മഖാന സൂപ്പർ ഫുഡ്, വർഷത്തിൽ 300 ദിവസവും കഴിക്കാറുണ്ടെന്ന് മോദി; ‘മഖാന മാല’യിട്ട് നിതീഷ്

Mail This Article
പട്ന ∙ ഭാഗൽപുർ റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘മഖാന മാല’ അണിയിച്ചു സ്വീകരിച്ച് മുഖ്യമന്ത്രി നിതീഷ് കുമാർ. ബിഹാറിലെ കാർഷികോൽപന്നമായ മഖാന രാജ്യത്തെ വൻ നഗരങ്ങളിലെ പ്രാതൽ വിഭവമായി മാറിയിട്ടുണ്ടെന്നു മോദി പറഞ്ഞു. വർഷത്തിൽ 300 ദിവസമെങ്കിലും താൻ സൂപ്പർ ഫുഡ് ഗണത്തിലുളള മഖാന കഴിക്കാറുണ്ടെന്നും മോദി വെളിപ്പെടുത്തി. കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ചത് അനുസരിച്ചു മഖാന ബോർഡ് വൈകാതെ രൂപീകരിക്കും. മഖാന വിപണനവും മൂല്യവർധനയും പ്രോത്സാഹിപ്പിക്കാൻ മഖാന ബോർഡ് സഹായകമാകുമെന്നും മോദി പറഞ്ഞു.
പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ 19–ാം ഗഡു വിതരണവും മോദി നിർവഹിച്ചു. രാജ്യത്തെ 9.8 കോടി കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് 22,000 കോടി രൂപ വിതരണം ചെയ്തു. ഭാഗൽപുർ റാലിയോടെ മോദി ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള എൻഡിഎയുടെ പ്രചാരണത്തിനു തുടക്കമിട്ടു. തുറന്ന വാഹനത്തിൽ മോദിയുടെ റോഡ് ഷോയും നടന്നു. നിതീഷ് കുമാറും മോദിക്കൊപ്പം റോഡ് ഷോയിൽ പങ്കെടുത്തു.