സ്വന്തം നാവാണ് പി.സി.ജോർജിന്റെ ശത്രു; വാവിട്ട വാക്കുകളും കേസും പുത്തരിയല്ല

Mail This Article
കോട്ടയം ∙ പി.സി.ജോർജ് എന്ന രാഷ്ട്രീയ നേതാവ് വാവിട്ട വാക്കുകളിൽ കുരുങ്ങുന്നത് ആദ്യമല്ല. 2022 മേയിൽ വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസിൽ ഈരാറ്റുപേട്ടയിലെ വീട്ടിൽനിന്ന് തിരുവനന്തപുരം ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്നു തന്നെ ജാമ്യം ലഭിച്ച ജോർജ് പുറത്തിറങ്ങി. അറസ്റ്റിന്റെ കാരണം വ്യക്തമാക്കാത്തതിനാൽ പൊലീസ് അന്ന് കോടതിയുടെ വിമർശനം നേരിട്ടിരുന്നു.
തിരുവനന്തപുരം കിഴക്കേക്കോട്ടയിൽ നടത്തിയ പ്രസംഗത്തിന്റെ പേരിൽ അതേ മാസം തന്നെ ജോർജിനെ വീണ്ടും അറസ്റ്റ് ചെയ്തു. തുടർന്ന് പൂജപ്പുര സെൻട്രൽ ജയിലിലേക്കു മാറ്റിയിരുന്നു. സ്വപ്ന കേസിൽ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയ ജോർജിനെ സോളർ പ്രതിയുടെ പീഡന പരാതിയിൽ 2022 ജൂലൈയിലും അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിലും അന്നു തന്നെ ജാമ്യം ലഭിച്ചു.
കഴിഞ്ഞ വർഷം മാർച്ചിൽ കോഴിക്കോട് നഗരത്തിൽ എൻഡിഎ കൺവൻഷനിൽ മാഹി സ്വദേശികളെയും സ്ത്രീകളെയും പറ്റി മോശമായി സംസാരിച്ചെന്ന പരാതിയിൽ ജോർജിനെതിരെ കസബ പൊലീസ് കേസെടുത്തു. ജോർജിനെതിരെ മാഹിയിൽ സ്ത്രീകൾ പ്രകടനം നടത്തി. സംസ്ഥാന വനിതാ കമ്മിഷനും കേസ് റജിസ്റ്റർ ചെയ്തു.
മന്ത്രി വീണാ ജോർജിന് എതിരെ മോശം പരാമർശം നടത്തിയെന്ന കേസിലും എറണാകുളത്ത് ജോർജിന് എതിരെ കേസ് എടുത്തിട്ടുണ്ട്. നടി ആക്രമണം നേരിട്ട കേസിലെ പരാമർശത്തിലും ജോർജിന് എതിരെ കേസെടുത്തിരുന്നു. ബിഷപ് ഫ്രാങ്കോ കേസിൽ പരാതി നൽകിയ കന്യാസ്ത്രീയെ അവഹേളിച്ചെന്ന കേസിലും നിയമസഭയിലെ വനിതാ വാച്ച് ആൻഡ് വാർഡിനെ അധിക്ഷേപിച്ച് സംസാരിച്ചതിനും പി.സി.ജോർജിനെതിരെ ദേശീയ വനിതാ കമ്മിഷനും കേസെടുത്തിട്ടുണ്ട്;