ADVERTISEMENT

കാലവർഷം വന്നില്ല. അതിനു മുൻപേ ഉരുണ്ടുകൂടിയ ക്ലൗഡ്സ് വേനൽമഴയായി, പൂമഴയായി, സ്പ്രിങ്ക്ളറായി പെയ്തൊഴിഞ്ഞു. ഇതിനിടെ ഡാറ്റായൊക്കെ ഏതോ ഓവുചാലുകളിലേക്ക് ഒലിച്ചുപോയിരിക്കുന്നു.‘ബ്രേക് ദ് ചെയിൻ’ എന്നതാണു സിഎമ്മിന്റെ മുഖ്യ അജൻഡ തന്നെ.  ഇതോടെ സ്പ്രിങ്ക്ളർ വിവാദത്തിന്റെ ചങ്ങല മുറിഞ്ഞു. ഇനി എല്ലാം ശിവശങ്കരനായി.  ശിവ, ശിവ!  

 

അപ്പോഴിതാ പുതിയ ആപ്പുമായി വേറൊരു വിവാദ ലഹരി മൂത്തുലയുന്നു!  വിദേശമദ്യം ഇന്ന്, നാളെ, മറ്റന്നാൾ എന്നു പറഞ്ഞു കൊതിപ്പിക്കാൻ തുടങ്ങിയിട്ടു നാളെത്രയായി. പാവപ്പെട്ടവന്റെ തൊണ്ട വറ്റിവരണ്ടു. പണക്കാരും സ്വാധീനമുള്ളവരും നല്ല മുന്തിരിങ്ങയും മധുരനാരങ്ങയും ഈസ്റ്റ് കൂട്ടി ഭരണിയിലിട്ടു പ്രഷർ കുക്കർവഴി കൊഴമ്പൻ സാധനം ഉണ്ടാക്കി എല്ലാ വൈകുന്നരങ്ങളിലും കഴിച്ചു കൊണ്ടിരിക്കുകയാണെ ന്നാണല്ലോ എക്സൈസ് ഉദ്യോഗസ്ഥരുടെ റിപ്പോർട്ട്.  ഇനി മദ്യം എന്നു കിട്ടിത്തുടങ്ങിയാലും മദ്യത്തിനു വില എത്ര കൂട്ടിയാലും സമ്പന്നവർഗത്തിനു നോ പ്രോബ്ളം. അവർക്കിനി മെയ്‍ഡ് ഇൻ ഹോം ഉണ്ടല്ലോ.

bevco-app-cartoon
വര : സജീവ് സെബാസ്റ്റ്യൻ

 

 

പാവപ്പെട്ടവനോ?  വല്ല വാഷോ ശർക്കരയോ വാങ്ങി അൽപം വാറ്റുണ്ടാക്കിയാൽ പത്രത്തിൽ പടം വരും;  കൂടെ ജയിൽശിക്ഷയും പിഴയും!  ആ പൊല്ലാപ്പിനൊന്നും പോകേണ്ടന്നു കരുതി എത്ര നേരം വേണമെങ്കിലും ബവ്റിജിനു മുന്നിൽ ക്യൂ നിൽക്കാൻ സന്നദ്ധരായവരെയാണു സർക്കാർ കുരങ്ങു കളിപ്പിക്കുന്നത്. 

 

 

മാത്രമോ? പുതിയ മദ്യനയം അനുസരിച്ച് ഈ ആപ്പഊപ്പകൾക്കൊന്നും കടകൾ തുറന്നാലും സാധനം കിട്ടിയെന്നു വരില്ല. കാരണം, കുപ്പി കിട്ടണമെങ്കിൽ ആപ് വേണം. ആപ്പിനു ഫോൺ വേണം. ആപ് കിട്ടണമെങ്കിൽ സ്മാർട്ട് ഫോണുകൾതന്നെ വേണം. എത്ര പാവപ്പെട്ട കുടിയന്മാരുടെ പക്കൽ ഇത്തരം ഫോൺ കാണും?  അതുണ്ടെങ്കിലേ, പ്ലേ സ്‌റ്റോറിൽ പോകാനും ആപ് ഡൗൺലോഡ് ചെയ്യാനും പറ്റൂ.  അത് അറിയുന്നവനേ രക്ഷയുള്ളൂ. അത് ഉണ്ടായാലേ തനിക്കുള്ള കുപ്പി ബാറിലാണോ കടയിലാണോയെന്നു കൺസ്യൂമർക്ക് അറിയൂ. അതേ, അപ്പോഴേ ‘നിങ്ങൾ ക്യൂവിലാണെന്ന’ തിരുമൊഴി കേൾക്കൂ. എസ്എംഎസ് അടിച്ചാലും സാധനം കിട്ടുമെന്നതാണു പുതിയ ഇളവ്. എന്നാലും ഫോൺ ഇല്ലെങ്കിൽ സർക്കാരിന്റെ മദ്യം കൈകൊണ്ടു തൊടാൻ  പറ്റില്ലെന്നു സാരം. 

