ADVERTISEMENT

വാർത്തകളിൽ സ്വർണക്കടത്ത്‌ തിളച്ചുരുകുമ്പോൾ,  എം.ടി.വാസുദേവൻ നായരും എൻ.പി.മുഹമ്മദും ചേർന്ന് എഴുതിയ നോവൽ ‘അറബിപ്പൊന്നി’ന്  60 വയസ്സ്...

‘എം.ടി.വാസുദേവൻ നായരെ അറബിപ്പൊന്ന് ഒളിച്ചു കടത്തിയതിന് അറസ്റ്റ് ചെയ്തു’ എന്ന വാർത്ത വായിച്ച് ആരെങ്കിലും പിന്നീടു ചോദിക്കാൻ വന്നാൽ എനിക്കു പറയുവാനുത്തരവുമുണ്ട്: സാഹിത്യ ത്തെക്കാളും നല്ല ബിസിനസാണിതെന്നു തോന്നി. അതുകൊണ്ടു ചെയ്തു. അറബിപ്പൊന്ന് നോവലിന്റെ ആമുഖത്തിൽ എംടി കുറിച്ചു. 

ഒരു വമ്പൻ പൊന്നിടപാടിന്റെ സാഹസികതയ്ക്കു കാത്തിരിക്കുമ്പോൾ എംടി ഭാവനയിൽ കണ്ട ഭാവി പത്രവാർത്തയുടെ തലക്കെട്ടായിരുന്നു അത്. ‘പണമുണ്ടാക്കുക മാത്രമായിരുന്നില്ല ലക്ഷ്യം. ഒരു സാഹസകൃത്യം ചെയ്യുന്നതിലുള്ള കോരിത്തരിപ്പായിരുന്നു പ്രധാനം’ എന്നാണ് എംടി എഴുതിയത്. ഉൾക്കിടിലം മറ്റൊരു കാര്യത്തിലായിരുന്നു. ആസൂത്രണം പാളിയാൽ, സ്വർണക്കടത്ത് പൊലീസും കസ്റ്റംസും അറിഞ്ഞു വീട്ടിൽ പരിശോധന ഉണ്ടായാൽ, നിർദോഷികളായ കുടുംബാംഗങ്ങളും അതിഥികളായ ബന്ധുക്കളുമൊക്കെ ഇതിൽ പെട്ടുപോകും. അതുകൊണ്ടുമാത്രം പിന്മാറി. 

ഉറ്റചങ്ങാതി എൻ.പി.മുഹമ്മദുമായി ചേർന്ന് അറബിപ്പൊന്നിനെപ്പറ്റി ഒരു നോവൽ എഴുതാനുള്ള തയാറെടുപ്പിലായിരുന്ന കാലത്ത് സ്വർണക്കടത്തിനെപ്പറ്റി ഇരുവർക്കും ഉണ്ടായിരുന്നു പരന്ന വിജ്ഞാനം. കോഴിക്കോട്ട്, എംടിയുടെ വീട്ടിലേക്കുള്ള ഇടവഴിയിൽ വച്ച് എൻപിയാണ് ‘ഗോൾഡ് സ്മഗ്ലിങ്’ റാക്കറ്റിനെപ്പറ്റി നോവൽ എഴുതാമെന്ന ആശയം മുന്നോട്ടുവച്ചത്.  

അറബിപ്പൊന്ന് നോവലിലെ കഥാപാത്രമായ ശേഖരൻ അവീൻ കുഴിച്ചിട്ട പറമ്പിന്റെ സമീപത്തെ ഇരുണ്ട ഇടവഴിയിൽ വച്ചാണ് എഴുത്തുധാരണ ആയതെന്ന് എംടി പറഞ്ഞിട്ടുണ്ട്. രണ്ട് എഴുത്തുകാരുടെ കൂട്ടുകൃഷി.

ഭാവനയിൽ പ്രമേയം ഉണ്ടാക്കി എഴുതാൻ പ്രയാസമുള്ളതു കൊണ്ട് അറബിപ്പൊന്ന് വ്യാപാരം നടത്തിയവരുടെ അനുഭവങ്ങൾ അന്വേഷിച്ചു കണ്ടെത്തി, കുറിപ്പുകളെടുത്ത് വലിയ ഗവേഷണം വേണ്ടി വന്നു. നോട്ടുപുസ്തകങ്ങളും സിഗരറ്റുമായി ‘കഥാപാത്രങ്ങളെ’ കണ്ടു സുദീർഘമായി സംസാരിച്ചു. ഏതാനും മാസംകൊണ്ടു കുറിപ്പുപുസ്തകങ്ങൾ നിറഞ്ഞ കാര്യവും എംടി പറഞ്ഞിട്ടുണ്ട്. ഒരു പുസ്തകമെഴുതാൻ ഇത്ര അധ്വാനിച്ച മറ്റൊരു സന്ദർഭവും ഉണ്ടായിട്ടില്ല എന്നും നോവലിന്റെ ആമുഖത്തിൽ കുറിച്ചു.

mana
മലപ്പുറം കരുവാരകുണ്ടിലെ തൃക്കടീരി മന ഇപ്പോൾ.

