‘മുനമ്പത്തെ ജനങ്ങളുടെ അവകാശം വീണ്ടെടുക്കും’; എൻഎസ്എസ് ആസ്ഥാനത്ത് രാജീവ് ചന്ദ്രശേഖർ

Mail This Article
ചങ്ങനാശേരി∙ വഖഫ് ബിൽ പാസായ ഉടൻ മുനമ്പത്തെ ജനങ്ങളുടെ അവകാശം വീണ്ടെടുക്കുമെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. മുനമ്പത്തെ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ളതാണ് വഖഫ് ബില്ലെന്നും അതിലൊരു സംശയവും വേണ്ടെന്നും അദ്ദേഹം പറഞ്ഞു. പെരുന്നയിൽ എൻഎസ്എസ് ആസ്ഥാനത്ത് എത്തി ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘‘ഈയൊരു സമയത്ത് മുനമ്പത്ത് ജനങ്ങളുടെ കൂടെ നിന്ന് അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുകയാണു കോൺഗ്രസും സിപിഎമ്മും ചെയ്യേണ്ടിയിരുന്നത്. മുനമ്പത്തെ ജനങ്ങൾക്ക് ശരിക്കുമൊരു പ്രശ്നം ഉണ്ടാവുമ്പോൾ ആരാണ് അവരുടെ കൂടെ നിൽക്കുന്നതെന്നും ആരാണ് പാർലമെന്റിൽ നുണ പറയുന്നതെന്നും ജനങ്ങൾക്ക് മനസിലായിട്ടുണ്ട്. ഇന്ത്യാ മുന്നണിയുടെ പ്രീണന രാഷ്ട്രീയം വെളിച്ചത്തായി’’ – രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ആദ്യം മുതൽ ഇന്നുവരെ എല്ലാവർക്കുമൊപ്പം നിന്ന് എല്ലാവർക്കും വേണ്ടി വികസനത്തിന്റെ രാഷ്ട്രീയം ചെയ്യുന്ന പാർട്ടിയാണ് ബിജെപി. ഇന്ത്യാ മുന്നണിയിലെ പാർട്ടികളാണ് യു ടേൺ അടിക്കുന്നത്. കേരളത്തെ മുന്നോട്ട് കൊണ്ടുപോകാനാണ് ബിജെപിയുടെ താൽപര്യമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.