32 സെന്റിൽ 9 നിലകൾ, പിബി അംഗങ്ങൾക്ക് പ്രത്യേക സൗകര്യം; പുതിയ എകെജി സെന്ററിന്റെ ഉദ്ഘാടനം ഏപ്രിൽ 23ന്

Mail This Article
തിരുവനന്തപുരം∙ സിപിഎമ്മിന്റെ പുതിയ ആസ്ഥാനമന്ദിരത്തിന്റെ പണി പൂര്‍ത്തിയായി വരികയാണെന്നും ഓഫിസ് ഉദ്ഘാടനം ഏപ്രില്‍ 23ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കുമെന്നും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. എകെജി സെന്റര്‍ എന്നു തന്നെയാവും പുതിയ 9 നില ആസ്ഥാനമന്ദിരത്തിന്റെയും പേര്. നിലവിലെ കെട്ടിടം എകെജി പഠനഗവേഷണ കേന്ദ്രമായി തുടരുമെന്നും എം.വി. ഗോവിന്ദന് പറഞ്ഞു.
അഗ്നിരക്ഷാ സേന, നഗരസഭ, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, എയര്‍പോര്‍ട്ട് അതോറിറ്റി, മൈനിങ് ആന്‍ഡ് ജിയോളജി, ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് തുടങ്ങി ആവശ്യമായ എല്ലാ അനുമതികളും വാങ്ങിയാണ് കെട്ടിടം നിർമിച്ചതെന്നും ഗോവിന്ദൻ പറഞ്ഞു. സംസ്ഥാന കമ്മിറ്റിയുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും സൗകര്യപ്രദമായ തരത്തിലാണ് പുതിയ മന്ദിരത്തിന്റെ നിർമാണം. വാര്‍ത്താ സമ്മേളനത്തിനുള്ള ഹാള്‍, സംസ്ഥാന കമ്മിറ്റിയുടെ ഓഫിസ്, യോഗം ചേരാനുള്ള സൗകര്യം, സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രത്യേക മുറി, ഹാളുകള്‍, സെക്രട്ടേറിയേറ്റ് അംഗങ്ങള്‍ക്കെല്ലാമുള്ള ഓഫിസ് മുറികള്‍, പിബി അംഗങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍ എന്നിവ പുതിയ ആസ്ഥാനമന്ദിരത്തിലുണ്ടാകുമെന്നും എം.വി.ഗോവിന്ദന് പറഞ്ഞു.
പരിമിതമായ താമസ സൗകര്യവും മന്ദിരത്തിലുണ്ടാകും. വാഹന പാര്‍ക്കിങ്ങിന് രണ്ട് ഭൂഗര്‍ഭനിലകള്‍ ഒരുക്കിയിട്ടുണ്ട്. പ്രമുഖ വാസ്തു ശില്‍പ്പി എന്‍. മഹേഷാണ് കെട്ടിടത്തിന്റെ രൂപകല്പന. നിലവിലെ ആസ്ഥാനമായ പാളയത്തെ എകെജി സെന്ററിന് എതിര്‍വശത്തു വാങ്ങിയ 32 സെന്റില്‍ 9 നിലകളിലായി നിര്‍മിക്കുന്ന കെട്ടിടത്തിന്റെ അവസാന ഘട്ട ജോലികളാണ് പുരോഗമിക്കുന്നത്. നിര്‍മാണത്തിനായി പാര്‍ട്ടി കഴിഞ്ഞ വര്‍ഷം പണപ്പിരിവ് നടത്തിയിരുന്നു. കോടിയേരി ബാലകൃഷ്ണന് സംസ്ഥാന സെക്രട്ടറിയായിരിക്കെയാണ് അദ്ദേഹത്തിന്റെ പേരില്‍ 6.5 കോടി രൂപ ചെലവില്‍ പുതിയ ആസ്ഥാനത്തിനായി സ്ഥലം വാങ്ങിയത്.
2022 ഫെബ്രുവരിയില്‍ കെട്ടിടത്തിനു തറക്കല്ലിട്ടത് മുഖ്യമന്ത്രി പിണറായി വിജയനാണ്. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ നിര്‍മാണം പൂര്‍ത്തിയാക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. കേരളത്തിലെ മാത്രമല്ല, രാജ്യത്തു തന്നെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഏറ്റവും വലിയ ആസ്ഥാന മന്ദിരങ്ങളിലൊന്നാകും ഇത്. 1977 ല്‍ എ.കെ. ആന്റണി സര്‍ക്കാരിന്റെ കാലത്ത് എകെജി സ്മാരക സമിതിക്ക് പഠന ഗവേഷണ കേന്ദ്രത്തിനായി നല്കിയ സര്‍ക്കാര്‍ ഭൂമിയിലാണ് നിലവിലെ ആസ്ഥാന മന്ദിരം സ്ഥിതി ചെയ്യുന്നത്.