‘കോടതി വളപ്പിലെ കന്റീനിലേക്ക് ഇനി പുറത്തുനിന്നുള്ളവർ പ്രവേശിക്കേണ്ട’: മഹാരാജാസിലെ വിദ്യാർഥികളോട് ‘കടക്ക് പുറത്ത്’

Mail This Article
കൊച്ചി ∙ നഗരത്തിലുണ്ടായ അഭിഭാഷക– വിദ്യാർഥി സംഘർഷത്തിനു പിന്നാലെ കന്റീൻ വിലക്ക്. എറണാകുളം ജില്ലാ കോടതി വളപ്പിലുള്ള ബാർ അസോസിയേഷന്റെ കന്റീനിലേക്ക് ഇനി മഹാരാജാസ് കോളജിലെ വിദ്യാർഥികളെ പ്രവേശിപ്പിക്കേണ്ട എന്നണ് തീരുമാനം. വിലക്ക് പുറത്തുനിന്നുള്ളവർക്കാണെങ്കിലും ലക്ഷ്യം വിദ്യാർഥികളാണ്. ഇവിടെയുള്ള 2 കന്റീനുകളിലും ഇനി പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കേണ്ടെന്ന് ഇന്നലെ ചേർന്ന അസോസിയേഷൻ ജനറൽ ബോഡി തീരുമാനിക്കുകയായിരുന്നു. സംഘർഷത്തിനു പിന്നാലെ പൊലീസ് ഇരുകൂട്ടർക്കുമെതിരെ കേസെടുത്തതിനു പുറമെ പൊലീസിനെ ആക്രമിച്ചതിനും കേസെടുത്തിരുന്നു.
‘‘അസോസിയേഷന്റെ പരിപാടിക്ക് വന്ന് കുട്ടികൾ ഭക്ഷണം കഴിക്കാറുണ്ട്. ഞങ്ങൾ അതു പ്രശ്നമാക്കാറില്ല. ആദ്യം കുറച്ചു പേര്‍ വരും. പ്രശ്നമില്ലെന്ന് കണ്ടാൽ കൂടുതൽ പേരെ വിളിച്ചു വരുത്തും. പരിപാടിക്ക് എത്തുന്നവർക്ക് ഭക്ഷണം തികയാത്ത സന്ദർഭങ്ങളുണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസവും വിദ്യാർഥികൾ വന്ന് ഭക്ഷണം കഴിച്ചിരുന്നു. ഞങ്ങൾ ഒന്നും പറഞ്ഞില്ല. അതിനു ശേഷം പക്ഷേ വനിതാ അഭിഭാഷകർക്കും കുടുംബങ്ങൾക്കുമൊക്ക ഇടയിൽ കയറി ഡാൻസ് കളിക്കാൻ ശ്രമിച്ചപ്പോഴാണ് അവരെ പറഞ്ഞുവിട്ടത്. പിന്നീടായിരുന്നു ആക്രമണം. കന്റിനിൽ ഇനി പുറത്തുനിന്നുള്ളവരെ പ്രവേശിപ്പിക്കേണ്ടെന്നത് ജനറൽ ബോഡി തീരുമാനമാണ്. അഭിഭാഷകർ, ക്ലാർക്കുമാർ ഉൾപ്പെടെ കോടതിയിലെ മറ്റു ജീവനക്കാർ, കക്ഷികൾ എന്നിവർക്ക് മാത്രമായിരിക്കും പ്രവേശനം എന്നാണ് ജനറൽ ബോഡി തീരുമാനിച്ചിട്ടുള്ളത്.’’– എറണാകുളം ബാർ അസോസിയേഷൻ പ്രസിഡന്റ് ആന്റോ തോമസ് പറഞ്ഞു.
അഭിഭാഷകർ മഹാരാജാസ് കോളജ് വളപ്പിലേക്കു കല്ലെറിയുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. എന്നാൽ ഇത് ഒരു വശം മാത്രമാണെന്ന് ആന്റോ തോമസ് പറഞ്ഞു. ജനറൽ ബോഡി യോഗം കഴിഞ്ഞിറങ്ങിയ തങ്ങളെ വിദ്യാർഥികൾ തെറി വിളിക്കുകയും കല്ലെറിയുകയും ചെയ്തതായി അദ്ദേഹം ആരോപിച്ചു. ഇതിനോട് പ്രതികരിക്കുകയായിരുന്നു അഭിഭാഷകർ. വിദ്യാർഥികൾ തെറിവിളിക്കുന്നതിന്റെ വിഡിയോ ദൃശ്യവും അദ്ദേഹം പുറത്തുവിട്ടു.
എന്നാൽ വിദ്യാർഥികൾ ഭക്ഷണം കഴിക്കാൻ ചെന്നതിനു ശേഷമുണ്ടായ കാര്യങ്ങളാണ് സംഘർഷത്തിനു കാരണമായതെന്ന ആരോപണം എസ്എഫ്ഐ നിഷേധിച്ചു. ഗേറ്റിനു സമീപം നിന്ന ചില അഭിഭാഷകർ വിദ്യാർഥികളോടു മോശമായി പെരുമാറിയതാണ് സ്ഥിതിഗതികൾ വഷളാക്കിയത് എന്നാണ് സംഘടനയുടെ വാദം. ഇരുകൂട്ടർക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ടെങ്കിലും സ്ഥിതിഗതികൾ ശാന്തമാക്കാനുള്ള ഒത്തുതീർപ്പു ശ്രമങ്ങളും നടക്കുന്നുണ്ട് എന്നാണ് വിവരം.