ഹരിയാനയിൽ വീണ്ടും ബിജെപി കുതിപ്പ്; 10 കോർപറേഷനുകളിൽ ഒൻപതിലും ജയം

Mail This Article
ചണ്ഡിഗഡ് ∙ ഹരിയാനയിൽ ബിജെപിയുടെ വിജയക്കുതിപ്പിൽ വീണ്ടും തകർന്നടിഞ്ഞു കോൺഗ്രസ്. മുതിർന്ന കോൺഗ്രസ് നേതാവ് ഭൂപീന്ദർ ഹൂഡയുടെ ശക്തികേന്ദ്രമായ റോത്തക്കും ഗുരുഗ്രാമും ഉൾപ്പെടെ 10 കോർപറേഷനുകളിൽ ഒൻപതിലും ബിജെപി വിജയിച്ചു. ഹരിയാനയിലെ നിയമസഭാ തിരഞ്ഞെടുപ്പു തോൽവിക്കു പിന്നാലെയാണു കോൺഗ്രസിനു വീണ്ടും തിരിച്ചടിയുണ്ടായത്.
ഗുരുഗ്രാം, ഫരീദാബാദ്, ഹിസാർ, റോത്തക്ക്, കർനാൽ, യമുനനഗർ, അംബാല, സോനിപത്ത്, പാനിപത്ത് എന്നീ മുനിസിപ്പൽ കോർപറേഷനുകളിലാണു ബിജെപിയുടെ മേയർ സ്ഥാനാർഥികൾ വിജയിച്ചത്. ബിജെപിക്കു നഷ്ടമായ മനേസറില്‍ സ്വതന്ത്ര സ്ഥാനാർഥിയും ബിജെപി വിമതനുമായ ഡോ. ഇന്ദർജിത് യാദവാണു ജയിച്ചത്. ജനങ്ങള്‍ ‘ട്രിപ്പിൾ എൻജിൻ’ സർക്കാരിനു നൽകിയ അംഗീകാരമായി വിജയത്തെ കാണുന്നെന്നു മുഖ്യമന്ത്രി നായബ് സിങ് സൈനി പറഞ്ഞു. തദ്ദേശ സ്വയംഭരണ വകുപ്പും ‘ട്രിപ്പിൾ എൻജിൻ’ സർക്കാരും ‘വികസിത ഭാരതം’ എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്നം സാക്ഷാത്കരിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്തു വലിയ വികസനം ഉണ്ടാകുമെന്നു വിദ്യാഭ്യാസ മന്ത്രി മഹിപാൽ ധാന്ദ പറഞ്ഞു. ഇത്തവണ വലിയ ആത്മവിശ്വാസത്തോടെ മത്സരത്തിനിറങ്ങിയ കോൺഗ്രസ് ഗുരുഗ്രാമിൽ ഉൾപ്പെടെ ബിജെപിയോടു നേരിട്ട് ഏറ്റുമുട്ടുകയായിരുന്നു. രാജസ്ഥാൻ മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ്, ഭൂപീന്ദർ സിങ് ഹുഡ എന്നീ നേതാക്കളെ ഇറക്കിയാണു കോൺഗ്രസ് പ്രചാരണം നടത്തിയത്.