കുഞ്ഞനുജന് കുഴിമന്തി വാങ്ങി നൽകി, അവസാന യാത്രയും ആ ബൈക്കിൽ; രക്തത്തിൽ കുളിച്ച് ഷമി: ആരുമറിഞ്ഞില്ല

Mail This Article
തിരുവനന്തപുരം ∙ കുഞ്ഞനുജൻ അഫ്സാനെ ചേർത്തിരുത്തി അഫാൻ ബൈക്ക് ഓടിച്ചു പോകുന്നത് സ്ഥിരമായി കണ്ടിരുന്നവരാണ് പേരുമല ആർച്ച് ജംക്‌ഷനിലെ നിവാസികൾ. ഇരുവരും തമ്മിൽ പത്തു വയസ്സ് വ്യത്യാസമുണ്ട്. കുഞ്ഞനുജനെ ഉൾപ്പെടെ അഫാൻ കൂട്ടക്കൊല ചെയ്തെന്ന് നാട്ടുകാർക്ക് വിശ്വസിക്കാനാവുന്നില്ല.

പിതാവ് വിദേശത്തായതിനാൽ അച്ഛന്റെ കരുതലോടെയാണ് അഫാൻ കുഞ്ഞനുജനെ സ്നേഹിച്ചിരുന്നത്. അഫ്സാന്റെ പഠനകാര്യത്തിലുൾപ്പെടെ അഫാൻ ശ്രദ്ധിച്ചിരുന്നു. അമ്മയുടെ അസുഖവും കുടുബത്തിന്റെ കടബാധ്യതയും തന്റെ അനുജനെ ബാധിക്കാതിരിക്കാൻ അഫാൻ ശ്രദ്ധിച്ചിരുന്നു. ഏറെ സ്നേഹിച്ചിരുന്ന കുഞ്ഞനുജനെ ഉൾപ്പെടെ വധിക്കാൻ അഫാനെ പ്രേരിപ്പിച്ചതെന്താണെന്നു നാട്ടുകാർക്കും അറിയില്ല.

കൊലപാതകത്തിനു മുൻപ് അനുജനെ ഹോട്ടലിൽ കൂട്ടിക്കൊണ്ടു പോയി കുഴിമന്തി വാങ്ങി നൽകി. അതിന്റെ അവശിഷ്ടങ്ങളും ശീതളപാനിയവും വീടിന്റെ വരാന്തയിലെ കസേരയിലുണ്ട്. അഫ്സാൻ മുഴുവൻ കഴിക്കാത്തതു കൊണ്ട് പാഴ്സലാക്കി കൊണ്ടുവന്നതാണോ അതോ അമ്മ ഷമിക്ക് കഴിക്കാൻ കൊണ്ടുവന്നതാണോയെന്ന് വ്യക്തമല്ല. അഫാനെ കൂടുതൽ ചോദ്യം ചെയ്താൽ മാത്രമേ ഇക്കാര്യങ്ങളിൽ വ്യക്തതയുണ്ടാകൂ.

രക്തത്തിൽ കുളിച്ച നിലയിലായിരുന്നു ഷമി. വസ്ത്രം മാറ്റി ഉടുപ്പിച്ചാണ് ഷമിയെ ആശുപത്രിയിലേക്കു മാറ്റിയത്. ലത്തീഫിന്റെ വീട് വിജനമായ സ്ഥലത്താണ്. അടുത്തടുത്തു വീടുകൾ ഉള്ളിടത്താണ് അഫാൻ താമസിക്കുന്നത്. എന്നിട്ടും സഹോദരൻ അഫ്സാനെയും പെൺസുഹൃത്ത് ഫർസാനയെയും കൊലപ്പെടുത്തുകയും അമ്മ ഷമിയെ തലയ്ക്കടിച്ചു ഗുരുതരമായി പരുക്കേൽപ്പിക്കുകയും ചെയ്തിട്ടും ആരും അറിയാത്തത് അയൽവാസികളെയും പൊലീസിനെയും അദ്ഭുതപ്പെടുത്തുന്നു.

അമ്മയെ ആശുപത്രിയിൽ കൊണ്ടുപോയിരുന്നതും മരുന്ന് എടുത്തു കൊടുത്തിരുന്നതും അഫാനായിരുന്നു. സാമ്പത്തിക ബാധ്യതകൾക്കിടയിൽ കാൻസർ രോഗി കൂടിയായ അമ്മ കൂടുതൽ വേദനിക്കുന്നതു കാണാനുള്ള കരുത്തില്ലാത്തതാണ് ഈ കടുംകൈയ്ക്കു അഫാനെ പ്രേരിപ്പിച്ചതെന്നാണ് പൊലീസ് കരുതുന്നത്.
