ADVERTISEMENT

മലപ്പുറം/മുംബൈ ∙ താനൂരിൽനിന്നു കാണാതായ രണ്ടു പ്ലസ് വൺ വിദ്യാർഥിനികളെ മുംബൈയിൽ കണ്ടെത്തി. ഇവർ മുംബൈയിൽ എത്തിയതായി വിവരം കിട്ടിയപ്പോൾ മുതൽ തിരച്ചിൽ ഊർജിതമാക്കിയിരുന്നു. മുംബൈയിൽ നിന്നുള്ള ട്രെയിൻ യാത്രയ്ക്കിടെ ലോണാവാലയിലാണ് ഇവരെ കണ്ടെത്തിയത്. മുംബൈ സിഎസ്‌എംടിയിൽ നിന്ന് ചെന്നൈ എഗ്മോർ ട്രെയിനിലായിരുന്നു ഇവരുടെ യാത്ര. റെയിൽവേ പൊലീസ് ആണ് കുട്ടികളെ കണ്ടെത്തിയത്.

മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഇവരെ കണ്ടെത്തുന്നതിൽ നിർണായകമായത്. ആർപിഎഫ് ഇവരെ പൂണെയിലെത്തിച്ച് കേരള പൊലീസിന് കൈമാറും. വീട്ടിൽ പ്രശ്നങ്ങളുണ്ടെന്നും തിരിച്ചുപോകാൻ താൽപര്യമില്ലെന്നും വിദ്യാർഥിനികൾ മലയാളി സന്നദ്ധ പ്രവർത്തകരോട് പറഞ്ഞു.

ബുധനാഴ്ച ഉച്ചയ്ക്കു 12നാണു താനൂർ മേഖലയിലെ സ്കൂളിന്റെ പരിസരത്തുനിന്ന് കുട്ടികളെ കാണാതായത്. പഠനത്തിൽ സവിശേഷ സഹായം ആവശ്യമുള്ള ഇരുവരും സ്ക്രൈബിന്റെ സഹായത്തോടെയാണു പരീക്ഷയെഴുതുന്നത്. പരീക്ഷയ്ക്കു പോകുന്നെന്നു പറഞ്ഞു വീട്ടിൽനിന്നിറങ്ങിയ ഇരുവരും സ്കൂളിൽ എത്തിയില്ല. സ്കൂൾ അധികൃതർ വീട്ടിലേക്കു വിളിച്ചപ്പോഴാണു കാണാതായ വിവരമറിയുന്നത്.

കുട്ടികളുടെ മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ചു പൊലീസ് അന്വേഷണം തുടരുന്നതിനിടെ, മുംബൈ ഛത്രപതി ശിവാജി ടെർമിനസിനു സമീപമുള്ള മലയാളിയുടെ സലൂണിൽ ഇവർ എത്തിയതായി കണ്ടെത്തിയിരുന്നു. സലൂണിൽ എത്തിയ ഇരുവരും മുടിവെട്ടാനും ഷാംപു ചെയ്യാനുമായി ഏറെ സമയം അവിടെ ചെലവഴിച്ചു. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട മലപ്പുറം മഞ്ചേരി സ്വദേശിയായ യുവാവ് ഇവർക്കൊപ്പം ഉണ്ടായിരുന്നതായി അറിയുന്നു. പൊലീസ് മുംബൈ മലയാളികൾക്കു വിവരം കൈമാറിയെങ്കിലും അവർ എത്തിയപ്പോഴേക്കും പെൺകുട്ടികൾ കടന്നുകളയുകയായിരുന്നു.

മുടിവെട്ടുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. മുടിയുടെ മോഡൽ പെൺകുട്ടികൾക്കു കാണിച്ചുകൊടുക്കാൻ വേണ്ടി സലൂണിലെ ബ്യൂട്ടിഷ്യൻ എടുത്ത വിഡിയോ ആണ് ഇതെന്നാണ് സൂചന. വേഗം ഇവിടെനിന്നു രക്ഷപ്പെടണമെന്നു പെൺകുട്ടികളിൽ ഒരാൾ പറയുന്നത് വിഡിയോയിൽ കേൾക്കാം. നേത്രാവതി എക്സ്പ്രസിൽ പൻവേലിൽ ഇറങ്ങിയ പെൺകുട്ടികൾ അവിടെനിന്ന് ലോക്കൽ ട്രെയിനിൽ ഛത്രപതി ശിവാജി മഹാരാജ് െടർമിനസിനു സമീപം എത്തുകയായിരുന്നു.

English Summary:

Kerala Girls Missing Case: Two Plus One students who went missing from Tanur have been found in Mumbai. The search was intensified after information was received about their arrival in Mumbai. They were found in Lonavala during a train journey from Mumbai. They were traveling on the Chennai Egmore train from Mumbai CSMT. The Railway Police found the girls.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com