‘ഇതിനിടെ ആയിരുന്നു ആ സംഭവം’ - ത്രസിപ്പിക്കുന്ന വഴിത്തിരിവിനെക്കുറിച്ച് അദ്ദേഹം എഴുതി: ‘നല്ലവനായ ഒരു സുഹൃത്തിന് അലിവുതോന്നി, അറബിപ്പൊന്നു വ്യാപാരത്തിൽ പങ്കുചേരാൻ ക്ഷണിച്ചു. രണ്ടു സാഹിത്യകാരന്മാർ സ്വൽപം കാശുണ്ടാക്കി രക്ഷപ്പെടട്ടെ എന്നായിരുന്നു സുഹൃത്തിന്റെ ആലോചന’.

ആ പ്രലോഭനം ആട്ടിയകറ്റി നോവൽ എഴുത്തിലേക്കു വീണ്ടും. 1958 നവംബറിൽ എഴുതാൻ തുടങ്ങി. ഭാഗങ്ങൾ അന്യോന്യം ഒത്തുനോക്കി. ശ്രമകരമായിരുന്നു രചന. സ്വൈരമായിരുന്ന് എഴുതാൻ സ്ഥലം അന്വേഷിച്ചു. സുഹൃത്തും ചിത്രകാരനുമായ എം.വി.ദേവൻ സഹായിച്ചു. മലപ്പുറം കരുവാരകുണ്ടിൽ തൃക്കടീരി സഹോദരന്മാരുടെ കളം ഇരുവർക്കുമായി തരപ്പെടുത്തി. 

 രാത്രിയിലെ നിശാഗന്ധിപ്പടർപ്പിന്റെ മണവും നിലാവും മലനിരകളും തീർത്ത വിഷാദം മറികടന്ന് എഴുത്തിലേക്കു പ്രവേശിക്കാൻ എംടി നന്നേ പാടുപെട്ടു. എൻപിയാകട്ടെ, പിറ്റേന്നു തന്നെ ഒഴുക്കോടെ എഴുതാൻ തുടങ്ങി.  

അങ്ങനെ, പഴുപ്പിച്ച തങ്കത്തകിടു പോലെ കണ്ണഞ്ചിച്ചു തിളങ്ങിയിരുന്ന പടിഞ്ഞാറൻ മാനം തണുത്തു... എന്നു തുടങ്ങുന്ന വരികളുമായി, വേരുകൾ മുതൽ ഉദയം വരെ ഭാഗങ്ങളിലായി നീളുന്ന, അറബിപ്പൊന്നിന്റെ കടത്തുകഥയും അതിനിടെ തകർന്ന മനുഷ്യരുടെ കദനകഥയും രണ്ട് എഴുത്തുകാരുടെ ഹൃദയഭാഷയിലൂടെ വാർന്നുവീഴുകയായിരുന്നു. 

1959ൽ രചന പൂർത്തിയായി. 1960ൽ അച്ചടിമഷി പുരണ്ടു. ഇപ്പോൾ നോവലിന് ഷഷ്ടിപൂർത്തി. 

നടക്കാതെപോയ സിനിമ

‘അറബിപ്പൊന്നി’ന്  ചലച്ചിത്രാവിഷ്കാരമൊരുക്കാൻ സംവിധായകൻ ഹരിഹരൻ ആഗ്രഹിച്ചിരുന്നു. പത്മരാജനെക്കൊണ്ട് തിരക്കഥ എഴുതിക്കാനായിരുന്നു പദ്ധതി. ‘ഒരു വടക്കൻ വീരഗാഥ’യുടെ വിജയാഘോഷത്തിന് എംടിയും ഹരിഹരനും തിരുവനന്തപുരത്തു ചെന്നപ്പോൾ പത്മരാജനെക്കണ്ടു ചർച്ച നടത്തുകയും ചെയ്തിരുന്നു. 

‘ഇന്നലെ’ സിനിമ ചെയ്യാനൊരുങ്ങുന്ന സമയമായതിനാൽ പത്മരാജനു തിരക്കഥാരചന ഏറ്റെടുക്കാൻ കഴിഞ്ഞില്ലെന്നു മകൻ അനന്തപത്മനാഭൻ കുറിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com