 

ഈ സർക്കാരിന്റെ ധനവകുപ്പ് നിലനിൽക്കുന്നതുതന്നെ (സർക്കാർ ജീവനക്കാർക്കു ശമ്പളം നൽകുന്നതാണല്ലോ പ്രധാന ധനകാര്യപ്രവർത്തനം)  മദ്യ–ലോട്ടറി ടിക്കറ്റ് വിൽപന കൊണ്ടാണെന്ന് ആർക്കാണ് അറിയാത്തത്്? കൂലിയായിട്ടായാലും ധനസഹായമായിട്ടായാലും പണം കിട്ടിയാൽ നല്ലൊരു ഭാഗം ധനമന്ത്രിക്കു തിരിച്ചു നൽകുന്നവരാണ് ഇവർ. ബവ്റിജിൽനിന്ന് ഒരു പൈന്റ് ജവാനും ലോട്ടറി വിൽപനക്കാരിൽനിന്നു രണ്ടോ മൂന്നോ ടിക്കറ്റും വാങ്ങി ഹാപ്പിയായി വീടുകളിലേക്കു പോകുന്ന ഇവരെ ഇങ്ങനെ തീ തീറ്റിക്കണോ?

 

മദ്യവിൽപന ഇങ്ങനെ നീട്ടുന്നത് ആപ് ശരിയാവാത്തതുകൊണ്ടാണുപോലും!  ഈ ആപ്പുകൊണ്ട് ആർക്കാ നേട്ടം?  ഒരു കുപ്പിക്ക് 50 പൈസ നേർച്ചക്കാശായി കിട്ടുന്ന ആപ്പുകാർക്കും ആ ആപ്പിൽ സർക്കാരിനെത്തന്നെ ആപ്പിലാക്കിയവർക്കുമല്ലാതെ വേറെ വല്ലവർക്കും വല്ല ഗുണവുമുണ്ടോ?  ഓരോ മലയാളി ഓരോ കുപ്പി (750 മില്ലി) വാങ്ങുമ്പോഴും ആപ്പുണ്ടാക്കിയവന്റെ നേർച്ചപ്പെട്ടിയിൽ 50 പൈസ വീഴുന്നു.  900 കേന്ദ്രങ്ങളിലായി (ബവ്റിജ് കടകളും ബാറുകളും) ദിനംപ്രതി വിറ്റുപോകുന്ന ലക്ഷക്കണക്കിനു കുപ്പികൾ വിറ്റാലുള്ള ആപ്പുകാർക്കുള്ള നിത്യേനയുള്ള ലാഭം എത്ര? ആ ‘ആപ്പ് ഭാഗ്യനിധി’ ആരപ്പാ?

 

ഈ ആപ്പിനെപ്പറ്റി ധനകാര്യമന്ത്രി ഐസക് സാറിന്റെ കമന്റ് കൂടി നമുക്കു ചേർത്തുവായിക്കാം.  ആ കമന്റ്:  ആപ്പിനെപ്പറ്റി ഞാനൊന്നും പറയുന്നില്ല.  ആ പണം ഞങ്ങൾക്കു വേണ്ട.  നാടാകെ ശക്തമായ തോതിൽ വാറ്റു നടക്കുകയല്ലേ?  അതൊഴിവായി കിട്ടുമല്ലോ?  

 

ഐസക് സാറേ, ആപ്പില്ലാതെ നാട്ടിൽ കള്ളുകച്ചവടം നടക്കില്ലെന്ന് അങ്ങേയ്ക്ക് നെഞ്ചിൽ കൈവച്ച് ഉറപ്പിച്ചു പറയാനാവുമോ?  തുറക്കുന്ന ഒരു ദിവസം (മാക്സിമം ഒരാഴ്ച) ചിലപ്പോൾ തിക്കും തിരക്കും കാണും.  900 കേന്ദ്രങ്ങൾ ഉള്ളതല്ലേ, അവിടെ ഒരാഴ്ച തൊപ്പിവച്ച രണ്ടു പൊലീസുകാരെ വീതം നിർത്തിയാൽ തീരുന്ന പ്രശ്നമല്ലേയുള്ളൂ സഖാവേ? മാത്രമല്ല, എത്ര ദിവസത്തെ കള്ളുകച്ചവടമാണ് ഇതുമൂലം ഇല്ലാതായത്? അതിന്റെ കണക്കു കൂട്ടിനോക്കിയോ?  

 

സിഎമ്മേ, അങ്ങ് എത്ര ഭംഗിയായി കൊറോണ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നു. അതിനിടെ പേരുദോഷം വരുത്തുന്ന ഇത്തരം കുണ്ടാമണ്ടികളും‍ കണ്ടില്ലെന്നു നടിക്കരുത്. നമുക്ക് ഒരു ആപ്പും വേണ്ട, കോപ്പും വേണ്ട. നാളെത്തന്നെ ബവ്കോ കടകളും ബാറുകളും തുറന്നു സാമൂഹിക അകലം പാലിച്ചു സാധനം വിൽക്കാൻ അങ്ങ് ഉത്തരവിടണം. ഓരോ കുപ്പിയും വിറ്റാൽ  ആപ്പിനു നൽകുന്ന 50 പൈസ കോവിഡ് ദുരിതാശ്വാസ നിധിയിലേക്കു പോരട്ടെ. സിഎം ഇങ്ങനെയൊന്നു പ്രഖ്യാപിച്ചു നോക്കൂ; ‌ഞങ്ങളെല്ലാം കൈയടിക്കും.

 

English Summary : BevQ App

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com