന്ദു പണിക്കർ തുടങ്ങി 50ലേറെ പേർ പങ്കെടുത്തു.

നിർമാതാക്കളും വിതരണക്കാരും തിയറ്റർ ഉടമകളുമെല്ലാമടങ്ങുന്ന ഫിലിം ചേംബർ, നിർമാതാക്കള്‍ക്കും സിനിമാ സമരത്തിനും പിന്തുണ പ്രഖ്യാപിച്ചു. േചംബറിലെ അംഗം കൂടിയായ ആന്റണി പെരുമ്പാവൂരിന് കാരണം കാണിക്കൽ നോട്ടിസ് നൽകും. സംഘടനയെ വിമർശിക്കുന്ന ആന്റണിയുടെ സമൂഹമാധ്യമ പോസ്റ്റ് നീക്കണമെന്നും ആവശ്യപ്പെട്ടു. ആന്റണിക്കെതിരെ അച്ചടക്കലംഘനത്തിന് നടപടി സ്വീകരിക്കാനും ആലോചനയുണ്ട്.

English Summary:

AMMA, Film Chamber and Producers' Association hold meetings today: ANtony Perumbavoor, Suresh Kumar Conflict Deepens

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com