ADVERTISEMENT

ഫ്രഷ് മീൻ പ്രത്യേകിച്ച് നല്ല ഉണക്കമീൻ കിട്ടുന്ന സ്ഥലമാണ് തിരുവനന്തപുരത്തെ പാളയം മാർക്കറ്റ്. രാവിലെ പാളയം മാർക്കറ്റിൽ പോയി നാടൻ പച്ചക്കറികളും മീനും വാങ്ങി രുചിക്കൂട്ടൊരുക്കുന്ന വിഡിയോയുമായി പാചകവിദഗ്ധ ലക്ഷ്മി നായർ. പണ്ട് കേറ്ററിങ് ആവശ്യത്തിന് സ്ഥിരമായി അതിരാവിലെ പാളയം മാർക്കറ്റിൽ പോയിരുന്നതിന്റെ ഓർമ്മകളും ലക്ഷ്മി നായർ പങ്കുവച്ചു. അവിടെ ചെറിയ കടകളിലെ പലരും സുഹൃത്തുക്കളാണ്. പോകുന്ന വഴിയിലെല്ലാം കുശലം പറഞ്ഞും ചോദിച്ചുമാണ് ലക്ഷ്മി നായരുടെ യാത്ര. ഉണക്കമീൻ വാങ്ങിക്കാൻ ഏറ്റവും നല്ല സ്ഥലമാണ് പാളയം മാർക്കറ്റ്, വാങ്ങിക്കുമ്പോൾ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. മീൻ രണ്ടായി പിളർന്ന് ഉണക്കിയെടുക്കുന്നതാണ് ഏറ്റവും മികച്ചത്.

 

വിലചോദിച്ചും ചിലപ്പോൾ വിലപേശിയുമാണ് സാധനങ്ങൾ മേടിക്കുന്നത്. ‘വില കൂടുതലാണ്, കുറച്ച് തരൂ’ എന്ന് പറയുമ്പോൾ പലപ്പോഴും ചീത്തയും കിട്ടാറുണ്ട്. ഇതൊക്കെ മാർക്കറ്റ് ലൈഫിന്റെ ഭാഗമാണ്. ചിലർക്കു വില പേശുന്നത് ഇഷ്ടമല്ല. അതൊക്കെ ശീലമാണ്. 

 

മാർക്കറ്റിൽ നിന്നും മേടിച്ച നാടൻ വിഭവങ്ങൾ കൊണ്ട് തയാറാക്കിയ രണ്ടു രുചിക്കൂട്ടുകൾ ഇതാ.

 

കപ്പ വന്‍പയർ തോരൻ

ചേരുവകൾ

  • കപ്പ
  • വന്‍പയർ
  • മഞ്ഞൾപൊടി– 1/2 ടീസ്പൂൺ
  • ഉപ്പ് – പാകത്തിന്
  • തേങ്ങ ചിരകിയത് – 1കപ്പ്
  • ജീരകം – 3/4 ടീസ്പൂൺ
  • പച്ച മുളക് – 1 എണ്ണം
  • മഞ്ഞൾപൊടി– 1/4 ടീസ്പൂൺ
  • കശ്മീരി മുളകു പൊടി – 3/4 ടീസ്പൂൺ
  • വെളുത്തുള്ളി – 2 അല്ലി
  • വെളിച്ചെണ്ണ – 1 1/2 ടേബിൾ സ്പൂൺ
  • കടുക് – 1 ടീസ്പൂൺ
  • കറിവേപ്പില
  • വറ്റൽ മുളക് – 3 എണ്ണം
  • വെളിച്ചെണ്ണ – 1 1/2 ടീസ്പൂൺ
  • കറിവേപ്പില 

 

തയാറാക്കുന്ന വിധം

 

