ഇറാനിൽ പ്രസിഡന്റായി മസൂദ് പെസഷ്കിയാന്റെ വിജയം: ഇറാൻ – ഇന്ത്യ ബന്ധം സുഗമമായി മുന്നോട്ട്
Mail This Article
ന്യൂഡൽഹി ∙ മസൂദ് പെസഷ്കിയാൻ ഇറാനിൽ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് ഇന്ത്യ–ഇറാൻ ബന്ധത്തിൽ സുഗമമായ തുടർച്ചയ്ക്കു സഹായകരമാകുമെന്ന് പ്രതീക്ഷ. പെസഷ്കിയാനെ സമൂഹമാധ്യമത്തിലൂടെ അഭിനന്ദനം അറിയിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇരുരാജ്യങ്ങളും തമ്മിലുള്ള ദീർഘകാല ബന്ധം കൂടുതൽ ദൃഢമാകുമെന്നു പ്രതീക്ഷ പ്രകടിപ്പിച്ചു.
നല്ല ബന്ധം തുടരാൻ ഇരുരാജ്യങ്ങൾക്കുമുള്ള താൽപര്യമാണ് ഇന്ത്യ–ഇറാൻ ബന്ധത്തിന്റെ അടിത്തറയെന്നു കഴിഞ്ഞദിവസം ഇന്ത്യയിലെ ഇറാൻ അംബാസഡർ ഇറാജ് ഇലാഹി പ്രസ്താവിച്ചിരുന്നു. ചാബഹാറിലെ തുറമുഖ വികസനം സംബന്ധിച്ച് മേയിൽ ഇരുരാജ്യങ്ങളും ഒപ്പുവച്ച ഉടമ്പടിയുടെ പശ്ചാത്തലത്തിലാണ് അദ്ദേഹം ഇതു പറഞ്ഞത്. യുഎസ് അടക്കം പാശ്ചാത്യശക്തികളുടെ അപ്രീതി അവഗണിച്ചാണ് ഇന്ത്യ ഇറാനുമായി ഉടമ്പടിക്കു മുതിർന്നത്. ഇറാൻ ബന്ധത്തിന്റെ പേരിൽ വാണിജ്യ ഉപരോധം വരെ ഏർപ്പെടുത്താനാവുമെന്ന് യുഎസ് ഉദ്യോഗസ്ഥർ മുന്നറിയിപ്പും നൽകിയിരുന്നു.
എന്നാൽ റഷ്യ, മധ്യേഷ്യൻ രാജ്യങ്ങൾ, അഫ്ഗാനിസ്ഥാൻ എന്നിവയുമായി വാണിജ്യബന്ധം ശക്തമാക്കാൻ ഇറാനിൽ തുറമുഖസൗകര്യം കൂടിയേ കഴിയൂ എന്ന നിലപാടിലാണ് ഇന്ത്യ. ഇറാനിൽ 25 കോടി ഡോളറിന്റെ അടിസ്ഥാന സൗകര്യങ്ങളാണ് ഇതിനായി ഇന്ത്യ നിർമിക്കുന്നത്. ഇതിന്റെ പകുതി ചാബഹാർ പദ്ധതിക്കാണ്.