‘പണം വാങ്ങി തീർപ്പാക്കും, ഹര്‍ജികൾ സംശയാസ്പദം’: നവാസ് പായിച്ചിറയ്ക്കെതിരെ പൊലീസ് റിപ്പോർട്ട്

Mail This Article
കൊച്ചി ∙ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട വിഷയങ്ങളിലടക്കം പൊതുതാൽപര്യ ഹർജികൾ നൽകിയ നവാസ് പായിച്ചിറയ്ക്കെതിരെ പൊലീസ് റിപ്പോർട്ട്. നവാസിന്റെ ഹര്‍ജികളും വിവരാവകാശ അപേക്ഷകളും സംശയാസ്പദമാണെന്ന് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടില്‍ പൊലീസ് വ്യക്തമാക്കി. കോടതി നിർദേശ പ്രകാരമാണ് പൊലീസ് നവാസിനെ കുറിച്ച് അന്വേഷിച്ചത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താൻ അമിക്കസ് ക്യൂറിയെ നിയോഗിക്കാനും ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ്.മനു എന്നിവരുടെ ബെഞ്ച് നിർദേശിച്ചു.
പത്താം ക്ലാസ് വിദ്യാഭ്യാസമാണു നവാസിനുള്ളത്. കുറച്ചുകാലം തയ്യൽ ജോലി ചെയ്തശേഷം സൗദി അറേബ്യയിൽ ഡ്രൈവറായി ജോലി ചെയ്തുവെന്ന് റിപ്പോർട്ടിൽ പറയുന്നു. ഗുരുതരമായ ആരോപണങ്ങളാണ് നവാസിെനതിരെ റിപ്പോർട്ടിലുള്ളത്. പ്രമുഖരായ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ പൊതുതാൽപര്യ ഹർജികളടക്കം നൽകുകയും പിന്നീട് ഇവരിൽനിന്ന് സാമ്പത്തിക ആനുകൂല്യം പറ്റി കേസ് ഒത്തുതീർപ്പാക്കുകയുമാണ് ഇയാൾ ചെയ്യുന്നതെന്നാണ് മനസ്സിലായതെന്നു റിപ്പോർട്ടിലുണ്ട്. ഇതിനായി ഏതാനും കേസുകളും റിപ്പോർട്ടിൽ ഉദ്ധരിച്ചിട്ടുണ്ട്.
മുൻമന്ത്രി അനൂപ് ജേക്കബിനെ ഭീഷണിപ്പെടുത്തിയ കേസിൽ പ്രതിയാണു നവാസ്. മന്ത്രിയായിരുന്ന കാലത്ത് അനൂബ് ജേക്കബിനെതിരെ തെളിവുകളുണ്ടെന്നും രമ്യമായി വിഷയം ഒത്തുതീർപ്പാക്കിയില്ലെങ്കിൽ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാകും എന്നുമായിരുന്നു ഭീഷണി. ഇതിൽ അനൂപ് ജേക്കബ് നൽകിയ കേസിന്റെ വിചാരണ ഇപ്പോഴും തുടരുന്നു. പോക്സോ കേസിലടക്കം ഇയാൾ പ്രതിയായിരുന്നുവെന്നും എന്നാൽ സാക്ഷികൾ കൂറുമാറിയതിനാൽ ശിക്ഷിക്കപ്പെട്ടില്ല എന്നും റിപ്പോർട്ട് പറയുന്നുണ്ട്.
കണിയാപുരത്തെ ഒരു സ്കൂളുമായി ബന്ധപ്പെട്ട് 25 ലക്ഷം രൂപ ആവശ്യപ്പെട്ട കാര്യവുമുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളജിനടുത്ത് പെട്രോൾ പമ്പ് ആരംഭിക്കാൻ ശ്രമിച്ചപ്പോൾ പരാതി നൽകുകയും ഇത് പിൻവലിക്കാൻ പണം ആവശ്യപ്പെടുകയും ചെയ്തു. മംഗലപുരം പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ െചയ്ത കേസിൽ വാദിയായ നവാസ് കേസിൽനിന്ന് പിന്മാറാൻ പ്രതിയിൽ നിന്ന് 50,000 വാങ്ങിച്ചു എന്നും അതിനാൽ മജിസ്ട്രേറ്റ് കോടതിയിൽ നടക്കുന്ന വിചാരണയ്ക്ക് ഹാജരാകുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇത്തരത്തിൽ ഒട്ടേറെ പേരെ നവാസ് ചൂഷണം ചെയ്ത് പണം സമ്പാദിക്കുന്നു എന്നാണ് മനസ്സിലാകുന്നതെന്നാണ് റിപ്പോർട്ട്. പലരും നൽകിയ പരാതികള്‍ പണം നൽകി പിൻവലിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ കോടതിയിലുള്ള ഹർജികളും വിവരാവകാശ അപേക്ഷകളുമെല്ലാം സംശയാസ്പദമാണെന്നും റിപ്പോർട്ടിൽ പറയുന്നു. മുൻ മന്ത്രി തോമസ് ഐസക്കിനെ നോളജ് മിഷന്‍ ഉപദേശകനായി നിയമിച്ചത് ചോദ്യം ചെയ്താണ് നവാസ് പായിച്ചിറ പൊതുതാല്‍പര്യ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. തോമസ് ഐസക്കിനെ നോളജ് മിഷന്‍ ഉപദേശകനായി നിയമിച്ചതിൽ അഴിമതിയും ചട്ടലംഘനവും ഉണ്ടെന്ന് കാട്ടിയായിരുന്നു ഹർജി.
േകസ് പരിഗണിച്ചപ്പോൾ ഹർജിക്കാരനെക്കുറിച്ച് കോടതി റിപ്പോർട്ട് തേടി. തുടർന്നാണ് പൊലീസ് റിപ്പോർട്ട് സമർപ്പിച്ചതും ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണത്തിന് അമിക്കസ് ക്യൂറിയെ നിയോഗിച്ചതും. പൊതുതാല്‍പര്യ ഹര്‍ജികളിൽ സംശുദ്ധി അനിവാര്യമാണെന്നു കോടതി അഭിപ്രായപ്പെട്ടു. റിപ്പോർട്ട് മറ്റുള്ളവർക്ക് നൽകരുതെന്ന് നവാസ് പായിച്ചിറയുടെ അഭിഭാഷകൻ വാദിച്ചെങ്കിലും പൊതുതാല്‍പര്യ ഹര്‍ജി നല്‍കുമ്പോള്‍ ഇത്തരം നടപടികള്‍ നേരിടാനും തയാറായിരിക്കണമെന്ന് കോടതി പറഞ്ഞു. പായിച്ചിറ നവാസിനെതിരായ രേഖകള്‍ അമിക്കസ് ക്യൂറിക്ക് കൈമാറാനും കോടതി റജിസ്ട്രിക്ക് നിര്‍ദേശം നൽകി. നവാസ് പായിച്ചിറയുടെ ഹർജിയിലാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ കണ്ടെത്തലുകളിന്മേൽ ൈഹക്കോടതി അന്വേഷണം പ്രഖ്യാപിച്ചത്.