വെടിനിർത്തൽ: മോസ്കോ ചർച്ച പ്രതീക്ഷാജനകം എന്ന് ട്രംപ്

Mail This Article
മോസ്കോ ∙ യുഎസ് മുന്നോട്ടുവച്ച 30 ദിവസത്തെ വെടിനിർത്തൽ പദ്ധതി സംബന്ധിച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപിനു റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ സന്ദേശം അയച്ചു. മോസ്കോ സന്ദർശിച്ച ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫിനാണു സന്ദേശം കൈമാറിയത്. വെടിനിർത്തൽ പദ്ധതിയോടു യോജിക്കുമ്പോഴും ചില പ്രശ്നങ്ങൾ പരിഹരിക്കാതെ കരാറിലെത്താൻ തിടുക്കപ്പെടേണ്ടതില്ലെന്ന നിലപാടിലാണു പുട്ടിൻ. പുട്ടിന്റെ പ്രസ്താവന പ്രതീക്ഷാജനകമാണെന്നു പ്രതികരിച്ച ട്രംപ്, മോസ്കോയിലെ ചർച്ച ഫലപ്രദമായെന്നും പറഞ്ഞു.
എന്നാൽ, ഇരുനേതാക്കളും തമ്മിൽ ഫോൺ സംഭാഷണമുണ്ടായില്ലെന്നാണ് വിവരം. പുട്ടിൻ വെടിനിർത്തൽ വൈകിപ്പിക്കാനാണു ശ്രമിക്കുന്നതെന്നു യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി പറഞ്ഞു. വെടിനിർത്തലിനു മുന്നോടിയായി കർസ്കിലുള്ള യുക്രെയ്ൻ സേനയോട് കീഴടങ്ങാൻ പുട്ടിൻ വ്യാഴാഴ്ച ആവശ്യപ്പെട്ടിരുന്നു. ഇവിടെ യുദ്ധം ശക്തമായേക്കുമെന്ന സൂചന നൽകി, കർക്സിനോടു ചേർന്നുള്ള യുക്രെയ്നിന്റെ സുമി മേഖലയിലെ 8 ഗ്രാമങ്ങളിൽനിന്നുള്ള ജനങ്ങളെ ഒഴിപ്പിക്കാൻ തുടങ്ങി.