ലാത്തിരി പൂത്തിരി മത്താപ്പൂ, തരംഗം തീർത്ത് ‘മാർക്കോ’; വിപണി കീഴടക്കി ഹാലോവീനും ആൻക്രീ ബേർഡും

Mail This Article
വിഷുക്കണിക്കും വിഷുസദ്യക്കുമൊപ്പം മലയാളിക്ക് പടക്കമില്ലാത്ത ആഘോഷമില്ല. തെക്കൻ കേരളത്തിൽ വിഷു ആഘോഷം കുറവാണെങ്കിലും മധ്യകേരളത്തിലും വടക്കൻ കേരളത്തിലും വിഷുക്കണിക്കും സദ്യക്കുമൊപ്പം തന്നെ പടക്കവും മുൻപന്തിയിലാണ്. മാജിക് ഷോ, നൈറ്റ് റെഡർ, വർണാജാൽ, കാറ്റ് കില്ലർ, ഹാലോവീൻ, ആൻക്രീ ബേർഡ് എന്നിങ്ങനെ വിഷുകാലത്ത് വിപണിലെത്തിയ പടക്കങ്ങളുടെ പേരുകളിലുമുണ്ട് കൗതുകം. കുട്ടികള്‍ക്ക് ഏറെ പ്രിയമുളള കമ്പിത്തിരിയിലുമുണ്ട് ഇത്തവണ പുതുമ. മാലപ്പടക്കം പൊട്ടുന്ന രീതിയിലുള്ള കമ്പിത്തിരിയാണ് ഇത്തവണത്തെ വിഷു വിപണയിലെ താരം. പടക്കം പൊട്ടുന്ന ഈ കമ്പിത്തിരിയിലെ തീപൊരി (സ്പാർക്ക്) ദേഹത്തായാൽ പൊള്ളില്ല എന്നതാണ് പ്രത്യേകത.

പ്രേക്ഷക പ്രീതി നേടിയ മാർക്കോ, കാന്താര പോലുളള സിനിമകളുടെ പേരിലുള്ള പടക്കങ്ങളും ഇത്തവണ വിപണി കീഴടക്കി. ശബ്ദത്തിനപ്പുറം ആകാശത്ത് വർണ വിസ്മയങ്ങള്‍ തീര്‍ക്കുന്ന ചൈനീസ് പടക്കങ്ങൾക്കും ആവശ്യക്കാർ ഏറെയാണ്. ഹെലിക്കോപ്റ്റർ, ഡ്രോൺ എന്നീ പേരുകളിൽ അറിയപ്പെടുന്ന മൾട്ടി കളർ ഫ്ലവർ പോട്ടുകൾക്കും ഇത്തവണ ആവശ്യക്കാരേറെയാണെന്ന് വ്യാപാരികൾ പറയുന്നു.

വിഷു കച്ചവടം പൊടിപൊടിക്കുന്നുവെന്നാണ് വിൽപനക്കാർ പറയുന്നത്. മത്താപ്പൂവ്, തറച്ചക്രം, കമ്പിത്തിരി എന്നിവയാണ് ഏറ്റവും കൂടുതൽ വിറ്റുപോകുന്നത്. മൾട്ടി ഷോട്ട്സിനും സ്മോക്കേഴ്സിനും ആവശ്യക്കാരേറെ. എത്രത്തോളം പുതുമകൾ ഇറക്കിയാലും ആളുകൾക്ക് പ്രിയം മേശപ്പൂ, കമ്പിത്തിരി, ചക്രം, ലാത്തിരി, പൂത്തിരി എന്നിവയോടാണെന്ന് തൃശൂരിലെ എൻവീ സ്റ്റോഴ്സ് ഉടമ ചെറിയാച്ചൻ മനോരമ ഓൺലൈനോട് പറഞ്ഞു.
പതിവു പോലെ വ്യത്യസ്തമായ പേരുകളിലെത്തിയ ചൈനീസ് പടക്കങ്ങളാണ് വിപണിയിലെ താരങ്ങള്‍. ശബ്ദത്തേക്കാള്‍ വർണത്തിന് പ്രാധാന്യം നല്‍കുന്ന ഈ ഇനങ്ങൾക്ക് പ്രായഭേദമന്യേ ആവശ്യക്കാരും ഏറെയാണ്. ചൈനീസ് പടക്കങ്ങളിലെ രാജാവ് മൾട്ടി ഷോട്ട്സാണ്. 4000 രൂപ വിലയുള്ള 100 ഷോട്ട്സ് അടങ്ങിയ ഫാൻ കേക്കാണ് ഇക്കൂട്ടത്തിലെ പ്രധാനി. ഫ്ലൂറസന്റ് നിറത്തിലുള്ള അമിട്ടുകളാണ് പടക്കവിപണിയിലെ ഇത്തവണത്തെ സവിശേഷതകളിലൊന്ന്. മേശപ്പൂവിലെ വ്യത്യസ്തയാർന്ന പീക്കോക്കുകൾ പണ്ട് ഒരു ഡിസൈനിൽ ആയിരുന്നെങ്കിൽ ഇത്തവണ പല തരത്തിൽ ഇറങ്ങിയിട്ടുണ്ട്.

തദ്ദേശീയമായുള്ള പടക്കനിർമാണത്തിനു നിയന്ത്രണങ്ങൾ ഏറിയതോടെ ഗുണ്ടുകളും ഓലപ്പടക്കവും അത്ര സുലഭമല്ല. അതുകൊണ്ട് തന്നെ കേരളത്തിലേക്ക് തമിഴ്‌നാട്ടിലെ ശിവകാശി, കോവില്‍പ്പെട്ടി എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതലായും പടക്കങ്ങൾ എത്തുന്നത്. ശിവകാശിയിൽ നിന്ന് സുരക്ഷയില്ലാതെയും ജിഎസ്ടി വെട്ടിച്ചും പടക്കമെത്തുന്നുവെന്ന ആക്ഷേപവും വ്യാപാരികൾ ഉന്നയിക്കുന്നുണ്ട്. ഓൺലൈനായി വീടുകളിലേക്കും മറ്റും പടക്കമെത്തിക്കുന്നത് ലൈസന്‍സോ സുരക്ഷാ മാനദണ്ഡങ്ങളോ പാലിക്കാതെയാണ്. ഗുണമേന്മ കുറഞ്ഞ പടക്കങ്ങളാണ് ഓൺലൈനായി വിഷുകാലത്തെത്തുന്നത്. അപകട സാധ്യത ഏറെയുള്ള ഓൺലൈൻ പടക്ക വ്യാപാരം നിയന്ത്രിക്കാൻ നടപടിയുണ്ടാകണം’’– എൻവി സ്റ്റോഴ്സ് ഉടമ ചെറിയാച്ചൻ പറഞ്ഞു.