‘പീനട്ട്’ അണ്ണാന് ദയാവധം; അണപൊട്ടി സങ്കടം
Mail This Article
ന്യൂയോർക്ക് ∙ ‘പീനട്ട്’ എന്നു വിളിപ്പേരുള്ള അണ്ണാൻകുഞ്ഞിനെ അധികൃതർ ദയാവധത്തിലൂടെ ഇല്ലാതാക്കിയപ്പോൾ മാർക്ക് ലോങ്ങോയ്ക്കു പ്രിയപ്പെട്ടൊരു കുടുംബാംഗം ഇല്ലാതാകുന്ന സങ്കടമാണു തോന്നിയത്. ‘പീനട്ടി’ന് എല്ലാമായിരുന്നു ലോങ്ങോ.
7വർഷം മുൻപ് ലോങ്ങോയുടെ കൺമുന്നിൽവച്ചാണ് ‘പീനട്ട്’ അനാഥനായത്. ന്യൂയോർക്ക് നഗരത്തിൽ പാഞ്ഞുവന്നൊരു കാർ അവന്റെ അമ്മയെ അരച്ചുകളഞ്ഞു. അണ്ണാൻകുഞ്ഞിന്റെ നിസ്സഹായത കണ്ട് ലോങ്ങോ അവനെ ഒപ്പം കൂട്ടി. ഓമനപ്പേരിട്ടു വീട്ടിൽ വളർത്തി. ഇത്തരത്തിൽ മുന്നൂറിലേറെ ജീവികളെ സംരക്ഷിക്കുന്നുണ്ട് ലോങ്ങോയും ഭാര്യ ഡാനിയേലയും.
സമൂഹമാധ്യമങ്ങളിൽ തരംഗം തീർത്ത ‘പീനട്ട്’ ആരാധകമനസ്സുകളിലേക്കു ചാടിക്കയറി. ടിക്ടോക് വിഡിയോകളിൽ അവന്റെ കുറുമ്പുകൾ നിറഞ്ഞു. ഇൻസ്റ്റഗ്രാമിൽ അവനെ അഞ്ചുലക്ഷത്തിലേറെപ്പേരാണ് പിന്തുടരുന്നത്.
പരിസ്ഥിതി സംരക്ഷണ വകുപ്പിനു ലഭിച്ച അജ്ഞാതപരാതികളാണ് ‘പീനട്ടി’നു വിനയായത്. മനുഷ്യരെ കടിച്ചാൽ പേവിഷബാധയുണ്ടാകുമെന്നായിരുന്നു പരാതി. പിടികൂടുന്നതിനിടെ അധികൃതരിലൊരാളെ ‘പീനട്ട്’ കടിക്കുകയും ചെയ്തു. ഒടുവിൽ പേവിഷബാധയുണ്ടോയെന്നു സ്ഥിരീകരിക്കാൻ ദയാവധം നടത്തുകയായിരുന്നെന്ന് അധികൃതർ അറിയിച്ചു.
ദയാവധം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഒപ്പുശേഖരണം നടന്നിരുന്നു. ‘പീനട്ടി’നൊപ്പം ലോങ്ങോയുടെ വീട്ടിൽനിന്നു പിടിച്ച ‘ഫ്രെഡ്’ എന്ന റാക്കൂണിനെയും (വടക്കേ അമേരിക്കയിൽ കണ്ടുവരുന്ന സസ്തനി) ദയാവധത്തിനു വിധേയമാക്കി.