ADVERTISEMENT

കഠ്മണ്ഡു ∙ ലോകത്തെ വിറപ്പിച്ച കുപ്രസിദ്ധ ‘സീരിയൽ കില്ലർ’ ചാൾസ് ശോഭരാജിന് ഒടുവിൽ ജയിൽ മോചനം. നേപ്പാളിന്റെ തലസ്ഥാനമായ കഠ്മണ്ഡുവിൽ 1975 ൽ സന്ദർശനത്തിനെത്തിയ 2 അമേരിക്കൻ ടൂറിസ്റ്റുകളെ വധിച്ച കേസിൽ 19 വർഷമായി ജയിലിൽ കഴിയുന്ന ശോഭരാജിനെ മോചിപ്പിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു. 

പ്രായാധിക്യവും മനുഷ്യാവകാശവും പരിഗണിച്ച് കുറ്റവാളിയെ മോചിപ്പിക്കുകയാണെന്നും 15 ദിവസത്തിനകം അദ്ദേഹത്തിന് പൗരത്വമുള്ള ഫ്രാൻസിലേക്ക് നാടുകടത്തണമെന്നും സുപ്രീംകോടതി നിർദേശിച്ചു. ഇന്ത്യയിലും നേപ്പാളിലുമായി ശോഭരാജ് 40 വർഷത്തോളം തടവറയിലായിരുന്നു.

2003 സെപ്റ്റംബറിലാണ് നേപ്പാളിലെ കാസിനോയിൽ നിന്ന് ശോഭരാജ് അറസ്റ്റിലായത്.‘ബികിനി കില്ലർ’ എന്ന പേരിലറിയപ്പെട്ട ശോഭരാജ് (78) ആൾമാറാട്ടത്തിലും കുപ്രസിദ്ധനാണ്. ഡൽഹിയിൽ വിദേശ വിനോദ സഞ്ചാരിയെ ലഹരിമരുന്നു നൽകി കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ശോഭരാജ് 1976 മുതൽ 21 വർഷം ഇന്ത്യയിൽ തിഹാർ ജയിലിൽ തടവിലായിരുന്നു. 1986 ൽ ജയിൽ ചാടിയെങ്കിലും ഗോവയിൽ പിടിയിലായി. 

1997 ൽ മോചനത്തിനുശേഷം ഫ്രാൻസിലേക്കു നാടുകടത്തി. നാട്ടിലും മോഷണ പരമ്പരയുമായി നടന്ന ശോഭരാജ് വീണ്ടും കഠ്മണ്ഡുവിലെത്തിയപ്പോൾ പിടിയിലായതോടെയാണ് കൊടുംക്രിമിനലിന്റെ സാഹസിക ജീവിതത്തിന് വിരാമമായത്. ഫ്രഞ്ച് പൗരനായ ശോഭരാജിന്റെ പിതാവ് ഇന്ത്യക്കാരനും മാതാവ് വിയറ്റ്‌നാംകാരിയുമാണ്.

പ്രധാന ഇരകൾ സ്ത്രീകൾ

വിദേശ ടൂറിസ്റ്റുകളെ വശീകരിച്ച് ലഹരിയും വിഷവും നൽകി വധിക്കുന്നതായിരുന്നു രീതി. സ്ത്രീകളായിരുന്നു പ്രധാന ഇരകൾ. തായ്‍ലൻഡിലെ ടൂറിസ്റ്റ് കേന്ദ്രമായ പട്ടായയിൽ തുടർച്ചയായി വിദേശ ടൂറിസ്റ്റുകൾ കൊല്ലപ്പെട്ടതിനെ തുടർന്നുള്ള അന്വേഷണമാണ് ശോഭരാജിനെ കുരുക്കിയത്. കൊലപ്പെടുത്തിയ ടൂറിസ്റ്റുകളുടെ പാസ്പോർട്ട് ഉപയോഗിച്ച് അടുത്ത രാജ്യത്തേക്ക് കടക്കുന്നതായിരുന്നു രീതി. 

English Summary: Charles Sobhraj To Be Released : Serial Killer Charles Sobhraj To Be Released From Nepal Jail

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com