ഗാസയിൽ ഇന്നു രാവിലെ മുതല് വെടിനിർത്തൽ; പതിനയ്യായിരത്തോളം ജീവനുകളെടുത്ത യുദ്ധം അവസാനിപ്പിച്ച് ഇസ്രയേൽ
Mail This Article
ഗാസ ∙ ഒന്നരമാസം കൊണ്ടു പതിനയ്യായിരത്തോളം പേരുടെ ജീവനെടുത്ത യുദ്ധം തൽക്കാലം അവസാനിപ്പിച്ച് ഇസ്രയേൽ – ഹമാസ് വെടിനിർത്തൽ ഇന്നു മുതൽ. നാലു ദിവസത്തെ വെടിനിർത്തൽ ഇന്നലെ പ്രാബല്യത്തിലാകുമെന്ന പ്രതീക്ഷ അട്ടിമറിച്ച് അനിശ്ചിതത്വം തുടർന്നെങ്കിലും യുദ്ധവിരാമം ഇന്നുണ്ടാകുമെന്നു ചർച്ചകളിൽ മുഖ്യപങ്കുവഹിച്ച ഖത്തറിന്റെ പ്രഖ്യാപനമെത്തിയതോടെ ലോകം ആശ്വാസത്തിൽ.
ഇന്നു രാവിലെ 7 മുതലാണ് (ഇന്ത്യൻ സമയം 10.30) വെടിനിർത്തൽ. കഴിഞ്ഞ മാസം 7ന് ഇസ്രയേലിൽനിന്നു ഹമാസ് ബന്ദികളാക്കിയവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 13 പേരെ വൈകുന്നേരം നാലോടെ മോചിപ്പിക്കും. ഇതിനു പകരമായി, ഇസ്രയേലിലെ ജയിലുകളിലുള്ള പലസ്തീൻ തടവുകാരിൽ ചിലരെയും വിട്ടയയ്ക്കും. എവിടെവച്ചു കൈമാറുമെന്നതു രഹസ്യമാണ്. വെടിനിർത്തൽ നടപ്പായി നാലാം ദിവസത്തോടെ ബാക്കി ബന്ദികളുടെ മോചനം സംബന്ധിച്ചു ധാരണയുണ്ടാക്കാനാണു ശ്രമം.
ഇസ്രയേൽ – ഹമാസ് വെടിനിർത്തൽ കരാറിനെ ‘പ്രത്യാശയുടെ നുറുങ്ങുവെട്ടം’ എന്നു വിളിച്ചുകൊണ്ടായിരുന്നു ദോഹയിൽ ഖത്തർ വിദേശകാര്യമന്ത്രാലയത്തിന്റെ പ്രഖ്യാപനം. വെടിനിർത്തലിനും ഇസ്രയേൽ ബന്ദികളുടെ മോചനത്തിനും പലസ്തീൻ തടവുകാരുടെ കൈമാറ്റത്തിനും ഇന്നു മാത്രമേ തീരുമാനമാകുകയുള്ളൂവെന്ന് ഇസ്രയേലും യുഎസും അറിയിച്ചതിനു പിന്നാലെയായിരുന്നു ഇത്. വെടിനിർത്തലോടെ ദുരിതാശ്വാസ സഹായമെത്തിക്കുന്ന 200 ട്രക്കുകളും 4 ഇന്ധന ട്രക്കുകളും പ്രതിദിനം ഗാസയിലെത്തും.
ഇന്നലെ രാവിലെ മുതൽ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽവരുമെന്നാണു നേരത്തേ പ്രഖ്യാപിച്ചിരുന്നത്. ഏതൊക്കെ ബന്ദികളെയാണു വിട്ടയയ്ക്കുന്നതെന്ന വിശദാംശം കൈമാറാൻ താമസമുണ്ടായതു മൂലമാണു വെടിനിർത്തൽ നടപ്പാക്കാൻ അവസാന നിമിഷം തടസ്സമായതെന്ന് റിപ്പോർട്ടുകളുണ്ട്. റെഡ്ക്രോസിന് ഗാസയിൽ പ്രവേശനം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട തർക്കവും വെടിനിർത്തൽ വൈകിച്ചു.
ഇതിനിടെ, ഗാസ സിറ്റിയിലെ അൽ ഷിഫ ആശുപത്രി ഹമാസ് താവളമായി പ്രവർത്തിച്ചിരുന്നതിനു തെളിവുകൾ ലഭിച്ചെന്നു പറഞ്ഞ ഇസ്രയേൽ സൈന്യം ആശുപത്രി ഡയറക്ടർ മുഹമ്മദ് അബു സാൽമിയയെയും ഏതാനും ജീവനക്കാരെയും അറസ്റ്റ് ചെയ്തു. ഇസ്രയേൽ സെക്യൂരിറ്റി അതോറിറ്റിക്കു കൈമാറിയ ഇദ്ദേഹത്തെ ചോദ്യം ചെയ്യുകയാണ്.