ചെറിയ ചതുരക്കഷണങ്ങളാക്കിയ കപ്പ കഴുകി വൃത്തിയാക്കിയതിനു ശേഷം ഒരു പാത്രത്തിൽ ആവശ്യത്തിന് വെള്ളം ഒഴിച്ച് കപ്പയും അര ടീസ്പൂൺ മഞ്ഞൾ പൊടിയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് വേവിക്കുക. തിള വന്നശേഷം കപ്പ പാത്രത്തിൽ നിന്നും ഊറ്റി എടുക്കുക. തലേ ദിവസം വെള്ളത്തിലിട്ട വൻപയർ രാവിലെ ഒരു കൽചട്ടിയിൽ വേവിച്ച് ഊറ്റി മാറ്റി വയ്ക്കുക. ഇനി തോരനുള്ള അരപ്പ് റെ‌‍‍‌‍ഡിയാക്കാം അതിനായി ഒരു കപ്പ് തേങ്ങ ചിരകിയതും മുക്കാൽ ടീസ്പൂൺ നല്ല ജീരകം ഒരു വലിയ പച്ചമുളക് രണ്ടായി മുറിച്ചതും കാൽ ടീസ്പൂൺമഞ്ഞൾപ്പൊടി മുക്കാൽ ടീസ്പൂൺ മുളകു പൊടി രണ്ടു വലിയ അല്ലി വെളുത്തുള്ളിയും കൂടി തോരന്റെ പാകത്തിന് ചതച്ചെടുക്കുക. ഒരു ചട്ടിയിൽ ഒന്നര ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു ചൂടായ ശേഷം ഒരു ടീസ്പൂൺ കടുക് കറിവേപ്പില മൂന്ന് വറ്റൽ മുളക് മുറിച്ചത് എന്നിവ ഇട്ടു കൊടുക്കുക. ഇതിലേക്ക് വേവിച്ച് ഊറ്റി വച്ചിരിക്കുന്ന കപ്പയും വൻപയറും കൂടി ചേർത്ത് മിക്സ് ചെയ്ത് അതിന്റെ നടുക്കായി അരച്ചു വച്ചിരിക്കുന്ന അരപ്പും ഉപ്പും കൂടി ചേർത്ത് ഒന്നു തട്ടിപ്പൊത്തി വച്ച ശേഷം പാത്രം അടച്ചു വച്ചു ആവി കയറ്റുക. ആവി വന്നശേഷം ഒന്നിളക്കി എടുക്കുക. കുഴ‍ഞ്ഞു പോകാതെ സൂക്ഷിച്ച് വേണം ഇളക്കാൻ. ഇനി ഇതിനു മുകളിലായി ഒന്നര ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. കുറച്ചു കറിവേപ്പില ഇതിനു മുകളിലായി വിതറി കൊടുക്കാം. ചെറിയ തീയിൽ അഞ്ചു മിനിറ്റ് നേരം വയ്ക്കുക. ഇടയ്ക്കിടയ്ക്ക് ഒന്നിളക്കി കൊടുക്കുകയും വേണം. 

 

 

മാങ്ങാ പച്ചടി

  • മാങ്ങ (ചെറുതായി അരിഞ്ഞത്) – 11/2 കപ്പ്
  • കശ്മീരി മുളകു പൊടി– 1 1/2 ടീസ്പൂൺ + 1/2 ടീസ്പൂൺ
  • ഉപ്പ് – പാകത്തിന്
  • തൈര് – 1 കപ്പ്
  • വെള്ളം – 1/4 കപ്പ്
  • വെളിച്ചെണ്ണ – 1 1/2 ടേബിൾ സ്പൂൺ
  • കടുക് – 1 ടീസ്പൂൺ
  • ചെറിയ ഉള്ളി – 5 എണ്ണം
  • കറിവേപ്പില 
  • വറ്റൽ മുളക് – 3 എണ്ണം

 

തയാറാക്കുന്ന വിധം

അധികം പുളിയില്ലാത്ത മാങ്ങ അച്ചാറിന് അരിയുന്നതു പോലെ ചെറുതായി അരിഞ്ഞെടുക്കുക. ഇതിലേക്ക് ഒന്നര ടീസ്പൂൺ കശ്മീരി മുളകു പൊടിയും ആവശ്യത്തിന് ഉപ്പും ഇട്ട് കൈ കൊണ്ട് നന്നായി തിരുമ്മി യോജിപ്പിക്കുക. വീണ്ടും അര ടീസ്പൂൺ മുളകു പൊടികൂടി ചേർക്കുന്നു. അതിനു ശേഷം ഒരു പാത്രത്തിൽ അധികം പുളിയില്ലാത്ത ഒരു കപ്പ് തൈര് എടുത്ത് ഉടച്ചെടുക്കുക. മാങ്ങാ മിക്സിലേക്ക് തൈര് കുറേശ്ശെ കുറേശ്ശെ ഒഴിക്കുക. തൈരെടുത്ത പാത്രത്തിൽ കാൽ കപ്പ് വെള്ളം കൂടി ഒഴിച്ച് വീണ്ടും മിക്സ് ചെയ്യുക. ഇനി ഇതൊന്നു താളിക്കാം. അതിനായി ഒരു പാനിൽ ഒന്നരടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു ചൂടായ ശേഷം ഒരു ടീസ്പൂൺ കടുകും അഞ്ചു ചെറിയ ഉള്ളി നീളത്തിൽ കനം കുറച്ച് അരിഞ്ഞതും കറിവേപ്പിലയും ചേർത്ത് നന്നായി വഴറ്റി മൂപ്പിക്കുക. അതിനുശേഷം മൂന്ന് വറ്റൽ മുളക് രണ്ടായി മുറിച്ച് ചേർക്കുക. ഇനി ഇതു ചൂടോടു കൂടി പച്ചമാങ്ങാ പച്ചടിയിലേക്ക് ഒഴിച്ചു ഇളക്കിയെടുക്കുന്നു.

 

English Summary : Lekshmi Nair visit at the Connemara Market, Palayam to buy fresh produce and make a special nadan lunch.

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com